Wednesday, 27 July 2016

ഹൈക്കോടതിയേയും ജഡ്ജിമാരേയും സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കുന്നതിനുള്ള വിവരാവകാശ അപേക്ഷ.

TO
    State Public Information Officer
    High Court of Kerala
    Ernakulam, Kerala - 682031
 
Sir,

വിഷയം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ
   
          കോടതികളുടെ പ്രവര്‍ത്തനത്തെ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കണം എന്ന ബഹുമാനപ്പെട്ട ഹൈക്കോടതി ജസ്റ്റിസ് കമാല്‍ പാഷയുടെ ആഹ്വാനത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സമര്‍പ്പിക്കുന്ന വിവരാവകാശ അപേക്ഷ. ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിലെ എല്ലാവിധ കേസുകളുമായും ബന്ധപ്പെട്ട താഴെ പറയുന്ന  വിവരം അല്ലെങ്കില്‍ ടി വിവരം അടങ്ങിയിരിക്കുന്ന രേഖകളുടെപകര്‍പ്പ്/CD വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കുക.
1.  കഴിഞ്ഞ നൂറ്റാണ്ടില്‍ ഫയല്‍ ചെയ്ത, ഇതുവരേയും തീര്‍പ്പ്‌ കല്‍പ്പിച്ചിട്ടില്ലാത്ത കേസുകളുടെ എണ്ണം

2.  2000-മുതല്‍ ഇന്നുവരെ ഓരോ വര്‍ഷവും ഫയല്‍ ചെയ്ത കേസുകളുടെ എണ്ണം കാറ്റഗറി തിരിച്ച് ലഭ്യമാക്കുക.

3. 2000-മുതല്‍ ഇന്നുവരെ ഓരോ വര്‍ഷവും വിധി  പറഞ്ഞ കേസുകളുടെ എണ്ണം കാറ്റഗറി തിരിച്ച് ലഭ്യമാക്കുക.

4. നിലവില്‍ 'Pending' സ്റ്റാറ്റസില്‍ ഉള്ള മുഴുവന്‍ കേസുകളേയും സംബന്ധിച്ച താഴെ പറയുന്ന വിവരം CD-യില്‍ ലഭ്യമാക്കുക.
    a. കേസ് നമ്പര്‍
    b. കേസ് ഫയല്‍ ചെയ്ത വര്‍ഷം
    c. കേസ് ടൈപ്പ്/കാറ്റഗറി
    d. വാദിയുടേയും വാദിഭാഗം വക്കീലിന്റെയും പേര്
    e. പ്രതിയുടേയും പ്രതിഭാഗം വക്കീലിന്റെയും പേര്
    f.  ഹിയറിംഗ് നടത്തിയ അവസാന തീയതി
Note: ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വെബ്സൈറ്റില്‍ എല്ലാ കേസിന്റെയും വിവരങ്ങള്‍ ഒരുമിച്ച് ലഭ്യമാകുന്ന ഒരു ഫെസിലിറ്റി ഇല്ല എന്ന  കാര്യം ശ്രദ്ധയില്‍ പെടുത്തുന്നു.
5. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു തവണ പോലും ഹിയറിംഗ് നടത്താത്ത കേസുകളുടെ ആകെ എണ്ണം
6. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു തവണ പോലും ഹിയറിംഗ് നടത്താത്ത കേസുകളുടെ ആകെ എണ്ണം
7. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഒരു തവണ പോലും ഹിയറിംഗ് നടത്താത്ത കേസുകളുടെ ആകെ എണ്ണം
8. കഴിഞ്ഞ അഞ്ചോ അതിലധികമോ വര്‍ഷത്തിനുള്ളില്‍ ഒരു തവണ പോലും ഹിയറിംഗ് നടത്താത്ത കേസുകളുടെ ആകെ എണ്ണം

9. 2010 മുതല്‍ ഇന്നുവരെ ഹൈക്കോടതിയില്‍ ഉള്ള/ഉണ്ടായിരുന്ന എല്ലാ ജഡ്ജിമാരേയും (ന്യായാധിപന്‍) സംബന്ധിച്ച താഴെ പറയുന്ന വിവരം
    a. ജഡ്ജിയുടെ പേര്
    b. ചുമതലയെടുത്ത തീയതി
    c. ചുമതലയൊഴിഞ്ഞ തീയതി
    d. ചുമതലയെടുത്ത നാള്‍ മുതല്‍ ഇന്നുവരെ/ചുമതലയൊഴിഞ്ഞ തീയതി വരെ ഓരോ മാസവും തീര്‍പ്പാക്കിയ കേസുകളുടെ എണ്ണം.
    e. ടി ജഡ്ജി നിലവില്‍ കേള്‍ക്കുന്ന കേസുകളുടെ എണ്ണം
  • ആവശ്യപ്പെട്ട വിവരം പൂര്‍ണമായോ ഭാഗികമായോ നിഷേധിക്കുകയോ വിവരം  ലഭിക്കുന്നതിനുള്ള ഫീസ്‌ അടയ്ക്കുന്നതൊഴിച്ച് മറ്റെന്തെങ്കിലും തീരുമാനമെടുക്കുകയോ ചെയ്യുന്നപക്ഷം അതിന്റെ കാരണവും വിവരാവകാശ നിയമത്തിലെ ബന്ധപ്പെട്ട സെക്ഷനും വ്യക്തമാക്കേണ്ടതാണ്.
                                            വിശ്വസ്തതയോടെ
കോട്ടയം                                                                           
19-07-16                                                                                                  മഹേഷ് വിജയൻ
                                                           

Monday, 25 July 2016

RTI Act Overview Malayalam

ആക്ടിന്റെ ഉദ്ദേശ്യ ലക്‌ഷ്യം



  •  സുതാര്യത
  • ഉത്തരവാദിത്വം
  • അഴിമതി നിര്‍മാര്‍ജ്ജനം
  • ജനകീയ പങ്കാളിത്തം
വിവരാവകാശം അഥവാ അറിയാനുള്ള അവകാശം എന്നാല്‍ 


  •  ജോലിയും രേഖകളും പരിശോധിക്കുന്നതിന്
  •  രേഖകളുടെ പകര്‍പ്പുകള്‍ എടുക്കുന്നതിന്
  •  പദാര്‍ഥങ്ങളുടെ സാമ്പിളുകള്‍ എടുക്കുന്നതിന്
  •  ഇലക്ട്രോണിക് രൂപത്തിലുള്ള വിവരത്തിന്റെ പകര്‍പ്പ് എടുക്കുന്നതിന്
        -Section 2(J)

വിവരം എന്നാല്‍
  •         രേഖകള്‍
  •         റെക്കോര്‍ഡുകള്‍
  •         പ്രമാണങ്ങള്‍
  •         ഫയല്‍കുറിപ്പുകള്‍
  •         മെമ്മോകള്‍
  •         ലോഗ് ബുക്കുകള്‍
  •         കരാറുകള്‍
  •         റിപ്പോര്‍ട്ടുകള്‍
  •         പ്രബന്ധങ്ങള്‍
  •         അഭിപ്രായങ്ങള്‍
  •         ഉപദേശങ്ങള്‍
  •         സാമ്പിളുകള്‍
  •         മൈക്രോഫിലിമുകള്‍
  •         മോഡലുകള്‍
  •         കയെഴുത്ത് പ്രതികള്‍
  •         സ്കെച്ചുകള്‍
  •         ഇ-മെയിലുകള്‍
  •         ഫോട്ടോകള്‍/വീഡിയോകള്‍
  •         ഇലക്ട്രോണിക്/ഡിജിറ്റല്‍ രൂപത്തിലുള്ള വിവരം
  •         ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ഇന്ത്യയില്‍ നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരം ഒരു പൊതുഅധികാരിക്ക് ശേഖരിക്കാവുന്ന വിവരം
                -Section 2(f)   

പൊതുഅധികാരി
        പൊതുഅധികാരിയെന്നാല്‍ ഭരണഘടന പ്രകാരമോ ലോക്സഭയുടേയോ നിയമസഭകളുടേയോ നിയമം വഴിയോ നിലവില്‍ വന്നതോ രൂപീകരിക്കപ്പെട്ടതോ ആയ അധികാരിയോ സ്ഥാപനമോ ആണ്. സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ഉള്ളതോ സര്‍ക്കാരില്‍ നിന്നും ഗണ്യമായ ധനസഹായം    ലഭിക്കുന്ന സര്‍ക്കാരിതര സംഘടനകളും പൊതുഅധികാരി എന്നതിന്റെ നിര്‍വചനത്തില്‍ പെടും.
                -Section 2(h)

എവിടെയെല്ലാം അപേക്ഷ കൊടുക്കാം



        വില്ലേജ്-പഞ്ചായത്ത് ഓഫീസ് മുതല്‍ സുപ്രീം കോടതി വരെയുള്ള ഏതൊരു പൊതുഅധികാര സ്ഥാപനങ്ങളില്‍ നിന്നും വിവരങ്ങള്‍ അറിയാന്‍ പൗരന് അവകാശമുണ്ട്‌. വിവരാവകാശ നിയമമനുസരിച്ച് പൗരന് സര്‍ക്കാരിനോടോ മറ്റ് പൊതുഅധികാരികളോടോ അവരുടെ നിഷ്ക്രിയത്വം, അനിയന്ത്രിതത്വം, അഴിമതി, സങ്കടങ്ങള്‍ നിവൃത്തി വരുത്താത്തതോ ആയ കാര്യങ്ങള്‍  പുറത്ത് കൊണ്ടുവരാന്‍ പര്യാപ്തമായ ഏത് വിവരങ്ങളും ചോദിക്കാന്‍ അവകാശമുണ്ടായിരിക്കും
       
 പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (PIO)
            പൊതുഅധികാരികളുടെ കൈവശമുള്ള വിവരങ്ങളും പൊതു അധികാരിക്ക് നിയമപ്രകാരം പ്രാപ്തമാക്കാന്‍ കഴിയുന്ന വിവരങ്ങളും പൗരന് നല്കുന്നതിനായി ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍. സര്‍ക്കാരിന്റെ വിവിധ ഓഫീസുകളിലും മറ്റ് പൊതുഅധികാര കേന്ദ്രങ്ങളിലും വിവരം നല്‍കുവാനായി പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരേയും അപേക്ഷയും അപ്പീലും സ്വീകരിച്ച് PIO-യ്ക്ക് കൈമാറുന്നതിനായി അസിസ്റ്റന്റ്റ്  പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരേയും നിയമിച്ചിട്ടുണ്ട്. എല്ലാ പൊതു അധികാരികളും ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ പേര്, ഉദ്യോഗപ്പേര്, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ എന്നിവ അതാത് ഓഫീസുകളില്‍ എഴുതി പ്രദര്‍ശിപ്പിക്കേണ്ടതും സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്.

CPIO, CAPIO
        കേന്ദ്ര സര്‍ക്കാര്‍ വകുപ്പിലെ/സ്ഥാപനങ്ങളിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (CPIO) , സെന്‍ട്രല്‍ അസിസ്റ്റന്റ്റ്  പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (CAPIO) എന്നിങ്ങനെ നാമകരണം ചെയ്തിരിക്കുന്നു.

SPIO, SAPIO
        എല്ലാ സംസ്ഥാന സര്‍ക്കാര്‍ വകുപ്പിലെ/സ്ഥാപനങ്ങളിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ
സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (SPIO) , സ്റ്റേറ്റ് അസിസ്റ്റന്റ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (SAPIO) എന്നിങ്ങനെ നാമകരണം ചെയ്തിരിക്കുന്നു. 
          
അപേക്ഷയുടെ നടപടിക്രമം



  • അപേക്ഷയ്ക്ക് നിശ്ചിത മാതൃക ഇല്ല
  • വെള്ളക്കടലാസില്‍ അപേക്ഷ തയ്യാറാക്കുക.
  • അപേക്ഷ ഇംഗ്ലീഷിലോ ഹിന്ദിയിലോ അതാത് പ്രദേശത്തെ ഔദ്യോഗിക ഭാഷയിലോ നല്‍കാവുന്നതാണ്
  • വിവരം ആവശ്യപ്പെടുന്നതിന്റെ കാരണം ബോധിപ്പിക്കേണ്ടതില്ല.
  • അപേക്ഷാഫീസ്‌ പത്ത് രൂപയാണ്.
  • എഴുത്തും വായനയും അറിയാത്ത വ്യക്തിക്ക് അപേക്ഷ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എഴുതി നല്കേണ്ടതാണ്.
  • ഏത് കാലയളവിലെ വിവരങ്ങളാണ് വേണ്ടതെന്ന് നിര്‍ബന്ധമായും പറയണം
  • അപേക്ഷകനെ ബന്ധപ്പെടുന്നതിനാവശ്യമായ വിവരം ഒഴിച്ച് മറ്റ് വ്യക്തിഗത വിവരം നല്‍കേണ്ടതില്ല
              -Section 6

അപേക്ഷയുടെ കൈമാറ്റം          
ആവശ്യപ്പെട്ട വിവരം പൂര്‍ണ്ണമായോ ഭാഗികമായോ മറ്റേതെങ്കിലും പൊതുഅധികാരിയുടെ കൈവശമുള്ളവയാണെങ്കില്‍ അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനകം ബന്ധപ്പെട്ട അധികാരിക്ക് അപേക്ഷ കൈമാറി അക്കാര്യം PIO അപേക്ഷകനെ രേഖാമൂലം അറിയിക്കേണ്ടതാണ്; ഒപ്പം, ലഭ്യമായ വിവരം അപേക്ഷകന് നല്‍കുകയും വേണം.
               -Section 6(3)

വിവരം നല്‍കേണ്ട കാലാവധി
  • സാധാരണയായി 30 ദിവസം
  • ജീവനേയോ സ്വാതന്ത്ര്യത്തേയോ സംബന്ധിച്ചത് 48 മണിക്കൂറിനകം
  • അപേക്ഷ കൈമാറുന്ന സാഹചര്യങ്ങളില്‍ 35 ദിവസം
  • മൂന്നാം കക്ഷിയെ സംബന്ധിച്ച വിവരം - 40 ദിവസം
                -Section 7

ഒഴിവാക്കപ്പെട്ട വിവരങ്ങള്‍
  •     രാജ്യത്തിന്റെ സുരക്ഷയുമായും അഖണ്ഡതയുമായും ബന്ധപ്പെട്ടവ
  •     ഏതെങ്കിലും കോടതിയോ ട്രൈബ്യൂണലോ വിലക്കിയിട്ടുള്ള വിവരം
  •     വാണിജ്യ രഹസ്യങ്ങള്‍
  •     ഒരു വ്യക്തിയുടെ ജീവനോ സ്വത്തിനോ ഹാനികരമായേക്കാവുന്ന വിവരം
  •     അന്വേഷണത്തെ തടസ്സപ്പെടുത്തിയേക്കാവുന്ന വിവരം
  •      പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ചവ
  •     പൊതുതാല്പര്യമില്ലാത്ത വ്യക്തിഗത വിവരങ്ങള്‍

എന്നാല്‍, പാര്‍ലമെന്റിനോ നിയസഭയ്ക്കോ നിഷേധിക്കാവുന്നതല്ലാത്ത ഏതെങ്കിലും ഒരു വ്യക്തിക്കും നിഷേധിക്കുവാന്‍ പാടുള്ളതല്ല.
         -Section 8 (1)

അപേക്ഷ നിരസിക്കല്‍
നിരസിച്ച കാരണം, അപ്പീല്‍ അധികാരിയുടെ വിശദാംശങ്ങള്‍, അപ്പീല്‍ നല്‍കേണ്ട കാലാവധി
എന്നിവ അപേക്ഷകനെ അറിയിക്കേണ്ടതാണ്.
         -Section 7(8)

മൂന്നാം കക്ഷിയെ സംബന്ധിച്ച വിവരം        
      മൂന്നാം കക്ഷി രഹസ്യമായി കരുതുന്ന ഒരു വിവരം വെളിപ്പെടുത്തുന്നതിന് മുന്‍പ് , മൂന്നാം കക്ഷിക്ക് നോട്ടീസ് നല്‍കി, മൂന്നാം കക്ഷിയുടെ നിര്‍ദ്ദേശവും വിവരം വെളിപ്പെടുത്തുന്നതിലുള്ള പൊതുതാല്‍പര്യവും പരിഗണിച്ചാവണം PIO തീരുമാനമെടുക്കേണ്ടത്.
           -Section 11

അപേക്ഷ ഫീസ്‌
അപേക്ഷ ഫീസായ 10 രൂപ ഫീസ്‌ അടയ്ക്കേണ്ട വിധം:

1. കേരള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍
    കോര്‍ട്ട് ഫീസ്‌ സ്റ്റാമ്പ്
    ഡി.ഡി/പേ ഓര്‍ഡര്‍

2. സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള സര്‍ക്കാരേതര സ്ഥാപനങ്ങളായ ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, യൂണിവേഴ്സിറ്റികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ മുതലായവ ഉദാ: (Water Authority, KSRTC, etc)
    പോസ്റ്റല്‍ ഓര്‍ഡര്‍
    ഡി.ഡി/പേ ഓര്‍ഡര്‍
    നേരിട്ടുള്ള കാഷ് ഡിപ്പോസിറ്റ്

3. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍
    പോസ്റ്റല്‍ ഓര്‍ഡര്‍
    ഇലക്ട്രോണിക് പോസ്റ്റല്‍ ഓര്‍ഡര്‍
    ഓണ്‍ലൈന്‍ വഴി

പകര്‍പ്പിനുള്ള ഫീസ്‌
Rs 2 per A4 pages
Rs 50 per CD
നിശ്ചിത കാലയളവിനുള്ളില്‍ വിവരം ലഭിക്കുന്നില്ല എങ്കില്‍  ആവശ്യപ്പെട്ട വിവരം സൗജന്യമായി ലഭിക്കും.
ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ഫീസ്‌ ഇല്ലാതെ വിവരം ലഭിക്കും

ഒന്നാം അപ്പീല്‍          
        നിശ്ചിത സമയ പരിധിക്കുള്ളില്‍ വിവരം ലഭിക്കാതിരിക്കുകയോ ലഭിച്ച വിവരം തൃപ്തികരമോ അല്ലെങ്കില്‍ അപ്പീല്‍ അധികാരിക്ക് ഒന്നാം അപ്പീല്‍ നല്‍കാവുന്നതാണ്. അപ്പീല്‍ അധികാരി 30 ദിവസത്തിനകം അപ്പീലില്‍ തീരുമാനം എടുക്കെണ്ടതാണ്. മറുപടി ലഭിച്ച് 30 ദിവസത്തിനകം ഒന്നാം അപ്പീല്‍ നല്കണം.  മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ 30 ദിവസത്തിന് ശേഷവും ഒന്നാം അപ്പീല്‍ സ്വീകരിക്കുന്നതാണ്. 

      -Section 19 (1)

രണ്ടാം അപ്പീല്‍
          ഒന്നാം അപ്പീലില്‍ തീരുമാനം എടുക്കാതിരിക്കുകയോ എടുത്ത തീരുമാനം തൃപ്തികരമോ അല്ലെങ്കില്‍ കേന്ദ്ര/സംസ്ഥാന വിവരാവകാശ  കമ്മീഷന് ഒന്നാം അപ്പീല്‍ നല്‍കാവുന്നതാണ്.
ഒന്നാം അപ്പീലില്‍ തീരുമാനം എടുത്ത് തൊണ്ണൂറ് ദിവസത്തിനകം രണ്ടാം അപ്പീല്‍ നല്കണം.  മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ തൊണ്ണൂറ് ദിവസത്തിന് ശേഷവും ഒന്നാം അപ്പീല്‍ സ്വീകരിക്കുന്നതാണ്.
        -Section 19 (3)

ശിക്ഷ          
          വിവരം മനപൂര്‍വ്വം നല്‍കാതിരിക്കുകയോ കാലതാമസം വരുത്തുകയോ തെറ്റായതോ അപൂര്‍ണ്ണമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ  വിവരം നല്കുകയോ ചെയ്‌താല്‍ PIO ഒരു ദിവസം 250 രൂപ വെച്ച് പരമാവധി 25000 രൂപ വരെ പിഴ സര്‍ക്കാരിലേക്ക് അടക്കേണ്ടതാണ്. കൂടാതെ വകുപ്പ് തല നടപടിയും ഉണ്ടാകും.
          -Section 20

വിവരാവകാശികള്‍ ഫേയ്സ്ബുക്ക് ഗ്രൂപ്പ്       
വിവരാവകാശ നിയമ സംബന്ധമായ ചരച്ചകള്‍ക്കായി
         https://www.facebook.com/groups/righttoinformationcommunity/

വിവരാവകാശ അപേക്ഷകള്‍ ഓണ്‍ലൈനില്‍ നല്‍കാം
കേന്ദ്ര സര്‍ക്കാര്‍ വെബ്സൈറ്റ് - http://rtionline.gov.in
RTI Online.IN:  വിവരാവകാശ അപേക്ഷകളും  അപ്പീലും ഓണ്‍ലൈനില്‍ തയ്യാറാക്കി കൊടുക്കുന്നു.
http://rtionline.in
http://facebook.com/rtionline.in

ചിത്രങ്ങള്‍ക്ക് കടപ്പാട് : Google

Wednesday, 20 July 2016

ബി.പി.എല്‍ വിഭാഗക്കാര്‍ക്കുള്ള സൗജന്യ പേജുകളുടെ എണ്ണം 20

വിവരാവകാശ നിയമപ്രകാരം ബി.പി.എല്‍ (BPL) വിഭാഗക്കാര്‍ക്ക് സൗജന്യമായി ലഭിക്കുന്ന പേജുകളുടെ എണ്ണം 20 എന്ന് നിജപ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം.
A4 വലിപ്പത്തിലുള്ള പേജുകള്‍ മാത്രമ സൗജന്യമായി ലഭിക്കുകയുള്ളൂ.





Wednesday, 6 July 2016

ഇ-മെയിലില്‍ ലഭിക്കുന്ന അപേക്ഷ,പരാതികളിലും ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണം.

എല്ലാ ഉദ്യോഗസ്ഥന്മാരും തങ്ങളുടെ ഒൗദ്യോഗിക ഇ-മെയില്‍ വിലാസത്തില്‍ വരുന്ന അപേക്ഷകള്‍, പരാതികള്‍ എന്നിവയ്ക്ക്  റിട്ടേണ്‍ രസീത് നല്‍കുവാനും അനന്തര നടപടി സ്വീകരിക്കുവാനും നിര്‍ദ്ദേശിച്ച് 2011 ല്‍ സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍.
നം. 18825/സി.ഡി.എന്‍/3/10/പൊ.ഭ.വ
തീയതി: 19/05/2011


ഇത് സംബന്ധിച്ച വിവരാവകാശികള്‍ ഫേയ്സ്ബുക്ക് ഗ്രൂപ്പിലെ ചര്‍ച്ച കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:

Friday, 1 July 2016

മുഖ്യ വിവരാവകാശ കമ്മീഷണറുമായുള്ള ചര്‍ച്ചയുടെ ഫലം

30.06.2016-ല്‍ 'വിവരാവകാശികള്‍'  പ്രതിനിധികളും  മുഖ്യ വിവരാവകാശ കമ്മീഷണര്‍ ശ്രീ വിന്‍സന്‍ എം. പോളും കമ്മീഷന്‍ ഓഫീസില്‍ വെച്ച്  നടത്തിയ ചര്‍ച്ചയിലെ നിര്‍ണായക പോയിന്‍റുകള്‍  ശ്രദ്ധയില്‍ പെടുത്തുന്നു.
    വിവരാവകാശ നിയമം ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ തരണം ചെയ്ത്, നിയമം വിജയകരമായി  നടപ്പാക്കുന്നതിന്  വളരെ വ്യക്തമായ  ചില ആശയങ്ങളും  പദ്ധതികളും  വിന്‍സന്‍ എം. പോള്‍ സാറിന്റെ മനസ്സില്‍ ഉണ്ട് എന്നത് വളരെയധികം പ്രതീക്ഷയും ഊര്‍ജ്ജവും  നല്‍കുന്നു. അദ്ദേഹത്തിന് സര്‍ക്കാരിന്‍റെ മികച്ച പിന്തുണ കൂടി ലഭിച്ചാല്‍,  ശരിയായ രീതിയില്‍  കേരളത്തില്‍  വിവരാവകാശ നിയമം നടപ്പിലാക്കാനാകും.
    ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ തന്റെ മനസ്സിലെ ആശയങ്ങള്‍ അദ്ദേഹം വളരെ വ്യക്തമായി  ഞങ്ങളോട്  പങ്ക് വെച്ചു.  വിവരാവകാശ കമ്മീഷന്‍റെ പ്രവര്‍ത്തനം സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കുമെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതായി എനിക്ക് തോന്നിയത്.  കമ്മീഷനില്‍ പുതിയ അംഗങ്ങള്‍ വന്ന് കഴിഞ്ഞാല്‍ ഗവര്‍ണറോഡ്‌ ചര്‍ച്ച ചെയ്ത് ഓരോരുത്തരുടേയും പെര്‍ഫോര്‍മന്‍സ് വിലയിരുത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കും.  ഓരോ അംഗവും ഒരു മാസം മിനിമം  തീര്‍പ്പാക്കേണ്ട അപേക്ഷകളുടെ എണ്ണം നിശ്ചയിക്കും.  കമ്മീഷന്‍ അംഗങ്ങളുടെ നിയമനം വൈകുന്നത് സംബന്ധിച്ച ആശങ്ക അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
   
    കമ്മീഷനില്‍ അഞ്ച് അംഗങ്ങളെങ്കിലും ഉണ്ടെങ്കില്‍ ഒരു വര്‍ഷത്തിനകം  കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കും. 13,200 കേസുകളാണ് ഇപ്പോള്‍ പെന്‍ഡിംഗ് ആയിട്ടുള്ളത്. അതിലൊരെണ്ണം 2011-ലേതാണ്. അതിന് ശേഷം വരുന്ന എല്ലാ അപേക്ഷകളും ഒരു മാസത്തിനകം തീര്‍പ്പാക്കാനാണ് പദ്ധതി. മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഒരു മാസം കുറഞ്ഞത് നൂറ് അപേക്ഷകള്‍ എങ്കിലും തീര്‍പ്പാക്കുക   അദ്ദേഹത്തിന്‍റെ നിലവിലുള്ള ടാര്‍ജറ്റ്. അടിയന്തിര  പ്രാധാന്യമുള്ളവയും നിരവധി പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളും പെട്ടന്ന് തീര്‍പ്പാക്കാന്‍ ശ്രമിക്കും.  ഇത്തരം സംഗതികള്‍ ഇ-മെയില്‍  അയച്ചോ പേരില്‍ കത്തയച്ചോ അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ പെടുത്താമെന്ന് അറിയിച്ചിട്ടുണ്ട്.

    വിവരം നല്കാത്തവര്‍ക്ക് നിയമാനുസൃത ശിക്ഷ നല്‍കുന്നതില്‍ വീഴ്ച വരുത്തില്ല. റവന്യൂ വകുപ്പിലെ ഒരു PIO-യ്ക്ക് 25000 രൂപ പിഴ വിധിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി ഉദ്യോഗസ്ഥര്‍ക്ക് ഇതിനോടകം സെക്ഷന്‍ 20(1) അനുസരിച്ചുള്ള നോട്ടീസ് നല്കി കഴിഞ്ഞു. 
    വിവരാവകാശ അപേക്ഷകള്‍ക്കും അപ്പീലുകള്‍ക്കും ഓണ്‍ലൈനില്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരില്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്.  ഓണ്‍ലൈനില്‍ ഫീസ്‌ അടയ്ക്കുന്നതും മറുപടിയും ഓണ്‍ലൈനില്‍ തന്നെ ലഭ്യമാക്കുന്നതും സര്‍ക്കാരിന് കൂടുതല്‍ ലാഭകരമാകും; പൊതുജനങ്ങള്‍ക്ക് എളുപ്പവും.
    എല്ലാ പബ്ലിക് അതോറിറ്റികളും സെക്ഷന്‍ 4  അനുസരിച്ച് ആവശ്യമായ വിവരം സ്വമേധയാ വെബ്‌സൈറ്റില്‍  പ്രസിദ്ധീകരിക്കുന്നതും യഥാസമയം അപ്ഡേറ്റ് ചെയ്യുന്നതിനും നടപടി സ്വീകരിക്കുന്നതാണ്. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് എഴുതും.  കമ്മീഷന്‍റെ ഓര്‍ഡറായ തീരുമാനങ്ങള്‍ നമ്മളാവശ്യപ്പെട്ട പ്രകാരം 48 മണിക്കൂറിനകം പരസ്യപ്പെടുത്താമെന്ന് അദ്ദേഹം അറിയിച്ചു.  എന്നാല്‍, ഇതിന് നിലവിലുള്ള സോഫ്റ്റ്‌വെയറിലെ തകരാറുകള്‍ പരിഹരിക്കേണ്ടതുണ്ട്. ഇത് കെല്‍ട്രോണിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. അവര്‍ ഉടനെ പ്രശ്നം പരിഹരിക്കുന്നതാണ്.  അപ്പീലിന്റെയും പരാതിയുടേയും സ്റ്റാറ്റസ് സൈറ്റില്‍ ലഭ്യമാക്കും.
     2016 മുതലുള്ള കേസുകളാണ് ഉടന്‍ തീര്‍പ്പാക്കുക. അതിന് പുറകോട്ടുള്ളത് കുറച്ച് കൂടി സമയമെടുക്കും. വിവിധ ജില്ലകളില്‍ സന്ദര്‍ശിച്ച് തീര്‍പ്പാക്കുക എന്നതാണ് പ്ലാന്‍ ഓഫ് ആക്ഷന്‍. ഇത് അപേക്ഷകന് വളരെയധികം സഹായകമാകും. ഇതിന്റെ ഭാഗമായി കൊല്ലം, തൃശൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകള്‍ സന്ദര്‍ശിച്ച്  ഹിയറിംഗ്  നടത്തി. ഈ മാസം കണ്ണൂര്‍ (കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകള്‍ക്ക് വേണ്ടി), പാലക്കാട്, തിരുവല്ല (ആലപ്പുഴ, പത്തനംതിട്ട) എന്നിവിടങ്ങളില്‍ ഹിയറിംഗ് നടത്തും.
    ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിയമത്തിലുള്ള അജ്ഞത അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ചീഫ് സെക്രട്ടറിക്ക് കത്തെഴുതി, കളക്ടറുടെ നേതൃത്വത്തില്‍ PIO-മാരെ വിളിച്ച് ചേര്‍ത്ത് ബോധവല്‍ക്കരണം നടത്താന്‍ പദ്ധതി തയ്യറാക്കി കൊണ്ടിരിക്കുകയാണ് എന്നറിയിച്ചു. കേന്ദ്ര സര്‍ക്കാരില്‍ നിന്നും വര്‍ഷം മൂന്ന് ലക്ഷം രൂപ ബോധവല്‍ക്കരണ പരിപാടികള്‍ക്കായി ലഭിക്കുന്നുണ്ട്. ഇതുപയോഗിച്ച് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍  ഓരോ പരിപാടികള്‍ സംഘടിപ്പിക്കുകയാണ് ചെയ്യാറ്. ആഡംബരങ്ങളും അനാവശ്യ ചിലവുകളും  കുറച്ച്  പരമാവധി പരിശീലന പരിപാടികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തണമെന്ന നമ്മുടെ ആവശ്യം അദ്ദേഹം തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.
    സംസ്ഥാനത്ത് എവിടെ പരിശീലന പരിപാടി സംഘടിപ്പിച്ചാലും  വന്ന് രണ്ട് മണിക്കൂര്‍  ക്ലാസ് എടുത്ത് തരാം എന്ന്  വിന്‍സന്‍ എം. പോള്‍ സാര്‍ അറിയിച്ചിട്ടുണ്ട്.  ഇതിനായി ഏറ്റവും  കുറഞ്ഞത് രണ്ടാഴ്ച മുന്‍പെങ്കിലും അദ്ദേഹത്തെ അറിയിക്കണം.  അദ്ദേഹത്തിന് സര്‍ക്കാര്‍ ചിലവില്‍ വരാന്‍ സാധിക്കുന്നതിനാല്‍ പരിപാടി ഓര്‍ഗനൈസ് ചെയ്യുന്നതിന് വേണ്ട ചിലവേ വരുന്നുള്ളൂ.  അദ്ദേഹത്തിന്‍റെ രണ്ട് മണിക്കൂര്‍ ക്ലാസിന് ശേഷവും  ക്ലാസ് നടത്തേണ്ടവര്‍ക്ക് പരിശീലകറുടെ സേവനം വിവരാവകാശികള്‍ ഗ്രൂപ്പ് സൗജന്യമായി ലഭ്യമാക്കുന്നതാണ്.
    സോഷ്യല്‍ മീഡിയ വഴി ബോധവല്‍ക്കരണം നടത്താന്‍ ചില കാര്യങ്ങള്‍ അദ്ദേഹം നമ്മുടെ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി. വിവരാവകാശ നിയമപ്രകാരം അപേക്ഷകള്‍ക്ക് മാത്രമേ പത്ത് രൂപ ഫീസ്‌ അടയ്ക്കേണ്ടതുള്ളൂ. അപ്പീലുകള്‍ക്ക് ഫീസ്‌ ഇല്ല; എന്നാല്‍ നിരവധി പേര്‍ അപ്പീലുകള്‍ക്കും ഫീസ്‌ അടയ്ക്കുന്നു.  ഇതൊഴിവാക്കേണ്ടതാണ്.
    അപ്പീല്‍ ഹിയറിംഗില്‍ അപേക്ഷകന്‍ നേരിട്ട് ഹാജരാകേണ്ട ആവശ്യമില്ല.  പക്ഷെ, പലപ്പോഴും അപ്പീല്‍ വായിച്ച് നോക്കിയാല്‍ കാര്യം മനസ്സിലാകാറില്ല. ലഭിച്ച മറുപടി തൃപ്തികരമല്ല എന്ന  ഒറ്റവാചകമാണ് പലപ്പോഴും അപ്പീലില്‍ ഉള്ളത്. പ്രത്യക്ഷത്തില്‍  PIO മറുപടി നല്‍കിയിട്ടുണ്ട് താനും. മറുപടിയിലെ ആക്ഷേപങ്ങള്‍ വളരെ വ്യക്തമായി  ബോധിപ്പിച്ചാല്‍ മാത്രമേ ഉചിതമായ തീരുമാനം എടുക്കാനാകൂ. ഇപ്രകാരം കാര്യങ്ങള്‍ വ്യക്തമാക്കാതെ അപ്പീല്‍ നല്കിയിട്ടുള്ളവര്‍      ഹിയറിംഗില്‍ പങ്കെടുക്കുന്നതാണ് അഭികാമ്യം. അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നവ അല്ലാതെ പുതിയ വിവരം അപ്പീലില്‍ ആവശ്യപ്പെടാനാകില്ല.  രണ്ടാം അപ്പീല്‍ സമര്‍പ്പിക്കുമ്പോള്‍ വിവരാവകാശ അപേക്ഷയുടേയും ഫീസ്‌ അടച്ചതിന്റേയും തെളിവ്, ഒന്നാം അപ്പീലിന്റെയും ലഭിച്ച മറുപടികളുടേയും പകര്‍പ്പ് ഹാജരാക്കണം. കോര്‍ട്ട് ഫീസ്‌ സ്റ്റാമ്പിന് പകരം മറ്റേതെങ്കിലും രീതിയിലാണ് അപേക്ഷാ ഫീസ്‌ അടച്ചിരിക്കുന്നത് എങ്കില്‍ അക്കാര്യം നിര്‍ബന്ധമായും വ്യക്തമാക്കിയിരിക്കണം.
    അപേക്ഷയില്‍ വിവരം ആവശ്യപ്പെടുന്നതിന്റെ കാരണം ബോധിപ്പിക്കേണ്ടതില്ല. എന്നാല്‍, കാരണം ചുരുക്കി പറയുന്നത് അപേക്ഷകന്റെ ആവശ്യമറിഞ്ഞു വിവരം തരാന്‍ PIO-യെ സഹായിക്കും.  ആവശ്യപ്പെടുന്ന വിവരം മൂന്നാം കക്ഷിയുടെ വ്യക്തിഗത  വിവരവുമായി ബന്ധപ്പെട്ടതാണെങ്കില്‍ കാരണം ബോധിപ്പിച്ചാല്‍ മാത്രമേ  അതിലെ പൊതുതാല്പര്യം വിലയിരുത്താനാകൂ.  പൊതുതാല്പര്യമില്ലാതെ നിരസിച്ച് രണ്ടാം അപ്പീല്‍ നല്‍കുമ്പോഴാണ് പലരും കാരണം ബോധിപ്പിക്കുക. 
    വിവരാവകാശ നിയമത്തോടൊപ്പം സേവനാവകാശ നിയമവും ശക്തമായി നടപ്പിലാക്കേണ്ടതുണ്ട് എന്നും അതിനും  വിവരാവകാശ കമ്മീഷണര്‍ മാതൃകയില്‍ സേവനാവകാശ കമ്മീഷനെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു.  ഈ ആവശ്യങ്ങള്‍ ഉന്നയിച്ച്  മുഖ്യമന്ത്രിയെ ഉടനെ കാണുമെന്നും നമ്മള്‍ അദ്ദേഹത്തെ അറിയിച്ചു.  നിവേദനത്തില്‍ ബോധിപ്പിച്ച മുഴുവന്‍ കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ സമയം കിട്ടിയില്ല.  എങ്കിലും അക്കാര്യങ്ങള്‍ കൂടി അദ്ദേഹം പരിശോധിച്ച് തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.  ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് Avinjikad Parameswaran (തൃശൂര്‍), Varghese Joseph (എറണാകുളം), Vasantha Kumar(കൊല്ലം), James Kurian (പത്തനംതിട്ട), Mahesh Vijayan (കോട്ടയം) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  കൂടുതല്‍ വിവരങ്ങള്‍ക്കും ഭാവി പരിപാടിയില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവരും ബന്ധപ്പെടുക - 93425 02698 (മഹേഷ്‌ വിജയന്‍)

കമ്മീഷന് നല്‍കിയ നിവേദനത്തിന്റെ പൂര്‍ണരൂപം കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

മുഖ്യ വിവരാവകാശ കമ്മീഷണര്‍ക്ക് നല്‍കിയ നിവേദനം

                                                                                      തിരുവനന്തപുരം
                                                                                        30-06-2016   
ബഹുമാനപ്പെട്ട സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍ ശ്രീ വിന്‍സന്‍ എം. പോള്‍ അവര്‍കള്‍ മുന്‍പാകെ വിവരാവകാശികള്‍ ഫേയ്സ്ബുക്ക് കൂട്ടായ്മ നല്കുന്ന നിവേദനം.
        വിവരാവകാശ നിയമം ഉപയോഗിച്ച് വളരെ ഫലപ്രദമായ ഇടപെടലുകള്‍  നടത്തിക്കൊണ്ടിരിക്കുന്ന  വിവരാവകാശികള്‍   എന്ന ഫേയ്സ്ബുക്ക് കൂട്ടായ്മ  ഇന്ന്  ഇരുപതിനായിരത്തിലധികം  അംഗങ്ങളിലെത്തി നില്‍ക്കുന്നു.  2013-ല്‍ മാധ്യമപ്രവര്‍ത്തകയായ ജിഷ എലിസബത്തിന്‍റെ നേതൃത്തില്‍ തുടങ്ങിയ കൂട്ടായ്മ പിന്നീട്, മഹേഷ്‌ വിജയന്‍, ധനരാജ് സുഭാഷ് ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍  കൂടുതല്‍  ജനകീയമായി. ഇന്ന് നിരവധി വിവരാവകാശ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും  സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സജീവമായി ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നു. വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് സംശയങ്ങള്‍ക്ക് ഗ്രൂപ്പ് അംഗങ്ങള്‍ മറുപടി നല്‍കിയിട്ടുണ്ട്.  ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്ത  ഏകദേശം  നൂറിലധികം  വിവരാവകാശ മറുപടികള്‍ നിരവധി മാധ്യമങ്ങളില്‍ വാര്‍ത്തകളായി.
      വിവരാവകാശ നിയമം ഉപയോഗിച്ച് വിദേശ രാജ്യങ്ങളില്‍ തടവില്‍/കുടുങ്ങി കിടന്ന ഒന്‍പത് പേരെ കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെത്തിക്കാന്‍ സാധിച്ചു.  നിരവധി പരിശീലന പരിപാടികള്‍, വിവരാവകാശ എക്സിബിഷനുകള്‍, ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു. വിവരാവകാശ അപേക്ഷകള്‍ ഓണ്‍ലൈനില്‍ തയ്യാറാക്കി കൊടുക്കുന്ന RTI Online.IN എന്ന  വെബ്‌സൈറ്റും ആറു മാസം മുന്‍പ് തുടങ്ങുകയുണ്ടായി. നിരവധി സാമ്പിള്‍ വിവരാവകാശ അപേക്ഷകള്‍,  അറിവുകള്‍ എന്നിവ തയ്യാറാക്കുകയും സോഷ്യല്‍ മീഡിയ വഴി  പ്രചരിപ്പിക്കുകയും ചെയ്തു പോരുന്നു. പുതിയ വിവരാവകാശ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നതിലും ഗ്രൂപ്പ് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.
    സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളിലെ ശോചനീയാവസ്ഥ, സ്വകാര്യ ബസുകളുടെ നിയമ ലംഘനങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ഗ്രൂപ്പിന്റെ പേരില്‍ ഏറ്റെടുത്ത് അവയ്ക്ക് പരിഹാരം കാണും വരെ തുടര്‍ച്ചയായി വിവരാവകാശ നിയമപ്രകാരം  ഇടപെടലുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.  ജൂവലറികള്‍,  ടെക്സ്റ്റയില്‍സുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ വന്‍കിട സ്ഥാപനങ്ങളുടെ ക്രമക്കേടുകള്‍ വാണിജ്യ താല്പര്യം മുന്‍നിര്‍ത്തി മാധ്യമങ്ങള്‍ ഒഴിവാക്കുമ്പോള്‍ ഗ്രൂപ്പ് അതേറ്റെടുക്കുകയും ജനങ്ങളിലെത്തിക്കുകയും ചെയ്തിട്ടുണ്ട്.
    വിവരാവകാശ നിയമം മികച്ച രീതിയില്‍ നടപ്പാക്കി അഴിമതി ഇല്ലാതാക്കാനുള്ള ഈ മഹത്തായ  യജ്ഞത്തില്‍,  താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ മുന്‍പാകെ നല്കുന്നതോടൊപ്പം ഇതിനായി കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന  ഏതൊരു  പ്രവൃത്തിയും ഏറ്റെടുത്ത് നടത്താനുള്ള ഗ്രൂപ്പിന്‍റെ സന്നദ്ധതയും സസന്തോഷം  അറിയിക്കുന്നു.

ഞങ്ങളുടെ പ്രധാന നിര്‍ദ്ദേശങ്ങള്‍.
1. വിവരാവകാശ കമ്മീഷന്‍ സെക്ഷന്‍ 4  പൂര്‍ണമായും അടിയന്തിരമായി നടപ്പാക്കണം. 
SIC-യുടെ എല്ലാ തീരുമാനങ്ങളും 48 മണിക്കൂറിനകം വെബ്‌സൈറ്റില്‍  പരസ്യപ്പെടുത്തണം.
പരാതികളുടേയും അപ്പീലുകളുടെയും സ്റ്റാറ്റസ് ഓണ്‍ലൈനില്‍ അറിയാന്‍ സാധിക്കണം.

2.  എല്ലാ ഓഫീസുകളിലും സെക്ഷന്‍ 4 നടപ്പിലാക്കാന്‍ കര്‍ശനമായ നടപടി  സ്വീകരിക്കണം.   
പേരിന് പോലുമൊരു വെബ്‌സൈറ്റ് ഇല്ലാത്ത നിരവധി പബ്ലിക് അതോറിറ്റികള്‍.
നിരവധി വെബ്‌സൈറ്റുകളില്‍ RTI ലിങ്ക് പോലുമില്ല. ഉദാ: http://www.revenue.kerala.gov.in/
പല സൈറ്റിലും RTI ലിങ്ക് വര്‍ക്ക് ചെയ്യില്ല. - ഉദാ: മോട്ടോര്‍ വാഹന വകുപ്പ്
നിരവധി വകുപ്പുകള്‍ വെബ്സൈറ്റുകളില്‍ യാതൊന്നും പരസ്യപ്പെടുത്തിയിട്ടില്ല. 
വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യാറില്ല.    - ഉദാ; ഫുഡ് & സേഫ്റ്റി

3. വിവരം നിഷേധിക്കുന്ന PIO-മാരെ ഉപദേശിച്ച് വിടാതെ നിയമപ്രകാരമുള്ള ശിക്ഷാ നടപടി  സ്വീകരിക്കണം.

4.   കെട്ടിക്കിടക്കുന്ന അപ്പീലുകളുടേയും പരാതികളുടേയും ബാഹുല്യം കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ അദാലത്ത് രീതിയില്‍ സിറ്റിംഗ് നടത്തി, സമയബന്ധിതമായി കമ്മീഷന്‍ തീര്‍പ്പ്‌ കല്‍പ്പിക്കുക. 
 .
5. നിയമത്തെ കുറിച്ചുള്ള അജ്ഞത പരിഹരിക്കണം:
  •  28/06/2016-ല്‍ നിയമസഭയില്‍ ശ്രീ വി.കെ. ഇബ്രാഹിം കുഞ്ഞിന്‍റെ വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രിയുടെ അപൂര്‍ണവും തെറ്റിദ്ധരിപ്പിക്കുന്നതുമായ മറുപടി. വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ സ്വകാര്യ മേഖലയിലെ ആശുപത്രികള്‍, ഇന്‍ഷുറന്‍സ്, പണമിടപാട് സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുമോ എന്നായിരുന്നൂ ചോദ്യം. സെക്ഷന്‍ 2(h) പ്രകാരം പബ്ലിക് അതോറിറ്റി അല്ലാത്തതിനാല്‍ പരിധിയില്‍ ഉള്‍പ്പെടുന്നില്ല എന്ന് മുഖ്യമന്ത്രി മറുപടി നല്കി.
          എന്നാല്‍ സെക്ഷന്‍ 2(f)-ലെ വിവരത്തിന്‍റെ നിര്‍വചനത്തില്‍, നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരം ക്ഷമതയുള്ള ഒരു അധികാര കേന്ദ്രം മുഖേന പ്രാപ്യമാക്കാന്‍ കഴിയുന്ന ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തെ സംബന്ധിച്ച വിവരവും ഉള്‍പ്പെടുന്നതിനാല്‍ ക്ഷമതയുള്ള അധികാരകേന്ദ്രം മുഖേന സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും വിവരം ലഭിക്കും  എന്ന കാര്യം പറഞ്ഞില്ല. നമ്മുടെ ജനപ്രതിനിധികളുടെ അജ്ഞത വെളിവാക്കുന്നവ കൂടിയാണ് ഇത്തരം ചോദ്യങ്ങളും ഉത്തരങ്ങളും. ആയതിനാല്‍ എം.എല്‍.എ-മാര്‍ക്ക് ഉള്‍പ്പടെ പരിശീലനം നല്‍കണം.
  •  ശരിയായ പരിശീലനത്തിന്റെ അഭാവം. ഉദ്യോഗസ്ഥര്‍ക്ക് നല്കുന്ന  ഭൂരിഭാഗം  വിവരാവകാശ ക്ലാസുകളിലും 'എങ്ങനെ വിവരം നിഷേധിക്കാം'  എന്ന വിഷയത്തിലാണ്  പരിശീലകര്‍ ക്ലാസ് എടുക്കുന്നത്.   ആരെങ്കിലും പറയുന്നത്  കേട്ട് വിവരം നിഷേധിക്കുകയല്ല വേണ്ടത്,  നിയമം പഠിച്ചശേഷം സ്വന്തം വിവേചനബുദ്ധി ഉപയോഗിച്ച് തീരുമാനം എടുക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടത്. 
  • പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരമാവധി ബോധവല്‍ക്കരണ, പരിശീലന പരിപാടികള്‍ നടത്തുക. ആഡംഭരം ഒഴിവാക്കി പരമാവധി ചെലവ് കുറച്ച് കൂടുതല്‍ പേരില്‍ എത്തിക്കവിധം പരിപാടികള്‍ ആസൂത്രണം ചെയ്യണം. ആവശ്യമെങ്കില്‍ ഈ കാര്യത്തില്‍ കമ്മീഷനെ സഹായിക്കാന്‍ ഗ്രൂപ്പിന് സാധിക്കും. സെക്ഷന്‍ 4 നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തണം.

6.  സ്കൂള്‍ പാഠ്യപദ്ധതിയില്‍ വിവരാവകാശ നിയമം ഉള്‍പ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം.

7. നീതിന്യായ നടപടിയുമായി ബന്ധപ്പെട്ട വിവരം നല്കേണ്ടതില്ല ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ കീഴ്ക്കോടതി ചട്ടങ്ങളിലെ നിയമവിരുദ്ധമായ  12 ആം വകുപ്പിനെതിരെ കമ്മീഷന്‍ കോടതിയെ സമീപിക്കണം.  കോടതിയില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട വിവരം പോലും ടി സെക്ഷന്‍ പ്രകാരം നിഷേധിക്കുന്നു.

8. എല്ലാ പൊതുഅധികാരികളും വാര്‍ഷിക റിപ്പോര്‍ട്ട് കമ്മീഷന് നല്‍കുന്നുണ്ട് എന്നുറപ്പ് വരുത്തുക.
9.  പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളില്‍ ഇപ്പോഴും RTI ബോര്‍ഡ് പോലുമില്ല.
10. പ്രവൃത്തി നിരീക്ഷിക്കുക, സാമ്പിള്‍ എടുക്കുക തുടങ്ങിയ കാര്യങ്ങളില്‍ മാര്‍ഗനിര്‍ദ്ദേശം തയ്യാറാക്കുക.
11. സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്ന വിധം വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട പുസ്തകം പുറത്തിറക്കി സൗജന്യമായി വിതരണം ചെയ്യണം.
12.  ഒന്നാം അപ്പീല്‍ അധികാരികള്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ഒന്നാം അപ്പീല്‍ കൈകാര്യം ചെയ്യാന്‍ വേണ്ട നടപടി സ്വീകരിക്കുക..

ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരുടെ വീഴ്ചകള്‍
  • ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്ന ഒരു വകുപ്പാണ് സെക്ഷന്‍ 7(9). ഏത് വിവരം ആവശ്യപ്പെട്ടാലും നേരില്‍ വന്ന് പരിശോധിക്കാന്‍ അപേക്ഷകനോട് ആവശ്യപ്പെടുക. അത്തരം മറുപടിക്കായി പ്രത്യേകം ടെമ്പ്ലേറ്റ് തന്നെ തയ്യാറാക്കി വെച്ചവര്‍ ഉണ്ട്.
  • കാലഹരണപ്പെട്ട ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ വിവരം നിഷേധിക്കുക. ഉദാ:  Ministry of Personnel, Public Grievances & Pensions ഓഫീസ് മെമോറാണ്ടം 1012/2008-IR / DoPT 10/02/2008-IR ചൂണ്ടിക്കാട്ടി അപേക്ഷ ഒന്നിലധികം പബ്ലിക് അതോറിറ്റിക്ക് കൈമാറേണ്ടതില്ല എന്ന് പറഞ്ഞ്  മറുപടി നല്‍കുക. CIC 2011-ല്‍ റദ്ദാക്കിയിട്ടുള്ളതാണ് (Appeal No. CIC/SM/A/2011/000278/SG) ഈ OM.
  • ചോദ്യാവലിക്ക് മറുപടി നല്കേണ്ടതില്ല എന്ന് പറഞ്ഞ് വിവരം നിഷേധിക്കുക.
  • കോടതിയുടെ പരിഗണനയിലാണ് എന്ന് പറഞ്ഞ് വിവരം നിഷേധിക്കുക.
  • അപേക്ഷ കൈമാറാതിരിക്കുക, മറുപടി നല്‍കാതിരിക്കുക.
  • അവസാന നിമിഷം ഫീസ്‌ അടയ്ക്കാന്‍ ആവശ്യപ്പെടുക.
  • അപ്പീല്‍ അധികാരിയുടെ വിവരങ്ങള്‍ മറുപടിയില്‍ വ്യക്തമാക്കാതിരിക്കുക.

സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട സംഗതികള്‍
  • വിവരാവകാശ കമ്മീഷണര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിന്
  • വിവരാവകാശം  ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്.
  • എല്ലാ വിവരാവകാശ മറുപടികളും ഓൺലൈനിൽ പ്രസിദ്ധപ്പെടുത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നതിന്.
  • പകര്‍പ്പിനുള്ള ഫീസ്‌ ഇ-ട്രെഷറി വഴി സ്വീകരിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്
  • ഫീസ്‌ അടക്കുന്ന കാര്യത്തില്‍ ഏകീകരണം വേണം. ഫീസ്‌ പോസ്റ്റല്‍ ഓര്‍ഡറായി സ്വീകരിക്കാന്‍ നിയമഭേദഗതി വരുത്തുന്നതിന്
  • സെക്ഷന്‍ 4 ഫലപ്രദമായി നടപ്പിലാക്കാന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്
  • ജീവനക്കാര്‍ക്ക് ഓഫീസില്‍ ആവശ്യത്തിന് കമ്പ്യൂട്ടര്‍, ഫോട്ടോസ്റ്റാറ്റ്, പിന്‍റര്‍,  സ്കാനര്‍, പേപ്പര്‍ മുതലായ അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കണം.

                    വിശ്വസ്തയോടെ
വിവരാവകാശികള്‍ ഗ്രൂപ്പിന് വേണ്ടി:


    1.  മഹേഷ്‌ വിജയന്‍    93425 02698     i.mahesh.vijayan@gmail.com
    2.  ധനരാജ് എസ്    9544399666    dhanaraj@live.in
    3.  എ പരമേശ്വരന്‍     9447970485    avinjikad@yahoo.com
    4.  വര്‍ഗീസ്‌ ജോസഫ്     9447154239
    5.  ജയിംസ് കുര്യന്‍    9495197678     jameskurian25@hotmail.com
    6.  വസന്തകുമാര്‍  9809949153         mrvasanthan@gmail.com