തൃശ്ശൂര്‍: നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് കെട്ടിടനിര്‍മ്മാണത്തിന് അനുമതി, പെര്‍മിറ്റ്, എന്‍.ഒ.സി. എന്നിവ നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയും വിജിലന്‍സ് കേസ്സുമെടുക്കും. വ്യക്തിപരമായി നഷ്ടപരിഹാരം നല്‍കേണ്ടതായും വരും.
നെല്‍വയല്‍, തണ്ണീര്‍ത്തട നിയമപ്രകാരം തയ്യാറാക്കിയ ഡാറ്റാ ബാങ്കിലോ കരട് ഡാറ്റാ ബാങ്കിലോ നെല്‍വയല്‍, നിലം, തണ്ണീര്‍ത്തടം എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയില്‍ നിയമപ്രകാരമുള്ള അനുമതിയില്ലാെത നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നവര്‍ക്കെതിരെയാണ് നടപടിയുണ്ടാവുക. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
തണ്ണീര്‍ത്തടമായി രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയില്‍ ഒരു നിര്‍മ്മാണപ്രവര്‍ത്തനത്തിനും അനുമതി നല്‍കാന്‍ പാടില്ല. റവന്യൂ രേഖകള്‍, നികുതി രസീത് എന്നിവയില്‍ നിലം എന്ന വിഭാഗത്തിലുള്ള ഭൂമിയില്‍ കെട്ടിടനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതിനും നിയന്ത്രണമുണ്ട്.
നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതിന് മുമ്പ് കേരള ഭൂവിനിയോഗ ഉത്തരവ് പ്രകാരമുള്ള കളക്ടറുടെ അനുമതിയോ നെല്‍വയല്‍, തണ്ണീര്‍ത്തട നിയമപ്രകാരമുള്ള ക്രമവല്‍ക്കരിച്ച ഉത്തരവോ ഉണ്ടെന്ന് ഉറപ്പാക്കണം. നിയമത്തെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥരുടെ അനുമതിയോടെ നെല്‍വയലും തണ്ണീര്‍ത്തടങ്ങളും നികത്തി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തടയിടാന്‍ പുതിയ നിര്‍ദ്ദേശം സഹായിക്കുമെന്നാണ് പ്രതീക്ഷ.
2008-ലെ നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വരുന്നതിന് പത്തുവര്‍ഷം മുമ്പ് നികത്തിയ സ്ഥലത്ത് റവന്യൂ, കൃഷി, തദ്ദേശസ്വയംഭരണ വകുപ്പുകളിലെ പ്രതിനിധികള്‍ അടങ്ങുന്ന സമിതി പരിശോധിച്ച് ഇവരുടെ ശുപാര്‍ശപ്രകാരം കെട്ടിടനിര്‍മ്മാണത്തിന് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
നിയമം നിലവില്‍ വരുന്നതിന് മുമ്പ് റവന്യൂ രേഖകളില്‍ നിലം എന്ന് രേഖപ്പെടുത്തിയ ഭൂമിയില്‍ വീട് വെയ്ക്കാന്‍ പെര്‍മിറ്റ് ലഭിക്കുന്നില്ലെന്ന പരാതിയെത്തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ നടപടി. ഇതാണ് പലരും വ്യാപകമായി ദുരുപയോഗിച്ചത്.
ഡാറ്റാ ബാങ്കില്‍ അല്ലെങ്കില്‍ കരട് ഡാറ്റാ ബാങ്കില്‍ നെല്‍വയല്‍, നിലം, തണ്ണീര്‍ത്തടം എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുള്ള ഭൂമിക്ക് നെല്‍വയല്‍, തണ്ണീര്‍ത്തട നിയമം ബാധകമാണെന്ന് ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ഉത്തരവുകളുണ്ട്. ഇത്തരം ഭൂമിയില്‍ കെട്ടിടനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് നിയമവിരുദ്ധമാണെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ ഡാറ്റാ ബാങ്ക് പരിശോധിച്ച് മാത്രമേ ഉദ്യോഗസ്ഥര്‍ കെട്ടിടനിര്‍മ്മാണത്തിന് അനുമതി നല്‍കാന്‍ പാടുള്ളുവെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
Source: Mathrubhumi Daily, 27, May 2016
Source: Mathrubhumi Daily, 27, May 2016