Saturday, 13 September 2025

പൊലീസ് സ്റ്റേഷനിലെ CCTV ദൃശ്യം ലഭിക്കുന്നതിനുള്ള സാമ്പിൾ വിവരാവകാശ അപേക്ഷ

 വാദിയായോ പ്രതിയായോ ഒരിക്കലെങ്കിലും പൊലീസ് സ്റ്റേഷൻ കയറാത്ത ഒരു സാധാരണക്കാരനും ഒരുപക്ഷേ ഉണ്ടാവില്ല. ഒരിക്കലും മറക്കാനാവാത്ത വിധം , കയ്പ്പ് നിറഞ്ഞ അനുഭവങ്ങളായിരിക്കും പലപ്പോഴും  സ്റ്റേഷനിൽ സാധാരണക്കാരൻ  നേരിടേണ്ടി വന്നിട്ടുണ്ടാവുക.


ലോക്കപ്പ് മർദ്ദനങ്ങൾ  മാത്രമല്ല പൊലീസിന്റെ  മനുഷ്യാവകാശ ലംഘനങ്ങളിൽ ഉൾപ്പെടുന്നത് . പരാതിയുമായി ചെല്ലുന്നവർക്ക് പോലും കടുത്ത അധിക്ഷേപങ്ങളും അസഭ്യവർഷങ്ങളും മർദ്ദനങ്ങളും ഏൽക്കേണ്ടി വരാം. പൊലീസിന്റെ ഭീഷണിക്ക് വഴങ്ങി സെറ്റിൽമെന്റുകൾക്ക് വഴങ്ങേണ്ടി വന്നിട്ടുണ്ടാകാം. ക്യാമറ കണ്ണുകൾ ഇതിനെല്ലാം സാക്ഷി ആണെങ്കിലും അതെങ്ങനെ ലഭിക്കും എന്ന് ബഹുഭൂരിഭാഗത്തിനും അറിയില്ല. അല്ലെങ്കിൽ, അതെല്ലാം സങ്കീർണ്ണമായ കാര്യങ്ങളാണ് എന്നാകും ചിലരെങ്കിലും കരുതിയിട്ടുണ്ടാവുക.

എന്നാൽ, ഞാൻ പറയുന്നു, സ്റ്റേഷനിലെ
CCTV ദൃശ്യങ്ങൾ ലഭിക്കുന്നതിനായി വലിയ പോരാട്ടമൊന്നും നടത്തേണ്ടതില്ല. ഏതൊരാൾക്കും ഏതൊരു പൊലീസ് സ്റ്റേഷനിൽ നിന്നും താൻ നേരിടേണ്ടി ദുരനുഭവത്തിന്റെ ദൃശ്യങ്ങൾ കിട്ടുന്നതിന് പത്ത് രൂപയും ഒരു വെള്ളപ്പേപ്പറും മാത്രം മതിയാകും. അതിനുള്ള സാമ്പിൾ വിവരാവകാശ അപേക്ഷയാണ് ഇതിനോടൊപ്പം ചേർക്കുന്നത്.

ഒരു കാര്യം ശ്രദ്ധിക്കേണ്ടത്, പത്ത് രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച്, ഒരു വിവരാവകാശ അപേക്ഷ കൊടുത്താൽ , ഉടനെ പൊലീസ് ദൃശ്യങ്ങൾ തരില്ല എന്നതാണ്. ആ സമയം പോക്സൊ കേസിലെ ഇരയുടെ അല്ലെങ്കിൽ അവരുടെ ബന്ധുവിന്റെ സാന്നിദ്ധ്യം സ്റ്റേഷനിൽ ഉണ്ടായിരുന്നു എന്നോ  പോക്സൊ കേസിലെ ഫയൽ  ആഫീസറുടെ മേശപ്പുറത്ത് ഉണ്ടായിരുന്നു എന്നോ ഒക്കെ പറഞ്ഞ് ദൃശ്യങ്ങൾ തരില്ല എന്ന കാര്യം നൂറു ശതമാനം ഉറപ്പാണ്. അതിന്റെ കൂടെ, ദൃശ്യങ്ങൾ തരുന്നത്,  പൊലീസുകാരുടേയും സ്റ്റേഷനിൽ വരുന്നവരുടേയും  സുരക്ഷയെ ബാധിക്കുമെന്നും കൂടി കാണിച്ച് അപേക്ഷ നിരസിച്ച് കൊണ്ട് ഒരു മറുപടി  അപേക്ഷകന് ലഭിക്കും.

ആ മറുപടിയിൽ തൃപ്തനല്ലെങ്കിൽ ആർക്കാണ് അപ്പീൽ നല്കേണ്ടത് എന്നും അതിൽ പറഞ്ഞിട്ടുണ്ടാകും. സാധാരണ ഗതിയിൽ ബന്ധപ്പെട്ട ഡി. വൈ. എസ്. പിയ്ക്കാണ് അപ്പീൽ നല്കേണ്ടത്. അപേക്ഷയുടേയും മറുപടിയുടെയും പകർപ്പ് സഹിതം ഒന്നാം അപ്പീൽ ഇമെയിലിലോ രജിസ്റ്റെർഡ് തപാലിലോ അയയ്ക്കുക. അപ്പീലിന് പ്രത്യേകിച്ച് ഫോർമാറ്റ് ഒന്നുമില്ല. ഫീസോ സ്റ്റാമ്പോ ഒന്നും ആവശ്യമില്ല.  മറുപടി തൃപ്തികരം അല്ലെന്നും നിയമാനുസൃതം ദൃശ്യങ്ങൾ തരണം എന്നും മാത്രം ആവശ്യപ്പെട്ടാൽ മതിയാകും.

ഒന്നാം അപ്പീൽ കൊടുത്തത് കൊണ്ടും വലിയ പ്രയോജനം ഒന്നും ഉണ്ടാകണമെന്നില്ല എന്നും ഓർമ്മിക്കുമല്ലോ. ഒന്നാം അപ്പീലും നിരസിച്ച് കഴിഞ്ഞാൽ, സംസ്ഥാന വിവരാവകാശ കമ്മീഷന് രണ്ടാം അപ്പീൽ നല്കുക. നല്ലൊരു ശതമാനം കേസിലും ദൃശ്യങ്ങൾ തരാൻ  ഉത്തരവിടുന്നത് വിവരാവകാശ കമ്മീഷൻ ആണ്. കമ്മീഷനിൽ നിന്നും അനുകൂല ഉത്തരവ് വരാൻ കാല താമസം എടുക്കും എന്നത് മാത്രമാണ് ഒരു പ്രശ്നം.

സുപ്രീംകോടതി ഉത്തരവ് പ്രകാരം ഒന്നര വർഷമാണ്  സ്റ്റേഷനിലെ CCTV ദൃശ്യങ്ങൾ സൂക്ഷിക്കേണ്ടത്. അതിനാൽ, കമ്മീഷന് അപ്പീൽ നല്കുമ്പോൾ, ദൃശ്യങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കാൻ പൊലീസിന് നിർദ്ദേശം നല്കണം എന്ന് കാണിച്ച് ഒരു പ്രത്യേക അപേക്ഷയോ പ്രയറോ കൂടി അപ്പീലിനൊപ്പം വെയ്ക്കുക.  ഇത്തിരി സമയം എടുത്താലും ദൃശ്യങ്ങൾ നിങ്ങൾക്ക് ലഭിക്കുക തന്നെ ചെയ്യും.

അപേക്ഷയുടെ രണ്ട്  മാതൃകകൾ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നത് അപേക്ഷകൻ പൂരിപ്പിക്കേണ്ടതാണ് . അപേക്ഷയിൽ പത്ത് രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിക്കേണ്ടതും പകർപ്പ് എടുത്ത് സൂക്ഷിക്കേണ്ടതുമാണ്.

മാതൃക
1:

From
[
അപേക്ഷകന്റെ പേരും പൂർണ്ണമായ വിലാസവും ]

To
State Public Information Officer
[
സ്റ്റേഷന്റെ പേര്]  Police Station

Subject:
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ.

Sir,

ഒരു പരാതിയുടെ ഭാഗമായി ……..
തീയതി, ഏകദേശം  ........ മണിക്ക്  ഞാൻ [സ്റ്റേഷന്റെ പേര്]   സ്റ്റേഷനിൽ [സ്വമേധയാ / പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് ] വന്ന [എനിക്ക്/ എനിക്കും കൂടെയുള്ളവർക്കും], വളരെ മോശമായ അനുഭവമാണ്  പൊലീസിന്റെ  ഭാഗത്ത് നിന്നും നേരിടേണ്ടി വന്നത്.
[നിങ്ങൾക്കുണ്ടായ മോശമായ അനുഭവം ഇവിടെ വിവരിക്കുക].  
എന്നോട് ഇപ്രകാരം മോശമായി പെരുമാറിയ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി, മേൽ പറഞ്ഞ ദിവസം ഞാൻ സ്റ്റേഷനിൽ ഹാജരായ സമയത്തെ, [എന്റെ / എന്റേയും കൂടെയുള്ളവരുടേയും /എതിർകക്ഷികളുടേയും] പ്രസൻസ് ഉള്ള എല്ലാ
CCTV ക്യാമറകളിലേയും ദൃശ്യങ്ങളുടെ പകർപ്പ് ഓഡിയോ സഹിതം ലഭ്യമാക്കണമെന്ന് താല്പര്യപ്പെടുന്നു.

വിശ്വസ്തയോടെ
[അപേക്ഷകന്റെ പേരും ഒപ്പും]
[തീയതി]


മാതൃക രണ്ട്:

Sir,

........ തീയതി ഏകദേശം  ........ മണിക്ക് , ........ ഭാഗത്ത് വെച്ച് എന്നെ പൊലീസ് കസ്റ്റഡിൽ എടുക്കുകയും സ്റ്റേഷനിൽ കൊണ്ട് വന്ന് ലോക്കപ്പിൽ അടയ്ക്കുകയും  ........ തീയതി ........ മണിക്ക് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയിട്ടുള്ളതാണ്.  [F.I.R നമ്പർ ………]. സുപ്രീംകോടതി ഉത്തരവുകൾക്കും നിയമത്തിനും വിരുദ്ധമായാണ് പൊലീസ് എന്നെ കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. കസ്റ്റഡിയിൽ എടുത്ത്  ........ മണിക്കൂർ കഴിഞ്ഞാണ് അറസ്റ്റ് ചെയ്തതായി രേഖയുണ്ടാക്കിയിട്ടുള്ളത്. കസ്റ്റഡിയിലായ വിവരം ആരേയും അറിയിക്കാൻ പൊലീസ് അനുവദിച്ചില്ല. സ്റ്റേഷനിലേക്ക് കൊണ്ട് വരുന്ന വഴിയും സ്റ്റേഷനിൽ വെച്ചും പൊലീസ് എന്നെ ക്രൂരമായി മർദ്ദിച്ചിട്ടുള്ളതാണ്.
[ശാരീരികമായും മാനസികമായും പൊലീസിൽ നിന്നേറ്റ മർദ്ദനത്തിന്റെ/മോശമായ പെരുമാറ്റത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഇവിടെ ചേർക്കുക].
കസ്റ്റഡിയിൽ എടുത്ത് ........ മണിക്കൂർ കഴിഞ്ഞ് മാത്രമാണ് എന്നെ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയിട്ടുള്ളത്.  എന്നെ പൊലീസ് കസ്റ്റഡിയിൽ മർദ്ദിക്കുകയും മനുഷ്യാവകാശങ്ങൾ ലംഘിക്കുകയും ചെയ്ത പൊലീസ് സേനാംഗങ്ങൾക്കെതിരേ നിയമ നടപടികൾ സ്വീകരിക്കുന്നതിനായി, എന്നെ സ്റ്റേഷനിൽ കൊണ്ട് വന്നത് മുതൽ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കാൻ കൊണ്ട് പോകുന്നത് വരെയുള്ള സമയത്തെ, എന്റെ പ്രസൻസ് ഉള്ള എല്ലാ
CCTV ക്യാമറകളിലേയും ദൃശ്യങ്ങളുടെ പകർപ്പ് ഓഡിയോ സഹിതം ലഭ്യമാക്കണമെന്ന് താല്പര്യപ്പെടുന്നു.

വിശ്വസ്തയോടെ
[അപേക്ഷകന്റെ പേരും ഒപ്പും]
[തീയതി]


Note: യഥാർഥ സംഭവങ്ങൾക്ക് അനുസരിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി വേണം അപേക്ഷ സമർപ്പിക്കാൻ.