Friday, 1 November 2019

കോട്ടയം നഗരസഭയിലെ പൊന്‍മുട്ടയിടുന്ന താറാവ് - ഭാഗം 1.

പാലമായാലും കെട്ടിടമായാലും അത് പണിയുമ്പോഴാണ് പൊതുവേ അഴിമതി നടക്കാറുള്ളത്. എന്നാല്‍, നിര്‍മ്മാണ പ്രവൃത്തി നടത്താതിരുന്നാല്‍, അതിന് ഒരു രൂപ പോലും ഖജനാവില്‍ നിന്നും ചിലവഴിക്കാതിരുന്നാല്‍, എങ്ങനെ ലക്ഷങ്ങള്‍ സമ്പാദിക്കാം എന്നതിന് വേറിട്ട മാതൃകയാവുകയാണ് കോട്ടയം നഗരസഭ.

സംഗതി മറ്റൊന്നുമല്ല, കോട്ടയം നഗരത്തിന്റെ ഏറ്റവും ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി മുനിസിപ്പല്‍ കോമ്പ്ലക്സാണ് കഥയിലെ പൊന്‍മുട്ടയിടുന്ന താറാവ്. ഏഴ് നിലയ്ക്കുള്ള ഫൌണ്ടേഷനുള്ള ഈ കെട്ടിടത്തില്‍ നിലവില്‍ നിര്‍മ്മിച്ചിട്ടുള്ള രണ്ട് നിലയിലുമായി 10,500 സ്ക്വയര്‍ ഫീറ്റ്‌ വിസ്തീര്‍ണ്ണം ഉണ്ട്. അതില്‍ നിന്നും മാസം രണ്ടരലക്ഷത്തിലധികം വാടകയിനത്തില്‍ ലഭിക്കുന്നുമുണ്ട്. (Apprx 24/- per sq.feet) ശേഷിച്ച അഞ്ച് നിലകള്‍ കൂടി പണിതാല്‍ മാസം കുറഞ്ഞത് 6-7 ലക്ഷം രൂപ നഗരസഭയ്ക്ക് അധിക വരുമാനം ലഭിക്കേണ്ടതാണ്. പണിയാന്‍ ബഡ്ജറ്റില്‍ പണമൊക്കെ നീക്കി വെയ്ക്കും പക്ഷെ, ജന്മം ചെയ്‌താല്‍ പണിയൂല്ല.
മുനിസിപ്പല്‍ കോമ്പ്ലക്സ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ നിങ്ങളോര്‍ക്കും ഇഷ്ടം പോലെ കടകളൊക്കെയുള്ള വല്ലപ്പോഴും ഒന്ന് കറങ്ങി അല്‍പനേരം സൊറ പറഞ്ഞ് നടക്കാന്‍ പറ്റിയ ഇടമാണെന്ന്. എന്നാല്‍, അങ്ങനെ അല്ല. സ്വര്‍ണം വാങ്ങാന്‍ മാത്രമേ അങ്ങോട്ട് കയറാന്‍ സാധിക്കൂ. കോമ്പ്ലക്സിലെ എല്ലാമുറികളും നഗരസഭയില്‍ നിന്നും ബിനാമികളെ വെച്ചും അഴിമതി നടത്തിയും സ്വന്തമാക്കിയ പി.എ. ജോസ് എന്നയാള്‍ എല്ലാംകൂടി ചേര്‍ത്ത് ജോസ്കോ ജ്യൂവലറി  നടത്തുകയാണ്. അതിന്റെ പേരില്‍ വിജിലന്‍സ് കേസും നടക്കുന്നുണ്ട്. SC/ST വിഭാഗത്തിന് അര്‍ഹതപ്പെട്ട 10% മുറികള്‍ പോലും മുതലാളി അടിച്ചു മാറ്റി ജ്യൂവലറിയാക്കി; ഒരു ന്യൂനപക്ഷസംഘടനയ്ക്കും അതില്‍ പരാതിയില്ല.

വിശാലമായ പാര്‍ക്കിംഗ് സ്ഥലമുള്ളതും നഗരത്തിന്റെ ഏറ്റവും കണ്ണായ സ്ഥലത്ത്, സ്ഥിതിചെയ്യുന്നതുമായ മുനിസിപ്പല്‍ കോമ്പ്ലക്സ് മൊത്തത്തില്‍ ജോസ്കോ സ്വന്തമാക്കിയിരിക്കുന്നത് കേവലം 24 രൂപ മാത്രം സ്ക്വയര്‍ ഫീറ്റിന് വാടക നല്‍കിയാണ്‌. പൊതുജനങ്ങള്‍ക്ക് ഉള്ള പാര്‍ക്കിംഗ് സ്ഥലവും പൊതുടോയ്ലറ്റുകളും എല്ലാം ഇന്ന് മുതലാളിയുടെ കസ്റ്റമേഴ്സിന് മാത്രം.

ജോസ്കോ മുതലാളി സ്വന്തമെന്ന രീതിയില്‍ പരിപാലിച്ച് പോരുന്ന  രാജീവ് ഗാന്ധി മുനിസിപ്പല്‍ കോമ്പ്ലക്സിന്‍റെ മുകളില്‍ നിലകള്‍ പണിയുന്നതിനായി 2015-16, 16-17 വര്‍ഷങ്ങളില്‍ ഒരു കോടി രൂപ വീതവും 2017-18-ല്‍ 1.25 കോടി രൂപയും നഗരസഭയുടെ ബഡ്ജറ്റില്‍ അനുവദിച്ചിരുന്നു; പക്ഷെ, ഇതില്‍ ഒരു രൂപ പോലും നാളിതുവരെ ചിലവാക്കിയിട്ടില്ല. കാരണം, ജോസ്കോ മുതലാളി കാണേണ്ടവരെ കാണേണ്ട പോലെ കാണും. പിന്നെ, മുതലാളിക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യവും നഗരസഭ ചെയ്യാറില്ല; എങ്കിലും മനസ്സാക്ഷിയുള്ള മുതലാളി ഇടയ്ക്കിടെ കെട്ടിടം പുതുക്കി പണിയും, മോടി പിടിപ്പിക്കും. അങ്ങനെ വര്‍ഷം ഒന്നോ രണ്ടോ വട്ടം എങ്കിലും പുതുക്കിയ ഷോറൂമിന്റെ ഉത്ഘാടനവും നടത്തും. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയിലെ ചെയര്‍പേഴ്സണ്‍ ഉള്‍പ്പടെയുള്ള പ്രധാന ഭരണകക്ഷി കൌണ്‍സിലര്‍മാര്‍ പലപ്പോഴും ചടങ്ങില്‍ മുഖ്യാതിഥികള്‍ ആയിരിക്കും.

മുനിസിപ്പല്‍ കോമ്പ്ലക്സില്‍ കൂടുതല്‍ നിലകള്‍ പണിയുന്നതിന് ബഡ്ജറ്റില്‍ ഫണ്ട് അനുവദിക്കാതിരിക്കാന്‍ മുതലാളി വക പാരിതോഷികം. ബഡ്ജറ്റില്‍ തുക നീക്കി വെച്ചാല്‍ അത് ചിലവഴിക്കാതിരിക്കാനും പാരിതോഷികം.  രാജീവ് ഗാന്ധി മുനിസിപ്പല്‍ കോമ്പ്ലക്സില്‍ നിര്‍മ്മാണ പ്രവൃത്തിക്കായി 2014-15 മുതല്‍ ഓരോ വര്‍ഷവും നഗരസഭ ബഡ്ജറ്റില്‍ നീക്കി വെച്ച തുകയും (ചോദ്യം 1) അതില്‍ ചെലവഴിച്ച തുകയും (ചോദ്യം 2) വിവരാവകാശ നിയമപ്രകാരം ലഭിച്ചതാണ് ചിത്രത്തില്‍.

(തുടരും)

വിവരാവകാശ  മറുപടിയും അപേക്ഷയും.

To
    State Public Information Officer
    Kottayam Municipality

Sir,
         വിഷയം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ.

        കോട്ടയം ടൗണില്‍ സ്ഥിതിചെയ്യുന്ന നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി മുനിസിപ്പല്‍ കോമ്പ്ലക്സുമായി ബന്ധപ്പെട്ട, താഴെ പറയുന്ന വിവരം അഥവാ വിവരങ്ങള്‍ അടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുക.

ആവശ്യമായ വിവരത്തിന്റെ കാലയളവ് :  2014 ഏപ്രില്‍ ഒന്ന് മുതല്‍ നാളിതുവരെ


1. രണ്ട് നിലകള്‍ മാത്രമുള്ള ടി കെട്ടിടത്തിന്‍റെ മുകളില്‍ കൂടുതല്‍ നിലകള്‍ പണിയുന്നതിനായി ടി കാലയളവിലെ ഓരോ ബഡ്ജറ്റിലും നഗരസഭ അനുവദിച്ച / നീക്കിവെച്ച തുകയുടെ വിശദാംശങ്ങളും കണക്കുകളും ആയത് വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പുകളും.

2. ടി ബഡ്ജറ്റ് തുകയില്‍ നാളിതുവരെ എത്ര രൂപ ചിലവഴിച്ചു എന്നതിന്‍റെ വിശദാംശങ്ങളും കണക്കുകളും വര്‍ഷം തിരിച്ച് ലഭ്യമാക്കുക.

3. ടി കാലയളവില്‍ ടി കെട്ടിടത്തിന്‍റെ മുകളില്‍ കൂടുതല്‍ നിലകള്‍ പണിയുന്നതുമായി ബന്ധപ്പെട്ട എല്ലാ കൗണ്‍സില്‍ യോഗ തീരുമാനങ്ങളുടേയും പകര്‍പ്പ്.
    a. ടി തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് നഗരസഭ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പ് ഫയല്‍ കുറിപ്പുകള്‍ സഹിതം ലഭ്യമാക്കുക.

⦁    ഈ അപേക്ഷയ്ക്ക് മറുപടി നല്‍കുമ്പോള്‍, 30.03.2016-ല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് No.69503/Cdn.5/2015/GAD-ല്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ടതാണ്.


No comments:

Post a Comment