Friday 29 April 2016

രാഷ്ട്രീയപ്പാര്‍ട്ടികളും വിവരാവകാശവും

മുന്‍ വിവരാവകാശ കമ്മീഷണര്‍ ശ്രീ വി.വി ഗിരി എഴുതിയ ലേഖനം.
(കടപ്പാട് മാതൃഭൂമി പത്രം ഒക്ടോബര്‍ 27, 2014)

രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാത്രമല്ല, രാജ്യത്തെ ഉന്നത ഭരണഘടനാ സ്ഥാപനങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഏതുവിധേനയും ഒഴിഞ്ഞുമാറാനുള്ള വ്യഗ്രതയാണ് കാണിച്ചുവരുന്നത്. കോടതികളില്‍ വിവരാവകാശനിയമം നടപ്പാക്കുന്നതിന് സഹായകമായ ചട്ടങ്ങള്‍ രൂപവത്കരിക്കേണ്ടത് ബന്ധപ്പെട്ട ഹൈക്കോടതിയാണ്

ഇന്ത്യയില്‍ വിവരാവകാശ നിയമം നടപ്പില്‍വന്നിട്ട് ഒമ്പതുവര്‍ഷം തികയുകയാണ്. ലോകത്തെ അറുപതോളം രാജ്യങ്ങളില്‍ നിലവിലുള്ള, അറിയാനുള്ള അവകാശ നിയമങ്ങളില്‍ ഏറ്റവും ശക്തമായ നിയമങ്ങളിലൊന്നായാണ് നമ്മുടെ നിയമം വിലയിരുത്തപ്പെടുന്നത്. സ്വതന്ത്രാധികാരമുള്ള വിവരാവകാശ കമ്മീഷനുകളും നിയമം നടപ്പാക്കുന്നതിന് തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥരുടെമേല്‍ കനത്ത പിഴ ചുമത്താനുള്ള വ്യവസ്ഥയുമാണ് ഇന്ത്യയിലെ വിവരാവകാശ നിയമത്തിന് ശക്തിപകരുന്നത്. രാജ്യത്തെ പിടിച്ചുകുലുക്കിയ പല അഴിമതിക്കഥകളും പുറത്തറിഞ്ഞത് സാധാരണ പൗരന്മാര്‍ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷകളിലൂടെയാണെന്നത് അറിയാനുള്ള അവകാശമെന്ന ആയുധത്തിന് എത്രമാത്രം മൂര്‍ച്ചയുണ്ടെന്നതിന്റെ പ്രത്യക്ഷ തെളിവാണ്.

സര്‍ക്കാറിന്റെയും സര്‍ക്കാറിന്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെയും കൈവശമുള്ള വിവരം ലഭിക്കുന്നതിനുള്ള അവകാശമെന്നാണ് അറിയാനുള്ള അവകാശത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള പൊതുവായ ധാരണ. എന്നാല്‍, സര്‍ക്കാറില്‍നിന്ന് നേരിട്ടോ പരോക്ഷമായോ ഗണ്യമായ സാമ്പത്തികസഹായം ലഭിക്കുന്ന സര്‍ക്കാറിതര (സ്വകാര്യ) സ്ഥാപനങ്ങള്‍ക്കും വിവരാവകാശ നിയമം ബാധകമാണെന്നതാണ് വസ്തുത. സര്‍ക്കാറില്‍നിന്ന് ഗണ്യമായ സഹായധനം കൈപ്പറ്റുന്ന സഹകരണസംഘങ്ങള്‍, സ്വകാര്യ എയിഡഡ് വിദ്യാലയങ്ങള്‍, വായനശാലകള്‍, ചാരിറ്റബിള്‍ സൊസൈറ്റികള്‍ തുടങ്ങിയവ വിവരാവകാശ നിയമത്തില്‍ നിര്‍വചിച്ചിട്ടുള്ള പ്രകാരം 'പൊതുഅധികാരി'കളാണ്.

സര്‍ക്കാറില്‍നിന്ന് ഒരു സ്ഥാപനത്തിന് ലഭിക്കുന്ന സാമ്പത്തികസഹായം ഗണ്യമായ സഹായമാണോ എന്നത് സംബന്ധിച്ച് ധാരാളം തര്‍ക്കങ്ങളും വ്യവഹാരങ്ങളും ഇതിനകം ഉടലെടുത്തിട്ടുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സര്‍ക്കാറില്‍നിന്ന് പരോക്ഷമായി ഗണ്യമായ സാമ്പത്തികസഹായം ലഭിക്കുന്നുണ്ടെന്നതിനാല്‍ രാഷ്ട്രീയപ്പാര്‍ട്ടികളെ 'പൊതുഅധികാരി'കളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ മുമ്പാകെ ഒരു ഹര്‍ജി സമര്‍പ്പിക്കുകയുണ്ടായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ബി.ജെ.പി., എന്‍.സി.പി., ബി.എസ്.പി., സി.പി.ഐ., സി.പി.എം. എന്നീ പാര്‍ട്ടികളായിരുന്നു ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. ഈ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് 2013 ഡിസംബര്‍ മൂന്നിന് ഉത്തരവ് പുറപ്പെടുവിക്കവെ കമ്മീഷന്‍ താഴെ പറയുന്ന നിഗമനങ്ങളില്‍ എത്തുകയുണ്ടായി.

1. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഡല്‍ഹിയില്‍മാത്രം 2556 കോടി രൂപ മാര്‍ക്കറ്റ് വിലയുള്ള സര്‍ക്കാര്‍ ഭൂമി സൗജന്യമായി നല്‍കിയിട്ടുണ്ട്

2. രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയത് സൗജന്യനിരക്കിലാണ്.

3. ഹര്‍ജിയിലെ ആറ് എതിര്‍കക്ഷികള്‍ക്കുമാത്രം 2006'09 കാലയളവില്‍ ആദായനികുതി നിയമത്തിലെ 13 എ വകുപ്പ് പ്രകാരം 510 കോടി രൂപയുടെ നികുതിയിളവ് നല്‍കിയിട്ടുണ്ട്.

4. ആകാശവാണിയിലും ദൂരദര്‍ശനിലും രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രക്ഷേപണത്തിനായി സൗജന്യമായി സമയം അനുവദിച്ചുവരുന്നു.

5. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വോട്ടര്‍പട്ടികയുടെ പകര്‍പ്പ് വിലയീടാക്കാതെ സൗജന്യമായാണ് നല്‍കുന്നത്.

മുകളില്‍ പറഞ്ഞ പരോക്ഷമായ സാമ്പത്തിക ആനുകൂല്യങ്ങള്‍ ഗണ്യമായ ധനസഹായമായി കണക്കാക്കിയ കമ്മീഷന്‍ ഹര്‍ജിയിലെ ആറ് കക്ഷികളും വിവരാവകാശ നിയമപ്രകാരം 'പൊതു അധികാരി'യുടെ നിര്‍വചനത്തില്‍പ്പെടുമെന്ന് ഉത്തരവായി. ഈ കക്ഷികളുടെ അധ്യക്ഷന്മാര്‍ ആറാഴ്ചയ്ക്കുള്ളില്‍ പാര്‍ട്ടി ആസ്ഥാനങ്ങളില്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ സ്ഥാനനിര്‍ദേശം ചെയ്യണമെന്നും ഇങ്ങനെ സ്ഥാനനിര്‍ദേശം ചെയ്യപ്പെടുന്ന ഉദ്യോഗസ്ഥര്‍ നാലാഴ്ചയ്ക്കുള്ളില്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ഇതിനകം സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകള്‍ തീര്‍പ്പാക്കണമെന്നും കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു.

വിവരാവകാശ കമ്മീഷന്റെ ഉത്തരവ്, ഹര്‍ജിയില്‍ ഉള്‍പ്പെട്ട രാഷ്ട്രീയകക്ഷികള്‍ക്ക് ഒരുവിധത്തിലും സ്വീകാര്യമായിരുന്നില്ല. കമ്മീഷന്റെ അധികാരപരിധിയെയും ഉത്തരവിന്റെ നിയമസാധുതയെയും ചോദ്യംചെയ്തുകൊണ്ട് അവര്‍ പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും പൊതുവേദികളില്‍ നിശിതമായ വിമര്‍ശങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. കമ്മീഷന്‍ ഉത്തരവില്‍ നിര്‍ദേശിച്ചപ്രകാരം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ നിയമിക്കന്‍ മാസങ്ങള്‍ പലത് കഴിഞ്ഞിട്ടും ഒരു രാഷ്ട്രീയപ്പാര്‍ട്ടിപോലും കൂട്ടാക്കിയുമില്ല. തങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത കമ്മീഷന്‍ ഉത്തരവിനെ വിമര്‍ശിക്കാനും ചോദ്യംചെയ്യാനും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെല്ലാം അവകാശവുമുണ്ട്. എന്നാല്‍, അങ്ങനെ ചെയ്യുന്നതോടൊപ്പം കമ്മീഷന്റെ ഉത്തരവ് അസ്ഥിരപ്പെടുത്തിക്കിട്ടുന്നതിന് കോടതിയെ സമീപിക്കുകകൂടിയാണ് ബന്ധപ്പെട്ട കക്ഷികള്‍ ചെയ്യേണ്ടിയിരുന്നത്. അതുചെയ്യാതെ, വിവരാവകാശ കമ്മീഷന്‍ നിയമാനുസൃതം പുറപ്പെടുവിച്ച ഉത്തരവിനെ പരസ്യമായി ധിക്കരിക്കുന്നത് രാജ്യത്തെ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതിന് തുല്യമായ നടപടിയാണ്. ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാരെന്ന് സ്വയം അവകാശപ്പെടുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഇത്തരം നിയമനിഷേധ നടപടികള്‍ ജനാധിപത്യത്തിനുതന്നെ കളങ്കം ചാര്‍ത്തുകയാണ് ചെയ്യുന്നത്.

രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വിവരാവകാശനിയമം ബാധകമാണോ എന്നതിന്റെ നിയമവശമാണ് മുകളില്‍ പറഞ്ഞുവന്നത്. ഇതോടൊപ്പംതന്നെ, ഈ വിഷയത്തില്‍ ഉള്‍ക്കൊണ്ടിട്ടുള്ള ധാര്‍മികതയുടെ വശവും പരിശോധിക്കേണ്ടതുണ്ട്. ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം ചെലവഴിച്ച് ഭരണം നടത്തുന്ന സര്‍ക്കാറിന്റെയും മറ്റ് പൊതുസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സുതാര്യമായിരിക്കണമെന്നതാണ് അറിയാനുള്ള അവകാശത്തിന്റെ അടിസ്ഥാനപ്രമാണം. പൊതുസ്ഥാപനങ്ങളിലെ ഭരണനിര്‍വഹണം സുതാര്യമായിരിക്കണമെന്ന കാര്യത്തില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ഏകാഭിപ്രായമാണുള്ളത്. ഇങ്ങനെ, പൊതുരംഗത്തെ സുതാര്യതയ്ക്കുവേണ്ടി വാദിക്കുന്ന എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നത് ജനങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്ന പണം ഉപയോഗിച്ചാണല്ലോ (അങ്ങനെയാണ് അവര്‍ പുറത്തുപറയുന്നത്). അതുകൊണ്ടുതന്നെ, ഏറ്റവും കുറഞ്ഞത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ സാമ്പത്തികസ്രോതസ്സിനെക്കുറിച്ചും സമ്പത്ത് ചെലവിടുന്നതിന്റെ വിശദാംശങ്ങളെക്കുറിച്ചും അറിയാനുള്ള അവകാശം രാജ്യത്തെ ജനങ്ങള്‍ക്കുണ്ട്. പാര്‍ട്ടികളുടെ നയപരിപാടികളും പാര്‍ട്ടിയില്‍ നടക്കുന്ന ചര്‍ച്ചകളും പുറത്തുപറയാനാകില്ല എന്ന വാദത്തെ ഒരുപരിധിവരെ അംഗീകരിക്കാമെങ്കിലും അവരുടെ സാമ്പത്തിക ഇടപാടുകള്‍ രഹസ്യമായി സൂക്ഷിക്കുന്നത് ഒരിക്കലും ന്യായീകരിക്കാവുന്ന കാര്യമല്ല.

രാജ്യത്തെ നിയമങ്ങള്‍ സാധാരണ ജനങ്ങള്‍ പാലിക്കാനുള്ളതാണെന്നും സമൂഹത്തിന്റെ ഉന്നതശ്രേണികളില്‍ വിരാജിക്കുന്നവര്‍ നിയമങ്ങള്‍ക്ക് അതീതരാണെന്നുമുള്ള ഒരു മനോഗതി പലരിലും കണ്ടുവരാറുണ്ട്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനുവേണ്ടി ആവേശത്തോടെ സംസാരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങള്‍ക്ക് വിവരാവകാശനിയമം ബാധകമല്ലെന്ന് വാദിക്കുന്നത് ഈയൊരു മാനസികാവസ്ഥ വെച്ചുപുലര്‍ത്തുന്നതുകൊണ്ടാണ്.

രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാത്രമല്ല, രാജ്യത്തെ ഉന്നത ഭരണഘടനാ സ്ഥാപനങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഏതുവിധേനയും ഒഴിഞ്ഞുമാറാനുള്ള വ്യഗ്രതയാണ് കാണിച്ചുവരുന്നത്. കോടതികളില്‍ വിവരാവകാശ നിയമം നടപ്പാക്കുന്നതിന് സഹായകമായ ചട്ടങ്ങള്‍ രൂപവത്കരിക്കേണ്ടത് ബന്ധപ്പെട്ട ഹൈക്കോടതിയാണ്. വിവരാവകാശ നിയമം നല്‍കിയിട്ടുള്ള ഈ അധികാരം ഉപയോഗിച്ച് കേരള ഹൈക്കോടതി രൂപവത്കരിച്ച ചട്ടങ്ങളില്‍, കോടതി നടപടികളുമായും നയപരമായ കാര്യങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് വ്യവസ്ഥചെയ്തിരിക്കുന്നു. വിവരാവകാശനിയമം 8, 9 വകുപ്പുകളില്‍പ്പെടാത്ത എല്ലാ വിവരങ്ങളും ലഭിക്കാന്‍ പൗരന്‍മാര്‍ക്ക് അവകാശമുണ്ടെന്ന നിയമത്തിലെ വ്യവസ്ഥയെ മറികടന്നാണ് ചട്ടങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ഒഴിവാക്കിയിട്ടുള്ളത്. അടിസ്ഥാനനിയമത്തെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ രൂപവത്കരിച്ച ചട്ടങ്ങളുടെ നിയമസാധുത ചോദ്യംചെയ്ത് ഹൈക്കോടതയില്‍ത്തന്നെ സമര്‍പ്പിച്ച റിട്ട് ഹര്‍ജി കേസിന്റെ മെറിറ്റിലേക്ക് കടക്കുകയോ നിയമവശങ്ങള്‍ വിശദമായി പരിശോധിക്കുകയോ ചെയ്യാതെ തള്ളുകയാണുണ്ടായത്.

എല്ലാ ഭരണഘടനാ സ്ഥാനങ്ങള്‍ക്കും പദവികള്‍ക്കും വിവരാവകാശനിയമം ബാധകമാണെന്നാണ് നിയമത്തില്‍ വ്യവസ്ഥചെയ്തിട്ടുള്ളത്. എന്നാല്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിവരാവകാശ നിയമത്തില്‍ നിര്‍വചിച്ചപ്രകാരം പൊതു അധികാരിയുടെ പരിധിയില്‍ ഉള്‍പ്പെടില്ല എന്നാണ് സുപ്രീം കോടതിയുടെ നിലപാട്. ഈ വിഷയത്തില്‍ സുപ്രീംകോടതി രജിസ്ട്രാര്‍ വാദിയായുള്ള അപ്പീല്‍ ഹര്‍ജി ഇപ്പോള്‍ സുപ്രീംകോടതിയുടെതന്നെ പരിഗണനയില്‍ ഇരിക്കുകയാണ്.

2001'06 കാലയളവില്‍ കേരള നിയമസഭയില്‍ അംഗമായിരുന്ന ടി.എം. ജേക്കബ് സഭയില്‍ചെയ്ത ഒരു പ്രസംഗത്തിന്റെ വീഡിയോ പകര്‍പ്പ് ആവശ്യപ്പെട്ടുകൊണ്ട് ഒരു പൗരന്‍ അപേക്ഷ സമര്‍പ്പിക്കുകയുണ്ടായി. പ്രസംഗത്തിന്റെ വീഡിയോ പുറത്തുനല്‍കുന്നത് സഭയുടെ അവകാശലംഘനമാകുമെന്ന് കാണിച്ച് അപേക്ഷ നിരസിക്കുകയാണ് സഭ ചെയ്തത്. സഭയുടെയോ സഭാംഗങ്ങളുടെയോ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുക, സഭയുടെയോ അംഗങ്ങളുടെയോ അന്തസ്സിന് കോട്ടമുണ്ടാക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളിലാണ് അവകാശ ലംഘനത്തിന്റെ പ്രശ്‌നം ഉദിക്കുന്നത്. ഒരു സഭാംഗം ജനങ്ങളെ പ്രതിനിധീകരിച്ച് ജനങ്ങള്‍ക്കുവേണ്ടി സഭയില്‍ എന്ത് സംസാരിച്ചെന്നും എങ്ങനെ സംസാരിച്ചെന്നും ജനങ്ങള്‍ അറിഞ്ഞാല്‍ എന്ത് അവകാശ ലംഘനമാണ് ഉണ്ടാകുന്നത്? വാസ്തവത്തില്‍, ഒരു ജനപ്രതിനിധി ഏതുവിധത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നറിയാനുള്ള ജനങ്ങളുടെ ഏറ്റവും മൗലികമായ ജനാധിപത്യ അവകാശമാണ് ഇവിടെ ലംഘിക്കപ്പെട്ടത്. പ്രസംഗത്തിന്റെ വീഡിയോ അപേക്ഷകന് നല്‍കേണ്ടതാണെന്ന് വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും അത് നടപ്പാക്കാന്‍ സഭ കൂട്ടാക്കിയില്ല (വിവരാവകാശ കമ്മീഷന്‍ അധികാരപരിധി ലംഘിച്ചു എന്ന ആക്ഷേപം ചില കോണുകളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്).

വിവരാവകാശനിയമം നടപ്പില്‍വന്നത് 2005 ഒക്ടോബര്‍ 12നാണ്. അധികം താമസിയാതെ, നിയമത്തിന്റെ പരിധിയില്‍നിന്ന് തങ്ങളെ ഒഴിവാക്കണമെന്നും വെളിപ്പെടുത്തേണ്ട വിവരങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പല സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും സര്‍ക്കാറിനെ സമീപിച്ചുതുടങ്ങി. ഒടുവില്‍ ഫയല്‍ നോട്ടുകള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് നിയമം ഭേദഗതിചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനമായി. എന്നാല്‍, അണ്ണ ഹസാരെ മുഴക്കിയ നിരാഹാര സത്യാഗ്രഹ ഭീഷണിക്കുമുന്നില്‍ ഭേദഗതി നിര്‍ദേശം സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു. വിവരാവകാശ കമ്മീഷണര്‍മാരായി ജഡ്ജിമാരെയും നിയമജ്ഞരെയും നിയമിക്കണമെന്ന സുപ്രീംകോടതി വിധിയും വിവരം തേടുന്നതിന്റെ ആവശ്യകത അപേക്ഷകന്‍ വെളിപ്പെടുത്തേണ്ടതാണെന്ന മദ്രാസ് ഹൈക്കോടതി വിധിയും പിന്‍വലിക്കേണ്ടിവന്നത് ആ വിധികള്‍ക്കെതിരെ പൊതുസമൂഹം ശക്തമായി പ്രതികരിച്ചതുകൊണ്ടാണ്.

2005ല്‍ രഹസ്യാന്വേഷണ സുരക്ഷാ വിഭാഗത്തില്‍പ്പെടുത്തി നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയ സ്ഥാപനങ്ങളുടെ എണ്ണം 18 ആയിരുന്നത് ഇപ്പോള്‍ 25 ആയി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഒരു കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐ.യെ രഹസ്യാന്വേഷണസുരക്ഷാ സ്ഥാപനങ്ങളുടെ പട്ടികയില്‍പ്പെടുത്തിയാണ് ഒഴിവാക്കിയത്. വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങള്‍ ഭാവിയിലും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്. ജനങ്ങള്‍ ജാഗരൂകരായിരുന്നാല്‍മാത്രമേ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാനാകൂ.

(മുന്‍ സംസ്ഥാന വിവരാവകാശ കമ്മീഷണറാണ് ലേഖകന്‍, ഫോണ്‍: 9446472520)

Source: http://archives.mathrubhumi.com/online/malayalam/news/story/3215699/2014-10-27/kerala

No comments:

Post a Comment