Thursday, 28 April 2016

വിവരാവാകാശം അട്ടിമറിക്കപ്പെടുമ്പോള്‍

RTI Online.IN-ന്റെ ഫേയ്സ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചത്.

വിജിലന്‍സ് വിജ്ഞാപനം: കണ്ണടച്ച് ഇരുട്ടാക്കി സര്‍ക്കാര്‍.
മന്ത്രിമാരുടെ അഴിമതിക്കഥകള്‍ ഇപ്പോഴും വിവരാവകാശ പരിധിക്ക് പുറത്ത്.



          ഉന്നതരുടെ അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം പൗരന് നല്കുന്നതില്‍നിന്നും അന്വേഷണ ഏജന്‍സിയെ ലോകത്താദ്യമായി വിലക്കിയ മുഖ്യമന്ത്രി എന്ന പേരിലാകും ശ്രീ ഉമ്മന്‍ചാണ്ടി ലോകചരിത്രത്തില്‍ഇടം പിടിക്കുക. ഡിഫന്‍സ്, റോ തുടങ്ങിയ വിവരാവകാശ നിയമത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട രാജ്യസുരക്ഷാ ഏജന്‍സികളില്‍ നിന്ന് വരെ അഴിമതിയേയും മനുഷ്യാവകാശ ലംഘനങ്ങളേയും സംബന്ധിച്ച വിവരം ലഭിക്കും. പക്ഷെ, മന്ത്രിമാര്‍, മുന്‍മന്ത്രിമാര്‍, നിയമസഭ, പാര്‍ലമെന്‍റ് അംഗങ്ങള്‍, സിവില്‍സര്‍വിസ് ഉദ്യോഗസ്ഥര്‍തുടങ്ങിയവരുടെ അഴിമതി സംബന്ധിച്ച വിവരം സംസ്ഥാന വിജിലന്‍സ് & ആന്റി കറപ്ഷന്‍ബ്യൂറോയില്‍നിന്നും ഇനി മുതല്‍ലഭിക്കില്ല. വിവാദമായതിനെ തുടര്‍ന്ന്, ഈ ഉത്തരവ് പിന്‍വലിച്ചു എന്ന് പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ക്രെഡിറ്റും മുഖ്യമന്ത്രിക്ക് സ്വന്തം. എന്നാല്‍ ഈ ഉത്തരവ് ഇപ്പോഴും അതേപടി നിലനില്‍ക്കുന്നു എന്നതാണ് സത്യം.

ആദ്യം അവര്‍ നമ്മെ കഴുതയാക്കി; ഇപ്പോഴവര്‍ നമ്മെ പൊട്ടനുമാക്കി.
       വിജിലന്‍സ് & ആന്റി കറപ്ഷന്‍ബ്യൂറോയിലെ 'ടി' സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്നും ഒഴിവാക്കിക്കൊണ്ട് 27.01.2016-ലാണ് സര്‍ക്കാര്‍വിജ്ഞാപനം ഇറക്കിയത്. [G.O.(P) No. 7/2016/GAD]. മന്ത്രിമാര്‍, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെയെല്ലാം അഴിമതിക്കേസുകള്‍ അന്വേഷിക്കുന്ന 'അതീവരഹസ്യ' സ്വഭാവമുള്ള സെക്ഷനാണ് 'ടി' സെക്ഷന്‍. അമ്പതോ നൂറോ രൂപ കൈക്കൂലി വാങ്ങുന്ന പ്യൂണിന്റെ വിവരങ്ങള്‍വിവരാവകാശ നിയമപ്രകാരം ലഭിക്കും എന്നാല്‍നൂറ് കോടി രൂപയുടെ അഴിമതി നടത്തിയ മന്ത്രിയുടെ വിവരം ലഭിക്കില്ല. കാരണം ഉന്നതന്റെ അഴിമതി അതീവ രഹസ്യമാണ്. സര്‍ക്കാര്‍ഉത്തരവിന്റെ തുടര്‍ച്ചയായി വിജിലന്‍സ് ഡയറക്റ്റര്‍ഒരു വിശദീകരണ കുറിപ്പ് പുറത്തിറക്കിയിരുന്നു. ഉത്തരവ് വന്‍വിവാദമായപ്പോള്‍ഈ വിശദീകരണ കുറിപ്പ് മാത്രം അങ്ങ് പിന്‍വലിച്ചു. വിജ്ഞാപനം പിന്‍വലിച്ചെന്ന രീതിയില്‍വാര്‍ത്ത സൃഷ്ടിച്ച് പൊതുജനത്തെ പൊട്ടനാക്കുക എന്നതായിരുന്നു ലക്‌ഷ്യം. ഒരു പരിധിവരെ സര്‍ക്കാര്‍അതില്‍വിജയിക്കുകയും ചെയ്തു. പുറത്ത് വിടാന്‍ആഗ്രഹിക്കാത്ത വിജിലന്‍സിലെ വിവരങ്ങള്‍ഇനി മുതല്‍എളുപ്പത്തില്‍'ടി' സെക്ഷനിലേക്ക് മാറ്റാന്‍സര്‍ക്കാരിനാകും; അതുവഴി എക്കാലവും രഹസ്യമായി സൂക്ഷിക്കാനും.

നിരത്തുന്നത് ബാലിശമായ കാരണങ്ങള്‍
 വിജിലന്‍സ് 'ടി' സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്നൊഴിവാക്കാന്‍സര്‍ക്കാര്‍നിരത്തുന്നത് അങ്ങേയറ്റം ബാലിശമായ ന്യായങ്ങളാണ്. പരാതിക്കാരുടെ വിവരം വെളിപ്പെടുത്തുന്നത് പരാതിക്കാരന്റെ സുരക്ഷിതത്വത്തെ ബാധിക്കും. ഉന്നതർക്കെതിരെ പരാതിപ്പെട്ടവർ പീഡിപ്പിക്കപ്പെട്ട സംഭവങ്ങളുണ്ട് എന്നൊക്കെ. പെട്ടന്ന്‍കേള്‍ക്കുമ്പോള്‍ആര്‍ക്കും ശരിയെന്ന് തോന്നാം. പരാതിക്കാരുടെ ജീവന് ഭീഷണി ഉണ്ടാകും എന്ന് പറഞ്ഞ് അഴിമതി അന്വേഷിക്കുന്ന ഏജന്‍സിയെ തന്നെ അങ്ങ് ഒഴിവാക്കുകയാണോ ചെയ്യേണ്ടത്. തീര്‍ച്ചയായും അതല്ല വേണ്ടത് എന്ന് ഒരു സാധാരണക്കാരന്റെ സാമാന്യബുദ്ധിയ്ക്ക് പോലും ചിന്തിക്കാനാകും.

    ഇത്തരം കേസുകളില്‍ യാതൊരു കാരണവശാലും പരാതിക്കാരുടേയും സാക്ഷികളുടേയും പേര്-വിവരങ്ങള്‍വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താന്‍പാടുള്ളതല്ല. എന്നാല്‍അപ്രകാരം വിജിലന്‍സ് വെളിപ്പെടുത്തി എന്നും അതിനാല്‍പരാതിക്കാര്‍പീഡിപ്പിക്കപ്പെട്ടു എന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. സത്യത്തില്‍വിവരാവകാശ നിയമം തന്നെ ഈ പ്രശ്നത്തിനു പരിഹാരം നിര്‍ദ്ദേശിക്കുന്നുണ്ട്. അഴിമതിക്കേസിലെ പരാതിക്കാരുടേയും സാക്ഷികളുടേയും പേര് വിവരങ്ങള്‍ഒഴിവാക്കിയുള്ള പരാതിയുടേയും ബന്ധപ്പെട്ട രേഖകളുടേയും പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം നല്കുക എന്നതാണ് ഏറ്റവും ഉചിതമായത്. വിവരാവകാശ നിയമത്തിലെ സെക്ഷന്‍10 ഇതിന് വ്യവസ്ഥ ചെയ്യുന്നു.

     വിവരങ്ങൾ ചോരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് സര്‍ക്കാരിന്റെ മറ്റൊരു ന്യായം. എന്നാല്‍അന്വേഷണം തടസ്സപ്പെടുത്തുന്ന വിവരം നല്‍കേണ്ടതില്ല എന്ന് വിവരാവകാശ നിയമത്തിന്റെ ചട്ടങ്ങളില്‍തന്നെയുണ്ട്‌. അത്തരം വിവരം വിജിലന്‍സ് നല്‍കാറുമില്ല. എന്നാല്‍, സര്‍ക്കാരിന്റെ സ്ഥാപിത താല്പര്യങ്ങള്‍നിയമത്തെ അട്ടിമറിക്കുന്നതാണ് നമ്മള്‍കണ്ട് കൊണ്ടിരിക്കുന്നത്.


 ആദ്യം ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ

  വിവരാവകാശ നിയമപ്രകാരം ഇനി മുതല്‍കുറ്റകൃത്യങ്ങളുടെയും വാഹനാപകടങ്ങളുടേയും കണക്കുകള്‍ നല്കേണ്ടതില്ല എന്ന് ഏതാനും ആഴ്ചകള്‍മുന്‍പ്, സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ തീരുമാനം എടുത്തിരുന്നു. വിവരാവകാശത്തിന്റെ പരിധിയില്‍നിന്നും ബ്യൂറോയെ സര്‍ക്കാര്‍ഒഴിവാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഒഴിവാക്കപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ഉള്ള FIR-ന്റെ പകര്‍പ്പ് വിവരാവകാശ പ്രകാരം പൊതുജനങ്ങള്‍ക്ക് നല്‍കേണ്ടതില്ല എന്ന് സംസ്ഥാന പോലീസ് മേധാവിയും ഫെബ്രുവരിയില്‍ ഉത്തരവ് ഇറക്കിയിരുന്നു. അന്നൊന്നും അധികമാരും പ്രതികരിച്ചില്ല. അതിന് തൊട്ട് പിന്നാലെയാണ് വിജിലന്‍സിലെ 'ടി' സെക്ഷനെ ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് വന്നത്.

    സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമനം അനിശ്ചിതമായി നീട്ടിയതും ഒടുവില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന്‍ കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍നിര്‍ബന്ധിതരായപ്പോള്‍ എല്ലാ ഉത്തരവുകളും കാറ്റില്‍പറത്തി കമ്മീഷണര്‍മാരുടെ ഒഴിവുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി വീതം വെച്ചതും എല്ലാം കേവലം യാദൃശ്ചിക സംഭവങ്ങളാണ് എന്ന് പറയുക വയ്യ. വിവരാവകാശ നിയമത്തെ തകര്‍ക്കാന്‍ആസൂത്രിതമായ ഒട്ടേറെ ശ്രമങ്ങള്‍നടക്കുന്നുണ്ട് . നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ ഇക്കാര്യത്തില്‍ഒറ്റക്കെട്ടാണ്. പൊതുജനത്തിന്റെ ആവനാഴിയിലെ അവസാനത്ത ആയുധമാണ് വിവരാവകാശ നിയമം. മൂര്‍ച്ചയൊട്ടും കുറയാതെ അത് കാത്ത് സൂക്ഷിക്കേണ്ടത് നാമോരോരുത്തരുടേയും കടമയാണ്.

No comments:

Post a Comment