ഗ്രാമപഞ്ചായത്ത് ആയിരുന്ന മരടില് എങ്ങനെയാണ് കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്മ്മാണ ചട്ടങ്ങള് ( KMBR) ബാധകമായത്?
👉1998 വരെ മരട് ഗ്രാമ പഞ്ചായത്തില് കെട്ടിട നിര്മ്മാണ ചട്ടങ്ങള് ബാധകമായിരുന്നില്ല. അതുവരെ, കെട്ടിടം നിര്മ്മിക്കാന് അപേക്ഷിക്കുന്നവര്ക്ക് നോ ഒബ്ജക്ഷന് സര്ട്ടിഫിക്കറ്റ് (NOC) ആണ് പഞ്ചായത്ത് നല്കിയിരുന്നത്.
👉മുനിസിപ്പാലിറ്റി ആക്റ്റ് 1961 അനുസരിച്ച് രൂപീകരിച്ച Kerala Building Rules (KBR) 1984 ആണ് അന്ന് കൊച്ചി ഉള്പ്പടെയുള്ള കോര്പ്പറേഷനുകളിലും നഗരസഭകളിലും ഉണ്ടായിരുന്നത്. മരട് ഉള്പ്പടെയുള്ള നഗരപ്രദേശങ്ങളോട് ചേര്ന്ന് കിടക്കുന്ന തിരഞ്ഞെടുത്ത പഞ്ചായത്തുകളില്, സര്ക്കാര് ഉത്തരവ് പ്രകാരം 1998 - ല് KBR 1984 ബാധകമാക്കി. വികസിച്ച പഞ്ചായത്തുകളില് (ഉദാഹരണം: - ഈരാറ്റുപേട്ട, ഏറ്റുമാനൂര്) വളരെ നേരത്തെ തന്നെ KBR 1984 ബാധമാക്കിയിരുന്നു.
👉1999 - ല് Kerala Municipality Building Rule (KMBR) നിലവില് വന്നു. അതോടെ, നേരത്തെ KBR 84 ബാധകമാക്കിയിരുന്ന പഞ്ചായത്തുകളിലും KMBR 99 ബാധകമായി; മരടും അതില് ഉള്പ്പെടുന്നു. ചില പഞ്ചായത്തുകളില് പ്രത്യേക സര്ക്കാര് ഉത്തരവ് പ്രകാരവും KMBR ബാധകമാക്കിയിരുന്നു. ഇപ്രകാരം ആകെ 184 പഞ്ചായത്തുകളില് ആണ് ഇപ്രകാരം KMBR നടപ്പിലാക്കിയിരുന്നത്.
👉എന്നാല് അതിന് ശേഷവും നിര്മ്മാണ ചട്ടങ്ങള് ഇല്ലാതിരുന്ന നിരവധി പഞ്ചായത്തുകള് ഉണ്ടായിരുന്നു. 06.06.2007 - മുതല് എല്ലാ പഞ്ചായത്തുകള്ക്കും KMBR ബാധകമാക്കി ഉത്തരവ് ഇറക്കി (G.O(Ms)No.150/2007/LSGD). 2010 -ല് മരട് നഗരസഭയായി ഉയര്ത്തി.
👉2011 - ല് പഞ്ചായത്തുകള്ക്ക് മാത്രമായി കേരള പഞ്ചായത്ത് ബില്ഡിംഗ് റൂള്സ് (KPBR 2011) രൂപീകരിച്ചു. നഗരസഭകള്ക്ക് KMBR 1999 -ഉം പഞ്ചായത്തുകള്ക്ക് KPBR 2011 ആണ് നിലവില് ബാധകമായ കെട്ടിട നിര്മ്മാണ ചട്ടങ്ങള്.
👉99-ലെ KMBR റൂള് 23 (4) - അനുസരിച്ച് തീരദേശ നിയന്ത്രണ മേഖലകളില് ഉള്പ്പെടുന്ന പ്രദേശങ്ങളില്, പരിസ്ഥിതി സംരക്ഷണ നിയമം 1986 (Environment Protection Act), പ്രകാരം കാലാകാലങ്ങളില് വരുന്ന നിബന്ധനകള്ക്ക് വിധേയമായി മാത്രമേ നിര്മ്മാണ പ്രവര്ത്തനങ്ങള് നടത്താന് സാധിക്കുകയുള്ളൂ. ഇതാണ് മരടില് ലംഘിക്കപ്പെട്ടത്. KPBR 2011 -ല് ഇത് റൂള് 26 (4)-ല് ആണ് പറഞ്ഞിരിക്കുന്നത്.
👉വാല്ക്കഷണം: കെട്ടിട നിര്മ്മാണ ചട്ടങ്ങളിലെ ക്രമപ്പെടുത്താവുന്ന വിധമുള്ള നിയമലംഘനങ്ങള് അല്ല CRZ നിയമലംഘനങ്ങള്. 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമം മറ്റേതൊരു നിയമം പോലെയും അനുസരിക്കാൻ ഓരോ പൗരനും ബാധ്യസ്ഥരാണ്. CRZ നിയമപ്രകാരം നിരോധിക്കപ്പെട്ട പ്രവർത്തിയിൽ ഏർപ്പെടുന്നത് പരിസ്ഥിതി സംരക്ഷണ നിയമം വകുപ്പ് 15 പ്രകാരം ശിക്ഷാർഹമായ കുറ്റമാണ്.
-മഹേഷ് വിജയന്
(വിവരാവകാശ പ്രവര്ത്തകന്)
No comments:
Post a Comment