Saturday 8 July 2017

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാന്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാന് പരാതി നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
          പഞ്ചായത്ത്, നഗരസഭ,  കോര്‍പ്പറേഷന്‍ തുടങ്ങിയ ത.സ്വ.ഭ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരോ തെരഞ്ഞടുക്കപ്പെട്ട അംഗങ്ങളോ ചെയ്യുന്ന അഴിമതി, ദുര്‍ഭരണം, ക്രമക്കേട്, അധികാര ദുര്‍വിനിയോഗം, വീഴ്ച എന്നിവ അന്വേഷിക്കുന്നതിനും വിചാരണ ചെയ്യുന്നതിനുമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാന്‍ രൂപീകരിച്ചിട്ടുള്ളത്.   എന്നാല്‍ ഓംബുഡ്സ്മാന് പരാതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്താണെന്ന് പലര്‍ക്കുമറിയില്ല. സാധാരണ പരാതി നല്‍കും പോലെ  ഓംബുഡ്സ്മാന് പരാതി നല്‍കാനാവില്ല.  ഓംബുഡ്സ്മാന്  പരാതി നല്‍കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായും പൊതുജനങ്ങള്‍ ശ്രദ്ധിച്ചിരിക്കണം,

1. നിര്‍ദ്ദിഷ്ട മാതൃകയിലായിരിക്കണം പരാതി നല്‍കേണ്ടത്.  പരാതിയുടെ മാതൃക (ഫാറം A) ചുവടെ കൊടുക്കുന്നു.
2. വിവരാവകാശ അപേക്ഷയിലെ പോലെ പത്ത് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് നിര്‍ബന്ധമായും പരാതിയില്‍ പതിച്ചിരിക്കണം.
3. ടി ഫാറത്തിലെ പരാതി നമ്പര്‍ കോളം പൂരിപ്പിക്കേണ്ടതില്ല; അത് ഓഫീസ് ആവശ്യത്തിനുള്ളതാണ്. ഫാറത്തിന്‍റെ അവസാനം രണ്ട് സ്ഥലത്ത് പരാതിക്കാരന്‍ ഒപ്പിടേണ്ടതാണ്.
4. പരാതിക്കാരുടെ / എതിര്‍കക്ഷികളുടെ എണ്ണം  കൂടുതലാണെങ്കില്‍ ഫാറത്തില്‍ സ്ഥലമില്ലാത്ത പക്ഷം പ്രത്യേക പേപ്പറില്‍ ക്രമനമ്പരിട്ട് എഴുതി സമര്‍പ്പിക്കാവുന്നതാണ്.
5. ഫാറത്തില്‍ നിര്‍ദ്ദിഷ്ട കോളത്തില്‍ (ക്രമ നമ്പര്‍ 5) പരാതിയുടെ വിവരണം നല്‍കുന്നതിന് കൂടുതല്‍ സ്ഥലം ആവശ്യമാണെങ്കില്‍ വെള്ള  പേപ്പറില്‍ എഴുതി സമര്‍പ്പിക്കാവുന്നതാണ്.
6. പരാതിയില്‍ എത്ര എതിര്‍കക്ഷികളുണ്ടോ അത്രയും  പരാതിയുടെയും രേഖകളുടേയും പകര്‍പ്പുകളും കൂടാതെ രണ്ട് പകര്‍പ്പുകളും ഉണ്ടായിരിക്കേണ്ടതാണ്.  ഉദാ. പരാതിയില്‍ മൂന്ന്‍ എതിര്‍കക്ഷികള്‍ ഉണ്ടെങ്കില്‍ 5 (3 + 2)    പകര്‍പ്പ് ഹാജരാക്കേണ്ടതാണ്.
7. പരാതിക്കാരന്റെ പേരും മേല്‍വിലാസവും വ്യക്തമായി എഴുതേണ്ടതും ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവയുണ്ടെങ്കില്‍ അത് കൂടി രേഖപ്പെടുത്തേണ്ടതുമാണ്. 
8. പരാതി നേരിട്ടോ രജിസ്റ്റര്‍ ചെയ്ത തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. വിലാസം:
    Secretary
    Ombudsman For LSGI Kerala
    Saphalyam Complex, 4th Floor
    Trida Building, University P.O.
    Thiruvananthapuram - 695034
    Phone: 0471 2333542

9. ഓംബുഡ്സ്മാന് ഇ-മെയില്‍ വഴി വിവരങ്ങള്‍ അറിയിക്കാം: ombudsmanlsgi@gmail.com

     ന്യൂനത ഉള്ള പരാതികള്‍ പരാതിക്കാരന് മടക്കി അയക്കുന്നതും ന്യൂനത പരിഹരിച്ച് പതിനഞ്ച് ദിവസത്തിനകം വീണ്ടും സമര്‍പ്പിച്ചാല്‍ പരിഗണിക്കുന്നതുമാണ്. കാലതാമസം ഒഴിവാക്കാന്‍ ന്യൂനത ഉണ്ടാകാതെ ശ്രദ്ധിക്കുക. ഓംബുഡ്സ്മാനുള്ളതിനാല്‍ ത.സ്വ.ഭ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍   ലോകായുക്ത സ്വീകരിക്കില്ല എന്ന കാര്യവും അറിഞ്ഞിരിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയനിവാരണത്തിനും ആം ആദ്മി പാര്‍ട്ടി കേരളയുടെ 9495123434 എന്ന ഹെല്പ് ലൈന്‍ നമ്പരില്‍ വിളിക്കുക.