മണ്ണെടുപ്പ് സംബന്ധിച്ച അല്പം ദീര്‍ഘമായ ഒരു പോസ്റ്റാണ്; സാധിക്കുമെങ്കില്‍ പൂര്‍ണ്ണമായി വായിക്കുക. ഇരുപതിനായിരം ചതുരശ്രമീറ്റർ അതായത് അഞ്ചേക്കര്‍ വരെ അടിത്തറയുള്ള കെട്ടിടങ്ങളുടെ നിർമ്മാണങ്ങൾക്ക് ഖനനാനുമതി ഇല്ലാതെ യഥേഷ്ടം മണ്ണെടുക്കുവാന്‍ അനുവാദം നല്‍കിയ സര്‍ക്കാര്‍ തീരുമാനം അങ്ങേയറ്റം പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്നതും ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടം പൊതുഖജനാവിന് ഉണ്ടാക്കുന്ന അഴിമതിയുമാണ്.
കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ (KMMC) റൂള്‍സ് 2015-ലെ ചട്ടം (14) പ്രകാരം നിര്‍മ്മാണാവശ്യങ്ങള്‍ക്കായി മണ്ണെടുക്കുന്നതിന് ജിയോളജി വകുപ്പില്‍ നിന്നും ഖനനാനുമതി (ക്വാറിയിംഗ് പെര്‍മിറ്റ്) ആവശ്യമാണ്. എന്നാല്‍, റസിഡന്‍ഷ്യലോ കമേഴ്സ്യലോ ആയ 300 SQM വരെ പ്ലിംഗ്ത് (അടിത്തറ) ഏരിയയുള്ള കെട്ടിടങ്ങള്‍ക്ക് ഇതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. അതായത്, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്നുള്ള ബില്‍ഡിംഗ് പെര്‍മിറ്റ് ഉണ്ടെങ്കില്‍, ഇത്തരം SQM വരെയുള്ള കെട്ടിടങ്ങളുടെ അടിത്തറയുടെ നിര്‍മ്മാണത്തിനായി മണ്ണ് നീക്കം ചെയ്യാന്‍ ക്വാറിയിംഗ് പെര്‍മിറ്റ് എടുക്കേണ്ടതില്ല. ഇതാണ് ഇരുപതിനായിരം ചതുരശ്രമീറ്ററായി (2,15,278 ചതുരശ്ര അടി) ഉയര്‍ത്തിയിരിക്കുന്നത്. ഇത് കെട്ടിടത്തിന്റെ ആകെ വലിപ്പമല്ല എന്നും ഓര്‍ക്കുക, അടിത്തറയുടെ വിസ്തീര്‍ണ്ണമാണ്. കെട്ടിടത്തിന്റെ അടിത്തറ നിര്‍മ്മിക്കാന്‍ മാത്രമുള്ള ഈ ഇളവ് നഗ്നമായി ലംഘിച്ച് പ്ലോട്ടിലെ മണ്ണ് പൂര്‍ണ്ണമായി നീക്കം ചെയ്യുകയാണ് ഏവരും ചെയ്യുന്നത്.
ഇനി മുതല്‍ കേരളത്തില്‍ അഞ്ചേക്കര്‍ (കൃത്യമായി പറഞ്ഞാല്‍ 4.94 ഏക്കര്‍) വരെ അടിത്തറയുള്ള കെട്ടിടത്തിനായി എത്ര ആഴത്തിലും യഥേഷ്ടം മണ്ണെടുക്കാന്‍ സാധിക്കും. ഇതിലും വലിയ അടിത്തറയുള്ള കെട്ടിടങ്ങള്‍ കേരളത്തില്‍ ഉണ്ടോ എന്ന് പോലും സംശയമാണ്. അത്തരം കെട്ടിടങ്ങള്‍ക്ക് മാത്രമേ ഇനി ക്വാറിയിംഗ് പെര്‍മിറ്റ് ആവശ്യമുള്ളൂ. അതായത് ചട്ടത്തെ നില നിര്‍ത്തി കൊണ്ട് തന്നെ, അതിനെ അതിസമര്‍ത്ഥമായി കൊന്നു കളഞ്ഞു.
ഭൂനിരപ്പിന് താഴെ നിലകള്‍ പണിയുന്നത് പ്രധാനമായും കാര്‍പാര്‍ക്കിംഗിന് വേണ്ടിയാണ്. 20,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് നിന്നും ഇപ്രകാരം മണ്ണ് ഖനനം ചെയ്‌താല്‍ എന്തുമാത്രം മണ്ണ് വരുമെന്ന് നോക്കാം. ഒരു സെല്ലാര്‍ ഫ്ലോര്‍ ആണുള്ളതെങ്കില്‍ മൂന്ന് മീറ്ററും രണ്ടാണെങ്കില്‍ ആറു മീറ്ററും താഴ്ചയില്‍ മണ്ണ് നീക്കം ചെയ്യണം. അതായത് 20,000 * 6 = 1,20,000 ക്യുബിക് മീറ്റര്‍ മണ്ണാണ് ഖനനം ചെയ്യപ്പെടുന്നത്. ഒരു ടിപ്പര്‍ ലോറിയില്‍ ഉദ്ദേശം 5 ക്യുബിക് മീറ്റര്‍ മണ്ണ് കൊണ്ട് പോകാന്‍ കഴിയും. അതായത് 1,20,000 / 5 = 24000 ലോഡ് മണ്ണ് യാതൊരുവിധ പഠനമോ പരിശോധനയോ ഇല്ലാതെ ആര്‍ക്കും ഖനനം ചെയ്യാം.
ഇങ്ങനെ ഖനനം ചെയ്യുന്ന മണ്ണ് എവിടെ നിക്ഷേപിക്കും ? അതിനുണ്ടായിരുന്ന നിയ്രന്ത്രണങ്ങള്‍ സര്‍ക്കാര്‍ നേരത്തെ തന്നെ എടുത്ത് കളഞ്ഞിരുന്നു. നിലവില്‍ യാതൊരുവിധ നിബന്ധനകളും ഇല്ല; ആര്‍ക്കും എവിടേയും നിക്ഷേപിക്കാം. ശരാശരി ഒരു നെല്പാടത്തിന്‍റെ താഴ്ച ഒരു മീറ്റര്‍ ആണ് എന്ന് കരുതുക. അങ്ങനെയെങ്കില്‍ അഞ്ചേക്കര്‍ സ്ഥലത്ത് നിന്നും ആറു മീറ്റര്‍ താഴ്ചയില്‍ എടുക്കുന്ന മണ്ണ് കൊണ്ട് 30 ഏക്കര്‍ പാടം നിയമവിരുദ്ധമായി നികത്താം.
ഇനി എന്താണിതിലെ അഴിമതി എന്ന് നോക്കാം. 20,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് നിന്നും 6 മീറ്റര്‍ താഴ്ചയില്‍ ഖനനം ചെയ്‌താല്‍ 24000 ലോഡ് മണ്ണ് ലഭിക്കും എന്ന് നേരത്തെ പറഞ്ഞിരുന്നുവല്ലോ. അതായത് 20,000 * 6 = 1,20,000 ക്യുബിക് മീറ്റര്‍. ഇതിനെ മെട്രിക് ടണ്‍ ആക്കിയാല്‍ 2,40,000 വരും. മറ്റൊരു രീതിയില്‍ കുറച്ച് കൂടി ലളിതമായി പറയാം. ഒരു ടിപ്പറില്‍ പത്ത് മെട്രിക് ടണ്‍ മണ്ണാണ് കൊള്ളുക. 24000 ലോഡ് മണ്ണ് ഉണ്ടേല്‍ ആകെ മണ്ണിന്‍റെ അളവ് 24000 * 10 = 2,40,000 മെട്രിക് ടണ്‍. ക്വാറിയിംഗ് പെര്‍മിറ്റിന് മെട്രിക് ടണിന് 40 രൂപയാണ് റോയല്‍റ്റി ആയി സര്‍ക്കാരിന് അടയ്ക്കേണ്ടത്. ഇത്രയും മണ്ണ് ഖനനം ചെയ്യുമ്പോള്‍ 96,00,000 (96 ലക്ഷം) രൂപയാണ് നേരത്തെ സര്‍ക്കാരിന് ലഭിച്ചിരുന്നത്. ഇനി ലഭിക്കുന്നത് വട്ടപ്പൂജ്യം. സംസ്ഥാനമൊട്ടാകെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ നൂറുകണക്കിന് കോടി രൂപയുടെ നഷ്ടം. ഇതും കുടിയന്മാര്‍ വഹിച്ച് കൊള്ളും എന്നതാണ് ഏക ആശ്വാസം.
അതുപോലെ, അനധികൃതമായി മണ്ണെടുക്കുന്ന പക്ഷം റോയല്‍റ്റിയുടെ അഞ്ചിരട്ടി പിഴയും ക്വാറിയിംഗ് പെര്‍മിറ്റ് ഇല്ലാതെ മണ്ണെടുത്താല്‍ മൂന്നിരട്ടി പിഴയും ഈടാക്കണമെന്നാണ് നിയമമെങ്കിലും റവന്യൂ, ജിയോളജി വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാത്തതിനാല്‍, നൂറുകണക്കിന് കോടി രൂപയാണ് ഓരോ വര്‍ഷവും സംസ്ഥാന സര്‍ക്കാരിന് നഷ്ടം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 300 ചതുരശ്രമീറ്ററിന് മുകളില്‍ അടിത്തറയുള്ള ഭൂരിഭാഗം കെട്ടിടങ്ങളും ക്വാറിയിംഗ് പെര്‍മിറ്റ് എടുക്കാതെ നിയമവിരുദ്ധമായാണ് സംസ്ഥാനത്തൊട്ടാകെ വര്‍ഷങ്ങളായി മണ്ണെടുക്കുന്നത് . നിലവിലെ റേറ്റ് പ്രകാരം ടിപ്പറിലെ ഒരു ലോഡ് മണ്ണിന് കുറഞ്ഞത് ആയിരം രൂപ സര്‍ക്കാരിലേക്ക് പിഴയായി അടയ്ക്കേണ്ടി വരും. ഇങ്ങനെ നൂറുകണക്കിന് കോടി സര്‍ക്കാരിന് പിരിഞ്ഞ് കിട്ടാനുണ്ട്.
കൂടാതെ, കെട്ടിടം പണിയാനെന്ന വ്യാജേന ബില്‍ഡിംഗ് പെര്‍മിറ്റ് എടുത്ത് വന്‍തോതില്‍ മണ്ണെടുപ്പ് നടക്കുന്നു. മലകള്‍ സമതലങ്ങളാകുന്നു. ഒരാള്‍ക്ക് ഒരേക്കര്‍ സ്ഥലത്ത് നിന്നും മണ്ണെടുക്കണം എന്നിരിക്കട്ടെ, ക്വാറിയിംഗ് പെര്‍മിറ്റിന്റെ നടപടിക്രമങ്ങള്‍ ഒഴിവാക്കാനായി, 300 ചതുരശ്രമീറ്ററില്‍ താഴെ വരുന്ന ഏഴോ എട്ടോ കെട്ടിടങ്ങള്‍ക്ക് വെവ്വേറെ ബില്‍ഡിംഗ് പെര്‍മിറ്റ് എടുത്ത് അതിന്റെ മറവിലായിരുന്നു ഇത്രയും നാള്‍ മണ്ണെടുത്തിരുന്നത്. ഇനി ഒരൊറ്റ ബില്‍ഡിംഗ് പെര്‍മിറ്റില്‍ അഞ്ചേക്കര്‍ വരെ കുന്ന് ഇല്ലാതാക്കാം. മണ്ണ് നീക്കം ചെയ്ത ശേഷം, ഒരു വര്‍ഷത്തിനുള്ളില്‍ കെട്ടിടത്തിന്റെ ബേസ്മെന്റ് എങ്കിലും നിര്‍മ്മിക്കണം എന്നാണ് ചട്ടമെങ്കിലും ഒരു വകുപ്പും യാതൊരുവിധ പരിശോധനകളും ഇക്കാര്യത്തില്‍ നടത്താറില്ല. ഇപ്രകാരം സകല വില്ലേജിലും പരിശോധന നടത്തി നടപടി സ്വീകരിച്ചാല്‍ നൂറുകണക്കിന് കോടി രൂപയാണ് സര്‍ക്കാരിന് ലഭിക്കുക.
കെട്ടിട നിര്മ്മാണത്തിന്റെ മറവില്‍ നടക്കുന്ന ഇത്തരം മണ്ണ് ഖനനം മൂലം അനേകായിരം കോടികള്‍ പൊതുഖജനാവിന് നഷ്ടമുണ്ടാകുന്നതായി കാണിച്ച് 15.02.2020-ല്‍ ഞാന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. (നം CMO19068855). പരാതിയുടെ പകര്‍പ്പ് ചീഫ് സെക്രട്ടറിക്കും മറ്റ് ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും വകുപ്പ് മേധാവികള്‍ക്കും നല്‍കിയിരുന്നതാണ്. ടി പരാതിയുടെ ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു. ഈ മേഖലയില്‍ നടക്കുന്ന സര്‍വ്വ നിയമലംഘനങ്ങളും വളരെ വ്യക്തമായി ഇതില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ എന്റെ പരാതിയില്‍ നടപടി എടുത്ത് നിയമലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിന് പകരം യഥേഷ്ടം കേരളം തുരക്കാന്‍ സര്‍ക്കാര്‍ മണ്ണ് മാഫിയയ്ക്ക് ഒപ്പം നില്ക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.
ചട്ടം കര്‍ശനമായി നടപ്പാക്കുകയും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ (KMMC ചട്ടം നിലവില്‍ വന്നത് മുതല്‍) ഇത്തരം നിയമലംഘനങ്ങള്‍ പരിശോധിച്ച് നടപടി എടുത്താല്‍ ആയിരക്കണക്കിന് കോടി രൂപ സര്‍ക്കാരിന് ലഭിക്കും. ഈ തുക ഈടാക്കണമെന്നതായിരുന്നു എന്റെ പരാതിയിലെ പ്രധാന ആവശ്യം. എന്നാല്‍, അതിന് പകരം ഈ തുക റിയല്‍ എസ്റ്റേറ്റ് / മണ്ണ് മാഫിയകള്‍ക്ക് നേട്ടമുണ്ടാക്കി കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. റിയല്‍ എസ്റ്റേറ്റ് മുതലാളിമാരുടെ പരസ്യം വരുന്ന, അവര്‍ക്ക് ഷെയറുള്ള ഒരു മാധ്യമത്തില്‍ നിന്നും ആരും ഇതൊന്നും അറിയാന്‍ പോകുന്നില്ല. സര്‍ക്കാര്‍ നല്‍കിയ ഇളവ് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉത്തേജനമേകും എന്നാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്; അല്ലാതെ ഇതില്‍ അഴിമതിയോ പാരിസ്ഥിതിക പ്രശ്നങ്ങളോ തരിമ്പ് പോലുമില്ല.
കെട്ടിട നിര്‍മാണങ്ങളുടെ പേരില്‍ സംസ്ഥാനത്ത് നടക്കുന്ന നിയമലംഘനങ്ങളെ കുറിച്ച് വര്‍ഷങ്ങളായി ഞാന്‍ നടത്തിയിട്ടുള്ള പഠനത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇത്രയും കാര്യങ്ങള്‍ എഴുതിയത്. മണ്ണ് മാഫിയക്കെതിരെ പ്രതികരിച്ചതിന് കോട്ടയം നഗരസഭയില്‍ വെച്ച് ക്രൂരമായി മര്‍ദ്ദനം ഏറ്റപ്പോഴും അവര്‍ വീട് കയറി ആക്രമിച്ചപ്പോഴും ഏത് നിമിഷവും ആക്രമണം ഭയന്ന് നടന്നപ്പോഴും ഞാനൊരിക്കലും നിരാശനായിട്ടില്ല, പക്ഷെ, ഈ സര്‍ക്കാര്‍ തീരുമാനത്തില്‍ ഞാന്‍ അത്രയധികം നിരാശനാണ്.
സംസ്ഥാനത്തെമ്പാടും മണ്ണെടുപ്പ് കേന്ദ്രങ്ങളില്‍ വിജിലന്‍സിനെയും റവന്യൂ അധികാരികളേയും ഉപയോഗിച്ച് തുടര്‍ച്ചയായി പരിശോധനകള്‍ നടത്തിയപ്പോഴേ സംശയം തോന്നിയിരുന്നു; മറ്റെന്തിനോ ഉള്ള പുറപ്പാട് ആണെന്ന്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷന്‍ അടുത്തു വരുന്നു. തൊട്ടു പുറകെ 2021-ല്‍ നിയമസഭാ ഇലക്ഷനും ഉണ്ട്. അതിനൊക്കെ വേണ്ട ഫണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കണ്ടെത്തേണ്ടതുണ്ടാകാം. അത് പക്ഷെ, രണ്ട് വട്ടം പ്രളയം വിഴുങ്ങിയ കേരളത്തെ ഇങ്ങനെ തുരന്ന് വിറ്റിട്ടാകരുത്; അപേക്ഷയാണ്....സര്‍ക്കാരിനോട് മാത്രമല്ല; പ്രതിപക്ഷ പാര്‍ട്ടികളോടും കൂടിയാണ്...
-മഹേഷ് വിജയന്‍
(വിവരാവകാശ പ്രവര്‍ത്തകന്‍)
ബഹു: കേരള മുഖ്യമന്ത്രി മുന്‍പാകെ ബോധിപ്പിക്കുന്ന സങ്കട ഹര്‍ജി.
വിഷയം: കെട്ടിട നിര്മ്മാണത്തിന്റെ മറവില്‍ വന്‍തോതില്‍ മണ്ണ് ഖനനം ചെയ്യാന്‍ വിവിധ വകുപ്പുകള്‍ ഒത്താശ ചെയ്യുന്നതും തന്മൂലം അനേകായിരം കോടികള്‍ പൊതുഖജനാവിന് നഷ്ടമുണ്ടാകുന്നതും സംബന്ധിച്ച പരാതി.
ഹര്‍ജിക്കാരന്‍:
Mahesh Vijayan
Attuvayil House
SH Mount PO
Kottayam - 686006
e-mail: i.mahesh.vijayan@gmail.com
mo: +91 93425 02698
ടി ഹര്‍ജിക്കാരന്‍ ബോധിപ്പിക്കുന്നത്
1. ഞാന്‍ മേല്‍ കാണിച്ച വിലാസത്തിലെ സ്ഥിരതാമസക്കാരനും വിവരാവകാശ പ്രവര്‍ത്തകനും ഐ.ടി പ്രൊഫഷണല്‍ ഉദ്യോഗം രാജി വെച്ച് അഴിമതിക്കെതിരെ പോരാടുന്ന വ്യക്തിയുമാണ്. അനധികൃത മണ്ണെടുപ്പിന് എതിരേ പ്രതികരിച്ചതിന് കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് ആക്രമണങ്ങളാണ് എനിക്ക് നേരിടേണ്ടി വന്നത്. കോട്ടയം നഗരസഭയില്‍ വെച്ച് രണ്ട് തവണ ആക്രമിക്കപ്പെട്ടത് കൂടാതെ എന്റെ വീട്ടില്‍ കയറിയും ആക്രമണം ഉണ്ടായി. തിരുവനന്തപുരം കാട്ടാക്കടയില്‍ സംഗീത് എന്ന ചെറുപ്പക്കാരനെ മണ്ണ് മാഫിയ ജെ.സി.ബി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവവും ഈ പരാതിയുടെ പ്രാധാന്യം വ്യക്തമാക്കുന്നു.
2. കെട്ടിട നിര്‍മ്മാണത്തിനായി ഭൂമി പരുവപ്പെടുത്തുന്നത് സംബന്ധിച്ച (Development or redevelopment of land) ബില്‍ഡിംഗ് റൂള്‍സിലെ (KMBR/KPBR) വ്യവസ്ഥകളും കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ റൂള്‍സിലെ (ചുരുക്കത്തില്‍ KMMC Rules 2015) വ്യവസ്ഥകളും നഗ്നമായി ലംഘിച്ചാണ് കെട്ടിട നിര്മ്മാണത്തിന്റെ മറവില്‍ വന്‍തോതില്‍ മണ്ണ് ഖനനം നടത്തി മണ്ണ് മാഫിയകള്‍ തഴച്ച് വളരുന്നത്. ഇത് സംബന്ധിച്ച വിവിധ വകുപ്പുകളുടെ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുന്നതിനാണ് ഈ പരാതി സമര്‍പ്പിക്കുന്നത്.
3. കെട്ടിട നിര്‍മ്മാണത്തിനായി പ്ലോട്ട് അനുയോജ്യമായെങ്കില്‍ മാത്രമേ ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കാവൂ എന്ന് ബില്‍ഡിംഗ് റൂള്‍സില്‍ വ്യവസ്ഥ ചെയ്യുന്നു. ബില്‍ഡിംഗ് പെര്‍മിറ്റിന് അപേക്ഷിക്കുന്നതിന് മുന്‍പ്, ഭൂമിയുടെ വികസനം / പുനര്‍വികസനം ആവശ്യമായ സംഗതികളില്‍ ചട്ടങ്ങളില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ പാലിച്ച് ഡവലപ്പ്‌മെന്‍റ് പെര്‍മിറ്റിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതും ഡവലപ്പ്‌മെന്‍റ് പെര്‍മിറ്റ് ലഭിച്ച ശേഷം മണ്ണെടുപ്പ് / ഖനനം ആവശ്യമായ സംഗതികളില്‍ മൈന്‍സ് ആന്‍ഡ് മിനറല്‍സ് (ഡവലപ്പ്‌മെന്‍റ് & റഗുലേഷന്‍) ആക്ട് 1957-നും അനുബന്ധ ചട്ടങ്ങള്‍ക്കും കീഴിലുള്ള വ്യ്വവസ്ഥകള്‍ പ്രകാരം ജിയോളജി വകുപ്പില്‍ നിന്നും അനുമതി നേടിയശേഷമായിരിക്കണം മൈനിംഗ് / ഭൂ വികസനം നടത്തേണ്ടത്.
4. കെട്ടിട നിര്‍മ്മാണത്തിന് അനുയോജ്യമായ രീതിയില്‍ ഭൂ വികസനം / പുനര്‍വികസനം പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ ചട്ടം പ്രകാരം, ഭൂമി ബില്‍ഡിംഗ് നിര്‍മ്മാണത്തിന് അനുയോജ്യമായെന്ന് കാണിച്ച് സെക്രട്ടറി നിര്‍ദ്ദിഷ്ട ഫോറത്തില്‍ വികസന പെര്‍മിറ്റ് (Development Certificate) നല്‍കേണ്ടതാണ്. ആയതിന് ശേഷമാകണം ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കേണ്ടത്. എന്നാല്‍, ടി എല്ലാ ചട്ടങ്ങളും സംസ്ഥാനമൊട്ടാകെ പൂര്‍ണ്ണമായും ലംഘിക്കപ്പെടുന്നു.
5. വിവിധ തട്ടുകളായി കിടക്കുന്ന പ്ലോട്ടുകളും മറ്റും നിര്‍മ്മാണത്തിന് അനുയോജ്യമായ രീതിയില്‍ ഡവലപ്പ്‌മെന്‍റ് ചെയ്യാതെ ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കിയ ശേഷം ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ഡവലപ്പ്‌മെന്‍റ് പെര്‍മിറ്റ് നല്കുന്ന തെറ്റായ രീതിയാണ് സംസ്ഥാനത്ത് ഉടനീളം ത.സ്വ.ഭ സ്ഥാപനങ്ങള്‍ അനേക വര്‍ഷങ്ങളായി സ്വീകരിച്ച് പോരുന്നത്. ഇത് മണ്ണ് മാഫിയകളെ സഹായിക്കാന്‍ വേണ്ടി മാത്രമാണ്. ബില്‍ഡിംഗ് പെര്‍മിറ്റും ഡവലപ്പ്‌മെന്‍റ് പെര്‍മിറ്റും ഒരേ സമയം അനുവദിക്കാന്‍ നിയമം അനുശാസിക്കുന്നില്ല. ബില്‍ഡിംഗ് പെര്‍മിറ്റ് എടുത്ത ശേഷം ഭൂമിയുടെ വികസനത്തിന് ആരെങ്കിലും അപേക്ഷ നല്‍കിയാല്‍ ബില്‍ഡിംഗ് പെര്‍മിറ്റ് റദ്ദാക്കിയ ശേഷം മാത്രമായിരിക്കണം ഡവലപ്പ്‌മെന്‍റ് പെര്‍മിറ്റ് നല്‍കേണ്ടത്. ഇതെല്ലാം ലംഘിച്ചാണ് ബില്‍ഡിംഗ് പെര്‍മിറ്റും ഡവലപ്പ്‌മെന്‍റ് പെര്‍മിറ്റും ഇപ്പോള്‍ അനുവദിച്ച് പോരുന്നത്. ഭൂരിഭാഗം സ്ഥാപനങ്ങളും KMBR / KPBR-ല്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ പാലിച്ചല്ല ഡവലപ്പ്‌മെന്‍റ് പെര്‍മിറ്റുകള്‍ നല്‍കുന്നത്.
6. ഒന്നര മീറ്ററില്‍ കൂടുതല്‍ ആഴത്തിലുള്ള ഉത്ഖനനം ഉള്‍ക്കൊള്ളുന്ന സൈറ്റുകളുടെയും പ്ലാനുകളുടെയും അംഗീകാരവും പെര്‍മിറ്റ് അനുവദിക്കലും സംബന്ധിച്ച KMBR / KPBR-ലെ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും ലംഘിക്കപ്പെടുന്നു. ബേയ്സ്മെന്‍റ് ഫ്ലോര്‍ നിര്‍മ്മാണം ഉള്‍പ്പെടുന്ന എല്ലാ അപേക്ഷകളിലും ടി വ്യവസ്ഥകള്‍ പാലിച്ച് മാത്രമേ ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കാവൂ എന്നിരിക്കെ അതെല്ലാം കാറ്റില്‍ പറത്തിയാണ് ത.സ്വ.ഭ. സ്ഥാപനങ്ങള്‍ പെര്‍മിറ്റ് അനുവദിക്കുന്നത്.
7 KMMC Rules 2015 ചട്ടം (14) പ്രകാരം നിര്‍മ്മാണാവശ്യങ്ങള്‍ക്കായി മണ്ണ് ഫില്‍ ചെയ്യുന്നതിനോ ഭൂമി ലെവല്‍ ചെയ്യുന്നതിനോ സാധാരണ മണ്ണ് എടുക്കുന്നതിന് ജിയോളജി വകുപ്പില്‍ നിന്നും Quarrying Permit എടുക്കേണ്ടതാണ്. എന്നാല്‍, റസിഡന്‍ഷ്യലോ കമേഴ്സ്യലോ ആയ 300 SQM വരെ പ്ലിംഗ്ത് (അടിത്തറ) ഏരിയയുള്ള കെട്ടിടങ്ങള്‍ക്ക് ഇതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. അതായത്, മുന്‍കൂര്‍ ബില്‍ഡിംഗ് പെര്‍മിറ്റ് ലഭിച്ചിട്ടുള്ള പക്ഷം, 300 SQM വരെ പ്ലിംഗ്ത് ഏരിയയുള്ള റസിഡന്‍ഷ്യല്‍ / കമേഴ്സ്യല്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനായി Quarrying Permit എടുക്കേണ്ടതില്ല. കെട്ടിടത്തിന്‍റെ അടിത്തറ അഥവാ ബേയ്സ്മെന്റ് ഫ്ലോര്‍ നിര്‍മ്മാണത്തിനായി മാത്രമാണ് ടി ഇളവുകള്‍ ഉള്ളത്. കെട്ടിടത്തിന്‍റെ ഭാഗമല്ലാത്ത പ്ലോട്ടിലെ ഒരിടത്ത് നിന്ന് പോലും മണ്ണ് നീക്കം ചെയ്യാന്‍ ടി ഇളവുകള്‍ പ്രകാരം സാധിക്കില്ല. എന്നാല്‍, ടി ഇളവ് വ്യാപകമായി ദുരുപയോഗം ചെയ്ത് ജിയോളജി വകുപ്പ് 300 SQM-ല്‍ കൂടുതല്‍ ഏരിയയില്‍ നടത്തിയിരിക്കുന്ന ഖനനത്തിനും Quarrying Permit ഇല്ലാതെ തന്നെ മണ്ണ് പുറത്ത് കൊണ്ട് പോകുന്നതിനുള്ള ട്രാന്‍സിറ്റ് പാസ്സുകള്‍നല്‍കുകയാണ് മിക്കപ്പോഴും ചെയ്യുന്നത്. അനേകകോടികളാണ് ഈ കാരണങ്ങളാല്‍ അനേക വര്‍ഷങ്ങളായി പൊതുഖജനാവിന് നഷ്ടം വന്ന് കൊണ്ടിരിക്കുന്നത്.
8. അനധികൃത മണ്ണെടുപ്പുമായി ബന്ധപ്പെട്ട് പരിസരവാസികള്‍ക്ക് ഉണ്ടാകുന്ന എല്ലാവിധ നാശനഷ്ടങ്ങള്‍ക്കും KMMC Rules 2015 ചട്ടം (17) പ്രകാരവും കെട്ടിട നിര്‍മ്മാണ ചട്ടപ്രകാരവും നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളതാണ്. എന്നാല്‍, അധികാരികള്‍ ടി നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ പൊതുജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിനായി സിവില്‍ കോടതികള്‍ കയറിയിറങ്ങേണ്ടി വരുന്നു. ഇത് ഭാരിച്ച ചിലവും കാലതാമസവും വരാനിടയാക്കുന്നു.
9. ബില്‍ഡിംഗ് പെര്‍മിറ്റ് / ഡെവലപ്മെന്റ് പെര്‍മിറ്റ് എടുത്ത് മണ്ണ് നീക്കം ചെയ്ത ശേഷം, പെര്‍മിറ്റിലെ വ്യവസ്ഥ പ്രകാരം, ഒരു വര്‍ഷത്തിനുള്ളില്‍ കെട്ടിടത്തിന്റെ ബേസ്മെന്റ് എങ്കിലും നിര്‍മ്മിച്ച്, അക്കാര്യം അപേക്ഷകന്‍ ജിയോളജി വകുപ്പിനെ ബോധിപ്പിക്കണമെന്നാണ് നിയമമെങ്കിലും 90% കേസുകളിലും കെട്ടിടം നിര്‍മ്മിക്കാറില്ല. മണ്ണ് നീക്കം ചെയ്ത ശേഷം കെട്ടിടം നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടോ എന്ന് പരിശോധന നടത്തി ത.സ്വ.ഭ സ്ഥാപനങ്ങളോ ജിയോളജി വകുപ്പോ യാതൊരുവിധ തുടര്‍നടപടികളും സ്വീകരിക്കാറില്ല. KMMC Rules 2015 ചട്ടം (14) -ലെ ഇളവ് പരിധിയായ 300 SQM ലിമിറ്റ് മറികടക്കാന്‍ 300 SQM-ല്‍ താഴെ പ്ലിംഗ്ത് ഏരിയയുള്ള നിരവധി പെര്‍മിറ്റുകള്‍ എടുത്ത് മണ്ണെടുപ്പ് നടത്തുന്നു. ഇതിന്, ത.സ്വ.ഭ സ്ഥാപനങ്ങള്‍ ഒത്താശ ചെയ്യുന്നു. BPL-കാരന്‍ 299 SQM കെട്ടിട നിര്‍മ്മാണത്തിന് അപേക്ഷിച്ചാലും ആര്‍ക്കും അതില്‍ ഒരു സംശയവും ഇല്ല. പലയിടത്തും വാര്‍ഡ് മെമ്പര്‍മാരും കൌണ്‍സിലര്‍മാരുമാണ് അനധികൃത മണ്ണെടുപ്പിന് ഇടനിലക്കാരായി നില കൊള്ളുന്നത്.
10. അനധികൃതമായി മണ്ണെടുക്കുന്ന പക്ഷം അഞ്ചിരട്ടി പിഴ ഈടാക്കണമെന്നാണ് നിയമമെങ്കിലും റവന്യൂ, ജിയോളജി വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിഷയത്തില്‍ നടപടി സ്വീകരിക്കാത്തതിനാല്‍, നൂറുകണക്കിന് കോടി രൂപയാണ് ഓരോ വര്‍ഷവും സംസ്ഥാന സര്‍ക്കാരിന് റോയല്‍റ്റി / പിഴ ഇനത്തില്‍ നഷ്ടം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അനുവദിച്ചതില്‍ കൂടുതല്‍ മണ്ണ് ഖനനം ചെയ്തിട്ടുണ്ടോ എന്ന് ജിയോളജിയോ റവന്യൂ വകുപ്പോ യാതൊരുവിധ പരിശോധനകളും നടത്താറില്ല. സംസ്ഥാനത്തൊട്ടാകെ കര്‍ശന പരിശോധന നടത്തി ടി പിഴ ഈടാക്കിയാല്‍ അനധികൃത മണ്ണെടുപ്പ് പൂര്‍ണ്ണമായും നിലയ്ക്കുകയും പരിസ്ഥിതി സംരക്ഷിക്കുവാനും സാധിക്കും.
11. മണ്ണ് കൊണ്ട് പോകുന്നതിന് നിരോധനമുള്ള രാത്രി സമയങ്ങളില്‍ പ്രത്യേകിച്ചും വെളുപ്പിനെ മൂന്ന്‍ മണി മുതല്‍ നിരവധി വാഹനങ്ങള്‍ മണ്ണുമായി സുഗമമായി സഞ്ചരിക്കുന്നത് പതിവ് കാഴ്ചയാണ്. ടോറസില്‍ മണ്ണ് കൊണ്ട് പോകുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആയത് ലംഘിച്ച് ധാരാളം ടോറസ് വാഹങ്ങളില്‍ മണ്ണ് കൊണ്ട് പോകുന്നുണ്ട്. ടോറസിന് പ്രവേശനം നിരോധിച്ചിരിക്കുന്ന പഞ്ചായത്ത് / നഗരസഭ വഴികളിലൂടെ പോലും ടോറസില്‍ മണ്ണ് കൊണ്ടുപോകുകയും നിക്ഷേപിക്കുകയും ചെയ്ത് വരുന്നു. മണ്ണാണ് എന്ന് അറിയാതിരിക്കാന്‍ മുകള്‍ ഭാഗത്ത് കെട്ടിടാവശിഷ്ടങ്ങള്‍ നിറച്ചും യഥേഷ്ടം മണ്ണ് കടത്തുന്നുണ്ട്.
12. പൊലീസിനോ എന്തിന് വിജിലന്‍സിനോ പോലും മണ്ണെടുപ്പ് സംബന്ധിച്ച യഥാര്‍ത്ഥ നിയമങ്ങളോ ചട്ടങ്ങളോ അറിയില്ല എന്നതാണ് സത്യം. വിവിധ വകുപ്പുകള്‍ ചേര്‍ന്ന് അത്രമേല്‍ നിയമം ഇവിടെ വളച്ചൊടിച്ചിരിക്കുന്നു. ഏതെങ്കിലും അധികാരികള്‍ പിടിച്ചാല്‍ തന്നെ ബില്‍ഡിംഗ് പെര്‍മിറ്റ് കാണിച്ച് യഥേഷ്ടം നിയമനടപടികളില്‍ നിന്നും ഊരിപ്പോരാന്‍ ഇത് മണ്ണ് മാഫിയകള്‍ക്ക് സഹായകമാകുന്നു. യഥാര്‍ത്ഥ നിയമം എന്താണെന്ന് നമ്മള്‍ മനസിലാക്കി വരുമ്പോഴേക്കും ഒരു കുന്നുപോലും കേരളത്തില്‍ ഉണ്ടായെന്ന് വരില്ല. അതിന്‍റെ അനന്തരഫലങ്ങളെ കുറിച്ച് രണ്ട് പ്രളയങ്ങള്‍ക്ക് ശേഷവും നമ്മള്‍ തെല്ലും ഉല്‍കണ്ഠപ്പെടുന്നില്ല എന്ന് അതിയായ ഖേദത്തോടെ പറയേണ്ടിയിരിക്കുന്നു.
13. ചട്ടപ്രകാരം പൊതുജനങ്ങള്‍ കാണ്‍കെ വ്യക്തമായി പ്രദര്‍ശിപ്പിക്കേണ്ട പെര്‍മിറ്റ്, നിര്‍മ്മാണ പ്രവൃത്തി എന്നിവയുടെ വിശദാംശങ്ങള്‍ 99% കേസുകളിലും ചെയ്യാറില്ല. ആയതിനെതിരെ നടപടി ത.സ്വ.ഭ സ്ഥാപനങ്ങള്‍ യാതൊരുവിധ നടപടികള്‍ സ്വീകരിക്കാറുമില്ല. ടി വിവരങ്ങള്‍ യഥാവിധി പ്രദര്‍ശിപ്പിച്ചാല്‍ തന്നെ കെട്ടിട നിര്‍മ്മാണത്തിന്‍റെ മറവിലുള്ള മണ്ണെടുപ്പും അനധികൃത നിര്‍മ്മാണങ്ങളും കുറെയൊക്കെ തടയാന്‍ സാധിക്കും. പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ ലഭിച്ചാല്‍ പോലും ആയതിനെതിരെ ശരിയായ നടപടികള്‍ സ്വീകരിക്കാതെയും ത.സ്വ.ഭ സ്ഥാപനങ്ങളും ഇത്തരം നിയമലംഘനങ്ങള്‍ക്ക് വളവും വെള്ളവും ഇട്ട് കൊടുക്കുന്നു.
14. നഗരസഭ / പഞ്ചായത്ത്, ജിയോളജി, റവന്യൂ, പോലീസ് അധികൃതരുടെ ഒത്താശയിലാണ് കെട്ടിട നിര്മ്മാണത്തിന്റെ മറവില്‍ വന്‍തോതില്‍ മണ്ണ് കൊള്ള നടക്കുന്നതും തണ്ണീര്‍തടങ്ങള്‍ നികത്തപ്പെടുന്നതും. ആകയാല്‍, സമക്ഷത്ത് നിന്നും ദയവുണ്ടായി
⦁ ടി എല്ലാ നിയമലംഘനങ്ങളും വിജിലന്‍സ് ഉള്‍പ്പടെയുള്ള അധികാര കേന്ദ്രങ്ങളെ കൊണ്ട് വിശദമായി അന്വേഷിക്കണമെന്നും
⦁ സംസ്ഥാനത്തൊട്ടാകെ കര്‍ശന പരിശോധന നടത്തി കെട്ടിട നിര്മ്മാണത്തിന്റെ മറവില്‍ നടത്തിയിട്ടുള്ള അനധികൃത മണ്ണെടുപ്പിനെതിരെ നിയമാനുസൃതമായ മേല്‍നടപടികള്‍ സ്വീകരിക്കണമെന്നും
⦁ മണ്ണെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് സംസ്ഥാനമൊട്ടാകെ ബില്‍ഡിംഗ് പെര്‍മിറ്റ് / ഡെവലപ്മെന്റ് പെര്‍മിറ്റ് നല്കുന്ന തെറ്റായ രീതി അവസാനിപ്പിച്ച് നിയമ ലംഘനം നടത്തിയ എല്ലാ ഉദ്യോഗസ്ഥര്‍ക്ക് എതിരേയും അന്വേഷണവും വകുപ്പുതല അച്ചടക്കനടപടികളും ആരംഭിക്കണമെന്നും
⦁ Quarrying Permit ആവശ്യമായ സംഗതികളിലും 300 SQM-ന് മുകളിലും പ്ലിംഗ്ത് ഏരിയയുള്ള നിര്‍മ്മാണങ്ങളിലും Quarrying Permit ഇല്ലാതെ തന്നെ മണ്ണ് നീക്കം ചെയ്യാന്‍ ട്രാന്‍സിറ്റ് പാസ്സുകള്‍ നല്‍കിയതുള്‍പ്പടെ ജിയോളജി വകുപ്പില്‍ നടന്നിട്ടുള്ള വ്യാപകമായ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നും
⦁ രാത്രികാലങ്ങളില്‍ നടക്കുന്ന മണ്ണെടുപ്പും വാഹനങ്ങളില്‍ മണ്ണ് കൊണ്ട് പോകുന്നതും കര്‍ശനമായി തടയണമെന്നും
⦁ പെര്‍മിറ്റ്, നിര്‍മ്മാണ പ്രവൃത്തി, മണ്ണെടുപ്പ് എന്നിവയുടെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ കാണ്‍കെ വ്യക്തമായി പ്ലോട്ടിലും ബന്ധപ്പെട്ട വകുപ്പുകളുടെ വെബ്‌സൈറ്റിലും യഥാസമയം പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും
⦁ മണ്ണെടുപ്പ് സംബന്ധിച്ച ശരിയായ നിയമവശങ്ങള്‍ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും അറിയിക്കുന്നതിനായി സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ ബോധവല്‍ക്കരണം നടത്തണമെന്നും
⦁ മണ്ണെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് അവ നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണമെന്നും
ബന്ധപ്പെട്ട എല്ലാവകുപ്പുകള്‍ക്കും കര്‍ശനനിര്‍ദ്ദേശം നല്‍കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
എന്ന് 2020 ഫെബ്രുവരി മാസം 15-ന്
sd/-
Mahesh Vijayan
RTI & Human Rights Activist
Copy to:
1. ശ്രീ തോമസ് ഐസക്, ധനകാര്യ മന്ത്രി.
2. ശ്രീ. എ.സി. മൊയ്തീന്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി.
3. ശ്രീ. ഇ. ചന്ദ്രശേഖരന്‍, റവന്യൂ വകുപ്പ് മന്ത്രി.
4. ചീഫ് സെക്രട്ടറി
5. അഡീഷണല്‍ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ്
6. സെക്രട്ടറി, റവന്യൂ വകുപ്പ്
7. ഡയറക്ടര്‍, മൈനിംഗ് & ജിയോളജി, തിരുവനന്തപുരം.
8. ഡയറക്ടര്‍, വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ.
9. ചീഫ് ടൌണ്‍ പ്ലാനര്‍, തിരുവനന്തപുരം.
10. വിജിലന്‍സ് എസ്.പി, ഈസ്റ്റേണ്‍ റേഞ്ച്, കോട്ടയം.
Links to the Rules
KMMC Rules 2015