Friday 1 July 2016

മുഖ്യ വിവരാവകാശ കമ്മീഷണറുമായുള്ള ചര്‍ച്ചയുടെ ഫലം

30.06.2016-ല്‍ 'വിവരാവകാശികള്‍'  പ്രതിനിധികളും  മുഖ്യ വിവരാവകാശ കമ്മീഷണര്‍ ശ്രീ വിന്‍സന്‍ എം. പോളും കമ്മീഷന്‍ ഓഫീസില്‍ വെച്ച്  നടത്തിയ ചര്‍ച്ചയിലെ നിര്‍ണായക പോയിന്‍റുകള്‍  ശ്രദ്ധയില്‍ പെടുത്തുന്നു.
    വിവരാവകാശ നിയമം ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ തരണം ചെയ്ത്, നിയമം വിജയകരമായി  നടപ്പാക്കുന്നതിന്  വളരെ വ്യക്തമായ  ചില ആശയങ്ങളും  പദ്ധതികളും  വിന്‍സന്‍ എം. പോള്‍ സാറിന്റെ മനസ്സില്‍ ഉണ്ട് എന്നത് വളരെയധികം പ്രതീക്ഷയും ഊര്‍ജ്ജവും  നല്‍കുന്നു. അദ്ദേഹത്തിന് സര്‍ക്കാരിന്‍റെ മികച്ച പിന്തുണ കൂടി ലഭിച്ചാല്‍,  ശരിയായ രീതിയില്‍  കേരളത്തില്‍  വിവരാവകാശ നിയമം നടപ്പിലാക്കാനാകും.
    ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ തന്റെ മനസ്സിലെ ആശയങ്ങള്‍ അദ്ദേഹം വളരെ വ്യക്തമായി  ഞങ്ങളോട്  പങ്ക് വെച്ചു.  വിവരാവകാശ കമ്മീഷന്‍റെ പ്രവര്‍ത്തനം സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കുമെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതായി എനിക്ക് തോന്നിയത്.  കമ്മീഷനില്‍ പുതിയ അംഗങ്ങള്‍ വന്ന് കഴിഞ്ഞാല്‍ ഗവര്‍ണറോഡ്‌ ചര്‍ച്ച ചെയ്ത് ഓരോരുത്തരുടേയും പെര്‍ഫോര്‍മന്‍സ് വിലയിരുത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കും.  ഓരോ അംഗവും ഒരു മാസം മിനിമം  തീര്‍പ്പാക്കേണ്ട അപേക്ഷകളുടെ എണ്ണം നിശ്ചയിക്കും.  കമ്മീഷന്‍ അംഗങ്ങളുടെ നിയമനം വൈകുന്നത് സംബന്ധിച്ച ആശങ്ക അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
   
    കമ്മീഷനില്‍ അഞ്ച് അംഗങ്ങളെങ്കിലും ഉണ്ടെങ്കില്‍ ഒരു വര്‍ഷത്തിനകം  കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കും. 13,200 കേസുകളാണ് ഇപ്പോള്‍ പെന്‍ഡിംഗ് ആയിട്ടുള്ളത്. അതിലൊരെണ്ണം 2011-ലേതാണ്. അതിന് ശേഷം വരുന്ന എല്ലാ അപേക്ഷകളും ഒരു മാസത്തിനകം തീര്‍പ്പാക്കാനാണ് പദ്ധതി. മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഒരു മാസം കുറഞ്ഞത് നൂറ് അപേക്ഷകള്‍ എങ്കിലും തീര്‍പ്പാക്കുക   അദ്ദേഹത്തിന്‍റെ നിലവിലുള്ള ടാര്‍ജറ്റ്. അടിയന്തിര  പ്രാധാന്യമുള്ളവയും നിരവധി പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളും പെട്ടന്ന് തീര്‍പ്പാക്കാന്‍ ശ്രമിക്കും.  ഇത്തരം സംഗതികള്‍ ഇ-മെയില്‍  അയച്ചോ പേരില്‍ കത്തയച്ചോ അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ പെടുത്താമെന്ന് അറിയിച്ചിട്ടുണ്ട്.

    വിവരം നല്കാത്തവര്‍ക്ക് നിയമാനുസൃത ശിക്ഷ നല്‍കുന്നതില്‍ വീഴ്ച വരുത്തില്ല. റവന്യൂ വകുപ്പിലെ ഒരു PIO-യ്ക്ക് 25000 രൂപ പിഴ വിധിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി ഉദ്യോഗസ്ഥര്‍ക്ക് ഇതിനോടകം സെക്ഷന്‍ 20(1) അനുസരിച്ചുള്ള നോട്ടീസ് നല്കി കഴിഞ്ഞു. 
    വിവരാവകാശ അപേക്ഷകള്‍ക്കും അപ്പീലുകള്‍ക്കും ഓണ്‍ലൈനില്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരില്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്.  ഓണ്‍ലൈനില്‍ ഫീസ്‌ അടയ്ക്കുന്നതും മറുപടിയും ഓണ്‍ലൈനില്‍ തന്നെ ലഭ്യമാക്കുന്നതും സര്‍ക്കാരിന് കൂടുതല്‍ ലാഭകരമാകും; പൊതുജനങ്ങള്‍ക്ക് എളുപ്പവും.
    എല്ലാ പബ്ലിക് അതോറിറ്റികളും സെക്ഷന്‍ 4  അനുസരിച്ച് ആവശ്യമായ വിവരം സ്വമേധയാ വെബ്‌സൈറ്റില്‍  പ്രസിദ്ധീകരിക്കുന്നതും യഥാസമയം അപ്ഡേറ്റ് ചെയ്യുന്നതിനും നടപടി സ്വീകരിക്കുന്നതാണ്. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് എഴുതും.  കമ്മീഷന്‍റെ ഓര്‍ഡറായ തീരുമാനങ്ങള്‍ നമ്മളാവശ്യപ്പെട്ട പ്രകാരം 48 മണിക്കൂറിനകം പരസ്യപ്പെടുത്താമെന്ന് അദ്ദേഹം അറിയിച്ചു.  എന്നാല്‍, ഇതിന് നിലവിലുള്ള സോഫ്റ്റ്‌വെയറിലെ തകരാറുകള്‍ പരിഹരിക്കേണ്ടതുണ്ട്. ഇത് കെല്‍ട്രോണിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. അവര്‍ ഉടനെ പ്രശ്നം പരിഹരിക്കുന്നതാണ്.  അപ്പീലിന്റെയും പരാതിയുടേയും സ്റ്റാറ്റസ് സൈറ്റില്‍ ലഭ്യമാക്കും.
     2016 മുതലുള്ള കേസുകളാണ് ഉടന്‍ തീര്‍പ്പാക്കുക. അതിന് പുറകോട്ടുള്ളത് കുറച്ച് കൂടി സമയമെടുക്കും. വിവിധ ജില്ലകളില്‍ സന്ദര്‍ശിച്ച് തീര്‍പ്പാക്കുക എന്നതാണ് പ്ലാന്‍ ഓഫ് ആക്ഷന്‍. ഇത് അപേക്ഷകന് വളരെയധികം സഹായകമാകും. ഇതിന്റെ ഭാഗമായി കൊല്ലം, തൃശൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകള്‍ സന്ദര്‍ശിച്ച്  ഹിയറിംഗ്  നടത്തി. ഈ മാസം കണ്ണൂര്‍ (കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകള്‍ക്ക് വേണ്ടി), പാലക്കാട്, തിരുവല്ല (ആലപ്പുഴ, പത്തനംതിട്ട) എന്നിവിടങ്ങളില്‍ ഹിയറിംഗ് നടത്തും.
    ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിയമത്തിലുള്ള അജ്ഞത അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ചീഫ് സെക്രട്ടറിക്ക് കത്തെഴുതി, കളക്ടറുടെ നേതൃത്വത്തില്‍ PIO-മാരെ വിളിച്ച് ചേര്‍ത്ത് ബോധവല്‍ക്കരണം നടത്താന്‍ പദ്ധതി തയ്യറാക്കി കൊണ്ടിരിക്കുകയാണ് എന്നറിയിച്ചു. കേന്ദ്ര സര്‍ക്കാരില്‍ നിന്നും വര്‍ഷം മൂന്ന് ലക്ഷം രൂപ ബോധവല്‍ക്കരണ പരിപാടികള്‍ക്കായി ലഭിക്കുന്നുണ്ട്. ഇതുപയോഗിച്ച് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍  ഓരോ പരിപാടികള്‍ സംഘടിപ്പിക്കുകയാണ് ചെയ്യാറ്. ആഡംബരങ്ങളും അനാവശ്യ ചിലവുകളും  കുറച്ച്  പരമാവധി പരിശീലന പരിപാടികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തണമെന്ന നമ്മുടെ ആവശ്യം അദ്ദേഹം തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.
    സംസ്ഥാനത്ത് എവിടെ പരിശീലന പരിപാടി സംഘടിപ്പിച്ചാലും  വന്ന് രണ്ട് മണിക്കൂര്‍  ക്ലാസ് എടുത്ത് തരാം എന്ന്  വിന്‍സന്‍ എം. പോള്‍ സാര്‍ അറിയിച്ചിട്ടുണ്ട്.  ഇതിനായി ഏറ്റവും  കുറഞ്ഞത് രണ്ടാഴ്ച മുന്‍പെങ്കിലും അദ്ദേഹത്തെ അറിയിക്കണം.  അദ്ദേഹത്തിന് സര്‍ക്കാര്‍ ചിലവില്‍ വരാന്‍ സാധിക്കുന്നതിനാല്‍ പരിപാടി ഓര്‍ഗനൈസ് ചെയ്യുന്നതിന് വേണ്ട ചിലവേ വരുന്നുള്ളൂ.  അദ്ദേഹത്തിന്‍റെ രണ്ട് മണിക്കൂര്‍ ക്ലാസിന് ശേഷവും  ക്ലാസ് നടത്തേണ്ടവര്‍ക്ക് പരിശീലകറുടെ സേവനം വിവരാവകാശികള്‍ ഗ്രൂപ്പ് സൗജന്യമായി ലഭ്യമാക്കുന്നതാണ്.
    സോഷ്യല്‍ മീഡിയ വഴി ബോധവല്‍ക്കരണം നടത്താന്‍ ചില കാര്യങ്ങള്‍ അദ്ദേഹം നമ്മുടെ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി. വിവരാവകാശ നിയമപ്രകാരം അപേക്ഷകള്‍ക്ക് മാത്രമേ പത്ത് രൂപ ഫീസ്‌ അടയ്ക്കേണ്ടതുള്ളൂ. അപ്പീലുകള്‍ക്ക് ഫീസ്‌ ഇല്ല; എന്നാല്‍ നിരവധി പേര്‍ അപ്പീലുകള്‍ക്കും ഫീസ്‌ അടയ്ക്കുന്നു.  ഇതൊഴിവാക്കേണ്ടതാണ്.
    അപ്പീല്‍ ഹിയറിംഗില്‍ അപേക്ഷകന്‍ നേരിട്ട് ഹാജരാകേണ്ട ആവശ്യമില്ല.  പക്ഷെ, പലപ്പോഴും അപ്പീല്‍ വായിച്ച് നോക്കിയാല്‍ കാര്യം മനസ്സിലാകാറില്ല. ലഭിച്ച മറുപടി തൃപ്തികരമല്ല എന്ന  ഒറ്റവാചകമാണ് പലപ്പോഴും അപ്പീലില്‍ ഉള്ളത്. പ്രത്യക്ഷത്തില്‍  PIO മറുപടി നല്‍കിയിട്ടുണ്ട് താനും. മറുപടിയിലെ ആക്ഷേപങ്ങള്‍ വളരെ വ്യക്തമായി  ബോധിപ്പിച്ചാല്‍ മാത്രമേ ഉചിതമായ തീരുമാനം എടുക്കാനാകൂ. ഇപ്രകാരം കാര്യങ്ങള്‍ വ്യക്തമാക്കാതെ അപ്പീല്‍ നല്കിയിട്ടുള്ളവര്‍      ഹിയറിംഗില്‍ പങ്കെടുക്കുന്നതാണ് അഭികാമ്യം. അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നവ അല്ലാതെ പുതിയ വിവരം അപ്പീലില്‍ ആവശ്യപ്പെടാനാകില്ല.  രണ്ടാം അപ്പീല്‍ സമര്‍പ്പിക്കുമ്പോള്‍ വിവരാവകാശ അപേക്ഷയുടേയും ഫീസ്‌ അടച്ചതിന്റേയും തെളിവ്, ഒന്നാം അപ്പീലിന്റെയും ലഭിച്ച മറുപടികളുടേയും പകര്‍പ്പ് ഹാജരാക്കണം. കോര്‍ട്ട് ഫീസ്‌ സ്റ്റാമ്പിന് പകരം മറ്റേതെങ്കിലും രീതിയിലാണ് അപേക്ഷാ ഫീസ്‌ അടച്ചിരിക്കുന്നത് എങ്കില്‍ അക്കാര്യം നിര്‍ബന്ധമായും വ്യക്തമാക്കിയിരിക്കണം.
    അപേക്ഷയില്‍ വിവരം ആവശ്യപ്പെടുന്നതിന്റെ കാരണം ബോധിപ്പിക്കേണ്ടതില്ല. എന്നാല്‍, കാരണം ചുരുക്കി പറയുന്നത് അപേക്ഷകന്റെ ആവശ്യമറിഞ്ഞു വിവരം തരാന്‍ PIO-യെ സഹായിക്കും.  ആവശ്യപ്പെടുന്ന വിവരം മൂന്നാം കക്ഷിയുടെ വ്യക്തിഗത  വിവരവുമായി ബന്ധപ്പെട്ടതാണെങ്കില്‍ കാരണം ബോധിപ്പിച്ചാല്‍ മാത്രമേ  അതിലെ പൊതുതാല്പര്യം വിലയിരുത്താനാകൂ.  പൊതുതാല്പര്യമില്ലാതെ നിരസിച്ച് രണ്ടാം അപ്പീല്‍ നല്‍കുമ്പോഴാണ് പലരും കാരണം ബോധിപ്പിക്കുക. 
    വിവരാവകാശ നിയമത്തോടൊപ്പം സേവനാവകാശ നിയമവും ശക്തമായി നടപ്പിലാക്കേണ്ടതുണ്ട് എന്നും അതിനും  വിവരാവകാശ കമ്മീഷണര്‍ മാതൃകയില്‍ സേവനാവകാശ കമ്മീഷനെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു.  ഈ ആവശ്യങ്ങള്‍ ഉന്നയിച്ച്  മുഖ്യമന്ത്രിയെ ഉടനെ കാണുമെന്നും നമ്മള്‍ അദ്ദേഹത്തെ അറിയിച്ചു.  നിവേദനത്തില്‍ ബോധിപ്പിച്ച മുഴുവന്‍ കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ സമയം കിട്ടിയില്ല.  എങ്കിലും അക്കാര്യങ്ങള്‍ കൂടി അദ്ദേഹം പരിശോധിച്ച് തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.  ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് Avinjikad Parameswaran (തൃശൂര്‍), Varghese Joseph (എറണാകുളം), Vasantha Kumar(കൊല്ലം), James Kurian (പത്തനംതിട്ട), Mahesh Vijayan (കോട്ടയം) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  കൂടുതല്‍ വിവരങ്ങള്‍ക്കും ഭാവി പരിപാടിയില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവരും ബന്ധപ്പെടുക - 93425 02698 (മഹേഷ്‌ വിജയന്‍)

കമ്മീഷന് നല്‍കിയ നിവേദനത്തിന്റെ പൂര്‍ണരൂപം കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment