Thursday 28 April 2016

വിവരം ലഭിക്കാനുള്ള അറ്റകൈ പ്രയോഗം

സര്‍ക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന്‍ വിവരാവകാശ നിയമം അട്ടിമറിക്കുവാന്‍ എല്ലാവിധ ശ്രമവും നടത്തുന്നതിനാല്‍, വിവരം ലഭിക്കാന്‍ ഒരു അറ്റകൈ പ്രയോഗം.

സാര്‍ ,
       എന്റെ വിവരാവകാശ അപേക്ഷയ്ക്ക് സത്യസന്ധമായി വിവരം തന്ന ഒരു ഓഫീസര്‍ക്ക് ഒരു മാസം മുന്പ് ലോട്ടറി അടിച്ചു. സമയത്ത് എനിക്ക് വിവരം തരാതിരുന്ന ഒരു ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ വാഹനം അപകടത്തില്‍ പെടുകയും അദ്ദേഹത്തിന്റെ ഒരു കൈ ഒടിയുകയും ചെയ്തു. ആവശ്യപ്പെട്ട വിവരം നിഷേധിച്ച മറ്റൊരു PIO-യുടെ മകളുടെ വിവാഹം മുടങ്ങി. അപേക്ഷ ബന്ധപ്പെട്ട വകുപ്പിലേക്ക് കൃത്യമായി കൈമാറാതിരുന്ന ഒരു PIO-യെ ഓഫീസിലേക്ക് വരുന്ന വഴിയില്‍ തെരുവ്നായകള്‍ ഓടിച്ചിട്ട് കടിച്ചു.

   വിവരം നല്കുന്നതിന് അമിത ഫീസ്‌ ആവശ്യപ്പെട്ട ഒരു PIO-യുടെ വീട്ടില്‍ കള്ളന്‍ കയറി പണവും പണ്ടങ്ങളും അപഹരിച്ചു കൊണ്ട് പോയി. അകാരണമായി രേഖ പരിശോധിക്കാന്‍ അപേക്ഷകനെ ഓഫീസില്‍ വിളിച്ച് വരുത്തിയ ഒരു ഓഫീസര്‍ തിരികെ വീട്ടില്‍ പോകുന്ന വഴി സ്ലാബ് തകര്‍ന്ന്‍, ഒരാള്‍ താഴ്ചയുള്ള ഓടയില്‍ വീണു. അപേക്ഷകനോട് മോശമായി പെരുമാറിയ ഒരു PIO-യേയും ഭാര്യയേയും 'സദാചാര പോലീസുകാര്‍' പിടികൂടി വീണ്ടും കെട്ടിച്ചു. എന്റെ അപേക്ഷ അലക്ഷ്യമായി കൈകാര്യം ചെയ്ത ഒരു ജീവനക്കാരനെ ചിലര്‍ ചേര്‍ന്ന്‍ പാകിസ്ഥാനിലേക്ക് നാട് കടത്തി. വിജിലന്‍സ് അന്വേഷണ വിവരം പരമരഹസ്യമാണ് എന്ന് പറഞ്ഞ് നിഷേധിച്ച, ഒരു PIO-യുടെ കാമുകിയുമായുള്ള രഹസ്യ സംഭാഷണം പുറത്തായി.
   
   ഇതൊന്നും താങ്കള്‍ക്ക് സംഭവിക്കാതിരിക്കാന്‍ ഇതോടൊപ്പമുള്ള എന്റെ അപേക്ഷയിലാവശ്യപ്പെട്ട എല്ലാ വിവരങ്ങളും കൃത്യമായി നല്കണമെന്ന് അഭ്യര്‍ഥിക്കുന്നു..

No comments:

Post a Comment