Monday 10 December 2018

കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച ആര്‍.ടി.ഐ അപേക്ഷകള്‍ സ്വീകരിക്കാന്‍ നഗരസഭകള്‍ ബാധ്യസ്ഥര്‍ - എസ്.ഐ.സി.

വിവരാവകാശ അപേക്ഷകള്‍ ധനാഗമ മാര്‍ഗമല്ലെന്നും കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷകള്‍ സ്വീകരിക്കാന്‍ നഗരസഭകള്‍ ബാധ്യസ്ഥരാണെന്നും മുഖ്യ വിവരാവകാശ കമ്മീഷണര്‍ ശ്രീ വിന്‍സന്‍ എം. പോള്‍ ഉത്തരവിട്ടു. ഇക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കാനും അദ്ദേഹം പൊതു ഭരണ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. കോര്‍ട്ട് ഫീസ്‌ സ്റ്റാമ്പ് പതിച്ച അപേക്ഷകള്‍ ഷൊര്‍ണൂര്‍ നഗരസഭ നിഷേധിച്ചത്തിനെതിരെ ഞാന്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍റെ അനുകൂല ഉത്തരവ്. നഗരസഭകള്‍ സര്‍ക്കാരേതര സ്ഥാപനമാണെന്ന ഷൊര്‍ണൂര്‍ നഗരസഭയുടെ വാദം കമ്മീഷന്‍ നിരസിച്ചു. കേരളത്തിലെ മിക്കവാറും എല്ലാ നഗരസഭകളും അപേക്ഷാ ഫീസായി കോര്‍ട്ട് ഫീ സ്റ്റാമ്പ് സ്വീകരിക്കുന്ന സാഹചര്യത്തില്‍ ഷൊര്‍ണൂര്‍ നഗരസഭ ഇക്കാര്യത്തില്‍ മറിച്ചൊരു തീരുമാനം എടുത്തിട്ടുള്ളത് അംഗീകരിക്കാനാവില്ല എന്നും കമ്മീഷന്‍ വ്യക്തമാക്കി. സാധാരണ അപേക്ഷകരെ സംബന്ധിച്ചിടത്തോളം കോര്‍ട്ട് ഫീ സ്റ്റാമ്പ് മുഖേന ഫീസ്‌ ഒടുക്കുന്നത് വളരെ സൗകര്യപ്രദമായി കാണപ്പെടുന്നതിനാല്‍ അത്തരത്തിലുള്ള സൗകര്യം അപേക്ഷകന് നിഷേധിച്ചത് അംഗീകരിക്കാനാവില്ല. എന്നാല്‍, അപേക്ഷകന്‍ രേഖകള്‍ക്ക് ആവശ്യപ്പെടുകയാണെങ്കില്‍ ആയതിന് വേണ്ട ഫീസ്‌ സ്ഥാപനത്തിന്റെ അക്കൌണ്ടില്‍ ഒടുക്കണമെന്ന് നിര്‍ദ്ദേശിക്കുന്നതില്‍ തെറ്റില്ല എന്നും കമ്മീഷന്‍ വ്യക്തമാക്കി.

സെക്രട്ടറി ശ്രീ പ്രമോദിന്റെ നിര്‍ദ്ദേശാനുസരണമാണ് ഷൊര്‍ണൂര്‍ നഗരസഭ കോര്‍ട്ട്ഫീസ്‌ സ്റ്റാമ്പ് സ്വീകരിക്കാത്തതെന്നാണ് ആരോപണം. ടിയാന്‍ മുന്‍പ് സെക്രട്ടറി ആയിരുന്ന പെരിന്തല്‍മണ്ണയിലും ഇത് തന്നെ ആയിരുന്നു സ്ഥിതി. പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി കോര്‍ട്ട്ഫീസ്‌ സ്റ്റാമ്പ് പതിച്ച അപേക്ഷകള്‍ നിരസിച്ചതിനെതിരെ നേരത്തെ വിവരാവകാശ പ്രവര്‍ത്തകന്‍ ഷഹീര്‍ ചിങ്ങത്ത് നല്‍കിയ ഹര്‍ജിയിലും കമ്മീഷന്‍ അനുകൂല ഉത്തരവിറക്കിയിരുന്നു. അതിന് ശേഷവും കോര്‍ട്ട്ഫീസ്‌ സ്റ്റാമ്പ് പതിച്ച അപേക്ഷകള്‍ സംസ്ഥാനത്ത് നിരസിക്കപ്പെട്ടതിനെ തുടര്‍ന്നാണ്‌ ഇത് സംബന്ധിച്ച വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ കമ്മീഷന്‍ പൊതു ഭരണ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയത്. അനധികൃത മണ്ണെടുപ്പ് മൂലം തന്‍റെ വീട് അപകടത്തിലാണെന്ന് കാണിച്ച്, ലക്ഷദ്വീപില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ ഓഫീസറായി സേവനമനുഷ്ഠിക്കുന്ന ശ്രീ സുജേത് ഷൊര്‍ണൂര്‍ നഗരസഭയില്‍ നല്‍കിയ പരാതിയില്‍ മേല്‍നടപടികള്‍ ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് ഫോളോഅപ്പിനായി ഞാന്‍ നല്‍കിയ വിവരാവകാശ അപേക്ഷയാണ് കോര്‍ട്ട് ഫീ സ്റ്റാമ്പ് സ്വീകരിക്കില്ലെന്ന മുടന്തന്‍ ന്യായം പറഞ്ഞ് നഗരസഭ നിഷേധിച്ചത്.







No comments:

Post a Comment