Friday 1 July 2016

മുഖ്യ വിവരാവകാശ കമ്മീഷണര്‍ക്ക് നല്‍കിയ നിവേദനം

                                                                                      തിരുവനന്തപുരം
                                                                                        30-06-2016   
ബഹുമാനപ്പെട്ട സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍ ശ്രീ വിന്‍സന്‍ എം. പോള്‍ അവര്‍കള്‍ മുന്‍പാകെ വിവരാവകാശികള്‍ ഫേയ്സ്ബുക്ക് കൂട്ടായ്മ നല്കുന്ന നിവേദനം.
        വിവരാവകാശ നിയമം ഉപയോഗിച്ച് വളരെ ഫലപ്രദമായ ഇടപെടലുകള്‍  നടത്തിക്കൊണ്ടിരിക്കുന്ന  വിവരാവകാശികള്‍   എന്ന ഫേയ്സ്ബുക്ക് കൂട്ടായ്മ  ഇന്ന്  ഇരുപതിനായിരത്തിലധികം  അംഗങ്ങളിലെത്തി നില്‍ക്കുന്നു.  2013-ല്‍ മാധ്യമപ്രവര്‍ത്തകയായ ജിഷ എലിസബത്തിന്‍റെ നേതൃത്തില്‍ തുടങ്ങിയ കൂട്ടായ്മ പിന്നീട്, മഹേഷ്‌ വിജയന്‍, ധനരാജ് സുഭാഷ് ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍  കൂടുതല്‍  ജനകീയമായി. ഇന്ന് നിരവധി വിവരാവകാശ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും  സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സജീവമായി ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നു. വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് സംശയങ്ങള്‍ക്ക് ഗ്രൂപ്പ് അംഗങ്ങള്‍ മറുപടി നല്‍കിയിട്ടുണ്ട്.  ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്ത  ഏകദേശം  നൂറിലധികം  വിവരാവകാശ മറുപടികള്‍ നിരവധി മാധ്യമങ്ങളില്‍ വാര്‍ത്തകളായി.
      വിവരാവകാശ നിയമം ഉപയോഗിച്ച് വിദേശ രാജ്യങ്ങളില്‍ തടവില്‍/കുടുങ്ങി കിടന്ന ഒന്‍പത് പേരെ കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെത്തിക്കാന്‍ സാധിച്ചു.  നിരവധി പരിശീലന പരിപാടികള്‍, വിവരാവകാശ എക്സിബിഷനുകള്‍, ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു. വിവരാവകാശ അപേക്ഷകള്‍ ഓണ്‍ലൈനില്‍ തയ്യാറാക്കി കൊടുക്കുന്ന RTI Online.IN എന്ന  വെബ്‌സൈറ്റും ആറു മാസം മുന്‍പ് തുടങ്ങുകയുണ്ടായി. നിരവധി സാമ്പിള്‍ വിവരാവകാശ അപേക്ഷകള്‍,  അറിവുകള്‍ എന്നിവ തയ്യാറാക്കുകയും സോഷ്യല്‍ മീഡിയ വഴി  പ്രചരിപ്പിക്കുകയും ചെയ്തു പോരുന്നു. പുതിയ വിവരാവകാശ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നതിലും ഗ്രൂപ്പ് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.
    സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളിലെ ശോചനീയാവസ്ഥ, സ്വകാര്യ ബസുകളുടെ നിയമ ലംഘനങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ഗ്രൂപ്പിന്റെ പേരില്‍ ഏറ്റെടുത്ത് അവയ്ക്ക് പരിഹാരം കാണും വരെ തുടര്‍ച്ചയായി വിവരാവകാശ നിയമപ്രകാരം  ഇടപെടലുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.  ജൂവലറികള്‍,  ടെക്സ്റ്റയില്‍സുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ വന്‍കിട സ്ഥാപനങ്ങളുടെ ക്രമക്കേടുകള്‍ വാണിജ്യ താല്പര്യം മുന്‍നിര്‍ത്തി മാധ്യമങ്ങള്‍ ഒഴിവാക്കുമ്പോള്‍ ഗ്രൂപ്പ് അതേറ്റെടുക്കുകയും ജനങ്ങളിലെത്തിക്കുകയും ചെയ്തിട്ടുണ്ട്.
    വിവരാവകാശ നിയമം മികച്ച രീതിയില്‍ നടപ്പാക്കി അഴിമതി ഇല്ലാതാക്കാനുള്ള ഈ മഹത്തായ  യജ്ഞത്തില്‍,  താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ മുന്‍പാകെ നല്കുന്നതോടൊപ്പം ഇതിനായി കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന  ഏതൊരു  പ്രവൃത്തിയും ഏറ്റെടുത്ത് നടത്താനുള്ള ഗ്രൂപ്പിന്‍റെ സന്നദ്ധതയും സസന്തോഷം  അറിയിക്കുന്നു.

ഞങ്ങളുടെ പ്രധാന നിര്‍ദ്ദേശങ്ങള്‍.
1. വിവരാവകാശ കമ്മീഷന്‍ സെക്ഷന്‍ 4  പൂര്‍ണമായും അടിയന്തിരമായി നടപ്പാക്കണം. 
SIC-യുടെ എല്ലാ തീരുമാനങ്ങളും 48 മണിക്കൂറിനകം വെബ്‌സൈറ്റില്‍  പരസ്യപ്പെടുത്തണം.
പരാതികളുടേയും അപ്പീലുകളുടെയും സ്റ്റാറ്റസ് ഓണ്‍ലൈനില്‍ അറിയാന്‍ സാധിക്കണം.

2.  എല്ലാ ഓഫീസുകളിലും സെക്ഷന്‍ 4 നടപ്പിലാക്കാന്‍ കര്‍ശനമായ നടപടി  സ്വീകരിക്കണം.   
പേരിന് പോലുമൊരു വെബ്‌സൈറ്റ് ഇല്ലാത്ത നിരവധി പബ്ലിക് അതോറിറ്റികള്‍.
നിരവധി വെബ്‌സൈറ്റുകളില്‍ RTI ലിങ്ക് പോലുമില്ല. ഉദാ: http://www.revenue.kerala.gov.in/
പല സൈറ്റിലും RTI ലിങ്ക് വര്‍ക്ക് ചെയ്യില്ല. - ഉദാ: മോട്ടോര്‍ വാഹന വകുപ്പ്
നിരവധി വകുപ്പുകള്‍ വെബ്സൈറ്റുകളില്‍ യാതൊന്നും പരസ്യപ്പെടുത്തിയിട്ടില്ല. 
വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യാറില്ല.    - ഉദാ; ഫുഡ് & സേഫ്റ്റി

3. വിവരം നിഷേധിക്കുന്ന PIO-മാരെ ഉപദേശിച്ച് വിടാതെ നിയമപ്രകാരമുള്ള ശിക്ഷാ നടപടി  സ്വീകരിക്കണം.

4.   കെട്ടിക്കിടക്കുന്ന അപ്പീലുകളുടേയും പരാതികളുടേയും ബാഹുല്യം കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ അദാലത്ത് രീതിയില്‍ സിറ്റിംഗ് നടത്തി, സമയബന്ധിതമായി കമ്മീഷന്‍ തീര്‍പ്പ്‌ കല്‍പ്പിക്കുക. 
 .
5. നിയമത്തെ കുറിച്ചുള്ള അജ്ഞത പരിഹരിക്കണം:
  •  28/06/2016-ല്‍ നിയമസഭയില്‍ ശ്രീ വി.കെ. ഇബ്രാഹിം കുഞ്ഞിന്‍റെ വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രിയുടെ അപൂര്‍ണവും തെറ്റിദ്ധരിപ്പിക്കുന്നതുമായ മറുപടി. വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ സ്വകാര്യ മേഖലയിലെ ആശുപത്രികള്‍, ഇന്‍ഷുറന്‍സ്, പണമിടപാട് സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുമോ എന്നായിരുന്നൂ ചോദ്യം. സെക്ഷന്‍ 2(h) പ്രകാരം പബ്ലിക് അതോറിറ്റി അല്ലാത്തതിനാല്‍ പരിധിയില്‍ ഉള്‍പ്പെടുന്നില്ല എന്ന് മുഖ്യമന്ത്രി മറുപടി നല്കി.
          എന്നാല്‍ സെക്ഷന്‍ 2(f)-ലെ വിവരത്തിന്‍റെ നിര്‍വചനത്തില്‍, നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരം ക്ഷമതയുള്ള ഒരു അധികാര കേന്ദ്രം മുഖേന പ്രാപ്യമാക്കാന്‍ കഴിയുന്ന ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തെ സംബന്ധിച്ച വിവരവും ഉള്‍പ്പെടുന്നതിനാല്‍ ക്ഷമതയുള്ള അധികാരകേന്ദ്രം മുഖേന സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും വിവരം ലഭിക്കും  എന്ന കാര്യം പറഞ്ഞില്ല. നമ്മുടെ ജനപ്രതിനിധികളുടെ അജ്ഞത വെളിവാക്കുന്നവ കൂടിയാണ് ഇത്തരം ചോദ്യങ്ങളും ഉത്തരങ്ങളും. ആയതിനാല്‍ എം.എല്‍.എ-മാര്‍ക്ക് ഉള്‍പ്പടെ പരിശീലനം നല്‍കണം.
  •  ശരിയായ പരിശീലനത്തിന്റെ അഭാവം. ഉദ്യോഗസ്ഥര്‍ക്ക് നല്കുന്ന  ഭൂരിഭാഗം  വിവരാവകാശ ക്ലാസുകളിലും 'എങ്ങനെ വിവരം നിഷേധിക്കാം'  എന്ന വിഷയത്തിലാണ്  പരിശീലകര്‍ ക്ലാസ് എടുക്കുന്നത്.   ആരെങ്കിലും പറയുന്നത്  കേട്ട് വിവരം നിഷേധിക്കുകയല്ല വേണ്ടത്,  നിയമം പഠിച്ചശേഷം സ്വന്തം വിവേചനബുദ്ധി ഉപയോഗിച്ച് തീരുമാനം എടുക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടത്. 
  • പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരമാവധി ബോധവല്‍ക്കരണ, പരിശീലന പരിപാടികള്‍ നടത്തുക. ആഡംഭരം ഒഴിവാക്കി പരമാവധി ചെലവ് കുറച്ച് കൂടുതല്‍ പേരില്‍ എത്തിക്കവിധം പരിപാടികള്‍ ആസൂത്രണം ചെയ്യണം. ആവശ്യമെങ്കില്‍ ഈ കാര്യത്തില്‍ കമ്മീഷനെ സഹായിക്കാന്‍ ഗ്രൂപ്പിന് സാധിക്കും. സെക്ഷന്‍ 4 നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തണം.

6.  സ്കൂള്‍ പാഠ്യപദ്ധതിയില്‍ വിവരാവകാശ നിയമം ഉള്‍പ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം.

7. നീതിന്യായ നടപടിയുമായി ബന്ധപ്പെട്ട വിവരം നല്കേണ്ടതില്ല ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ കീഴ്ക്കോടതി ചട്ടങ്ങളിലെ നിയമവിരുദ്ധമായ  12 ആം വകുപ്പിനെതിരെ കമ്മീഷന്‍ കോടതിയെ സമീപിക്കണം.  കോടതിയില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട വിവരം പോലും ടി സെക്ഷന്‍ പ്രകാരം നിഷേധിക്കുന്നു.

8. എല്ലാ പൊതുഅധികാരികളും വാര്‍ഷിക റിപ്പോര്‍ട്ട് കമ്മീഷന് നല്‍കുന്നുണ്ട് എന്നുറപ്പ് വരുത്തുക.
9.  പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളില്‍ ഇപ്പോഴും RTI ബോര്‍ഡ് പോലുമില്ല.
10. പ്രവൃത്തി നിരീക്ഷിക്കുക, സാമ്പിള്‍ എടുക്കുക തുടങ്ങിയ കാര്യങ്ങളില്‍ മാര്‍ഗനിര്‍ദ്ദേശം തയ്യാറാക്കുക.
11. സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്ന വിധം വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട പുസ്തകം പുറത്തിറക്കി സൗജന്യമായി വിതരണം ചെയ്യണം.
12.  ഒന്നാം അപ്പീല്‍ അധികാരികള്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ഒന്നാം അപ്പീല്‍ കൈകാര്യം ചെയ്യാന്‍ വേണ്ട നടപടി സ്വീകരിക്കുക..

ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരുടെ വീഴ്ചകള്‍
  • ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്ന ഒരു വകുപ്പാണ് സെക്ഷന്‍ 7(9). ഏത് വിവരം ആവശ്യപ്പെട്ടാലും നേരില്‍ വന്ന് പരിശോധിക്കാന്‍ അപേക്ഷകനോട് ആവശ്യപ്പെടുക. അത്തരം മറുപടിക്കായി പ്രത്യേകം ടെമ്പ്ലേറ്റ് തന്നെ തയ്യാറാക്കി വെച്ചവര്‍ ഉണ്ട്.
  • കാലഹരണപ്പെട്ട ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ വിവരം നിഷേധിക്കുക. ഉദാ:  Ministry of Personnel, Public Grievances & Pensions ഓഫീസ് മെമോറാണ്ടം 1012/2008-IR / DoPT 10/02/2008-IR ചൂണ്ടിക്കാട്ടി അപേക്ഷ ഒന്നിലധികം പബ്ലിക് അതോറിറ്റിക്ക് കൈമാറേണ്ടതില്ല എന്ന് പറഞ്ഞ്  മറുപടി നല്‍കുക. CIC 2011-ല്‍ റദ്ദാക്കിയിട്ടുള്ളതാണ് (Appeal No. CIC/SM/A/2011/000278/SG) ഈ OM.
  • ചോദ്യാവലിക്ക് മറുപടി നല്കേണ്ടതില്ല എന്ന് പറഞ്ഞ് വിവരം നിഷേധിക്കുക.
  • കോടതിയുടെ പരിഗണനയിലാണ് എന്ന് പറഞ്ഞ് വിവരം നിഷേധിക്കുക.
  • അപേക്ഷ കൈമാറാതിരിക്കുക, മറുപടി നല്‍കാതിരിക്കുക.
  • അവസാന നിമിഷം ഫീസ്‌ അടയ്ക്കാന്‍ ആവശ്യപ്പെടുക.
  • അപ്പീല്‍ അധികാരിയുടെ വിവരങ്ങള്‍ മറുപടിയില്‍ വ്യക്തമാക്കാതിരിക്കുക.

സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട സംഗതികള്‍
  • വിവരാവകാശ കമ്മീഷണര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിന്
  • വിവരാവകാശം  ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്.
  • എല്ലാ വിവരാവകാശ മറുപടികളും ഓൺലൈനിൽ പ്രസിദ്ധപ്പെടുത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നതിന്.
  • പകര്‍പ്പിനുള്ള ഫീസ്‌ ഇ-ട്രെഷറി വഴി സ്വീകരിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്
  • ഫീസ്‌ അടക്കുന്ന കാര്യത്തില്‍ ഏകീകരണം വേണം. ഫീസ്‌ പോസ്റ്റല്‍ ഓര്‍ഡറായി സ്വീകരിക്കാന്‍ നിയമഭേദഗതി വരുത്തുന്നതിന്
  • സെക്ഷന്‍ 4 ഫലപ്രദമായി നടപ്പിലാക്കാന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്
  • ജീവനക്കാര്‍ക്ക് ഓഫീസില്‍ ആവശ്യത്തിന് കമ്പ്യൂട്ടര്‍, ഫോട്ടോസ്റ്റാറ്റ്, പിന്‍റര്‍,  സ്കാനര്‍, പേപ്പര്‍ മുതലായ അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കണം.

                    വിശ്വസ്തയോടെ
വിവരാവകാശികള്‍ ഗ്രൂപ്പിന് വേണ്ടി:


    1.  മഹേഷ്‌ വിജയന്‍    93425 02698     i.mahesh.vijayan@gmail.com
    2.  ധനരാജ് എസ്    9544399666    dhanaraj@live.in
    3.  എ പരമേശ്വരന്‍     9447970485    avinjikad@yahoo.com
    4.  വര്‍ഗീസ്‌ ജോസഫ്     9447154239
    5.  ജയിംസ് കുര്യന്‍    9495197678     jameskurian25@hotmail.com
    6.  വസന്തകുമാര്‍  9809949153         mrvasanthan@gmail.com

No comments:

Post a Comment