Saturday 23 November 2019

സ്കൂള്‍ സുരക്ഷ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

ബത്തേരി സര്‍വ്വജന ഗവ: സ്കൂളിലെ ഷഹല മോള്ക്ക് സംഭവിച്ച ദുരന്തമോര്ത്ത് വേദനിക്കുന്ന നാമോരുത്തരും സ്കൂള് സുരക്ഷ സംബന്ധിച്ച ഈ കാര്യങ്ങള് നിര്ബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഉത്തരവുകളോ മാര്ഗനിര്ദ്ദേശങ്ങളോ ഇല്ലാത്തത് കൊണ്ടല്ല നമ്മുടെ സ്കൂളുകളില് അപകടങ്ങള് ഉണ്ടാകുന്നത്; പകരം അവ കടലാസുകളില് മാത്രം ഒതുങ്ങുന്നത് കൊണ്ടാണ്.
 
ദേശീയ ദുരന്ത നിവാരണ നിയമം 2005-ന്റെ അടിസ്ഥാനത്തില്, സര്ക്കാര് സ്കൂളുകളുടെ സുരക്ഷ സംബന്ധിച്ച് സ്വീകരിക്കേണ്ട എല്ലാ നപടികളും വളരെ വിശദമായി, 2018-ല് സംസ്ഥാന സര്ക്കാര് പുറത്തിറക്കിയ 15 പേജുള്ള മാര്ഗനിര്ദ്ദേശങ്ങളില് പറയുന്നുണ്ട്. അതിന്റെ ആദ്യ പേജാണ്‌ ഇതോടൊപ്പം ഉള്ളത്; ഇത് കൂടാതെ 2019-ലെ വിപുലീകരിച്ച മാര്ഗ്ഗനിര്ദ്ദേശങ്ങളിലും പറഞ്ഞിരിക്കുന്ന ചില പ്രധാന കാര്യങ്ങള് ഇവയാണ്.
👉ഓരോ അധ്യയന വര്ഷം തുടങ്ങുന്നതിന് മുന്നോടിയായി സ്കൂള് കെട്ടിടവും ചുറ്റുപാടും സുരക്ഷിതമെന്ന് സാക്ഷ്യപ്പെടുത്തുന്ന 'ഫിറ്റ്നസ് സര്ട്ടിഫിക്കറ്റ്' ബന്ധപ്പെട്ട അധികാരികളില് നിന്നും കൈപ്പറ്റേണ്ടതാണ്.

👉നിലവിലെ സ്കൂള് കെട്ടിടങ്ങളില് കാലാനുസൃതമായി അറ്റകുറ്റപ്പണികള് നടത്തുകയും ബന്ധപ്പെട്ട സിവില് എന്ജിനീയര് സുരക്ഷിതമെന്ന് സാക്ഷ്യപ്പെടുത്തുകയും വേണം.

👉ഉപയോഗശൂന്യമായ കെടിടങ്ങള്, കെട്ടിടാവശിഷ്ടങ്ങള് തുടങ്ങിയവ നീക്കം ചെയ്യുന്നത് വഴി വിദ്യാര്ഥികളെ അപകടകാരികളായ മൃഗങ്ങള്, ഇഴജന്തുക്കള്, കളകള് എന്നിവയില് നിന്നും കുട്ടികളെ രക്ഷിക്കാവുന്നതാണ്.

👉അലമാര, ബോര്ഡ്, ഫാന് തുടങ്ങി വിദ്യാര്ഥികളുടെ മുകളിലേക്ക് വീണ് അപകടം ഉണ്ടാകാന് സാധ്യതയുള്ള എല്ലാ വസ്തുക്കളും ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്.

👉സ്കൂള് വികസന പദ്ധതിയില് സ്കൂള് സുരക്ഷയ്ക്ക് മുന്ഗണന കൊടുക്കുക; നിലവില് നിഷ്കര്ഷിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള് പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.

👉അധ്യാപകരും അനധ്യാപകരുമായ എല്ലാ സ്കൂള് ജീവനക്കാരും ദുരന്ത നിവാരണം അടിയന്തിരഘട്ട പ്രതികരണ മാര്ഗങ്ങള്, പ്രഥമ ശുശ്രൂഷ തുടങ്ങിയ കാര്യങ്ങളില് മതിയായ പരിശീലനം നേടി എന്ന് ഉറപ്പ് വരുത്തുക.
👉എല്ലാ സ്കൂളുകളിലും സ്കൂള് സുരക്ഷയ്ക്കായി ഒരു സമിതി രൂപീകരിക്കുകയും ഏവരും ചേര്ന്ന് സ്കൂള് സുരക്ഷാ / ദുരന്തനിവാരണ ആസൂത്രണ രേഖ തയ്യാറാക്കേണ്ടതാണ്; അടിയന്തിര ഘട്ടങ്ങളില് ഇത് സഹായകമാകും.

👉ഒരു അധ്യാപകനെ സ്കൂള് സുരക്ഷയുടെ മുഖ്യ ഉത്തരവാദിത്വം ഏല്പ്പിക്കുക.തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ സുരക്ഷാ പദ്ധതിയില് പങ്കാളികളാക്കുക.

👉വിദ്യാര്ഥികളുടെ ആരോഗ്യ സുരക്ഷാ പ്രശ്നങ്ങള് കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങള് സജ്ജീകരിക്കുക.

👉ഭാവിയില് ഉണ്ടാകാന് സാധ്യതയുള്ള അപകടങ്ങള് തിരിച്ചറിയുക; നിലവിലെ ശിശു-സുരക്ഷാ, ശിശു-സൗഹൃദ നിര്മ്മാണ രീതികള് അവലംബിക്കുക.

👉ഭിന്നശേഷിക്കാര്ക്ക് പ്രത്യേക പരിഗണന നല്കുക; അവരെ കൂടി ചേര്ത്ത് മോക് ഡ്രില് സംഘടിപ്പിക്കുക.
 
സര്ക്കാര് മാര്ഗനിര്ദ്ദേശങ്ങളിലെ പ്രധാന സംഗതികള് മാത്രമാണ് ഞാന് മുകളില് കൊടുത്തിരിക്കുന്നത്; വളരെ വിശദമായ വായനയ്ക്ക് ചുവടെയുള്ള ലിങ്കില് കൊടുത്തിരിക്കുന്ന PDF ഫയലുകള് വായിക്കുകയും ഇനി ഒരു ദുരന്തം ഒഴിവാക്കാന് ഈ വിവരം പരമാവധി ആളുകളില് എത്തിക്കുകയും ചെയ്യുക.


വാല്ക്കഷണം: സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പ് വരുത്തേണ്ടത് സര്ക്കാരിന്റെയും അധികാരികളുടേയും മാത്രമല്ല; സമൂഹത്തിന്റെ കൂടി ബാധ്യതയാണ് എന്നോര്ക്കുക. വിവരാവകാശ നിയമം ഉപയോഗിച്ച് ഏതൊരാള്ക്കും ടി മാര്ഗനിര്ദ്ദേശങ്ങള് നടപ്പാക്കിയതിന്റെ രേഖകള്ക്ക് സ്കൂളില് അപേക്ഷ നല്കാവുന്നതാണ്. ഓരോരുത്തരും അവനവന്റെ നാട്ടിലെ സ്കൂളുകള് വല്ലപ്പോഴുമെങ്കിലും സന്ദര്ശിക്കുകയും വിഷയങ്ങള് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില് കൊണ്ട് വരികയും ഫോളോഅപ്പ് ചെയ്യുകയും ചെയ്താല് പ്രശ്നങ്ങള് ഒരു പരിധിവരെ പരിഹരിക്കാന് സാധിക്കും.

-മഹേഷ്‌ വിജയന് (വിവരാവകാശ പ്രവര്ത്തകന്)

No comments:

Post a Comment