Wednesday, 24 June 2020

ബോഡി ആര്‍ട്ടും പോക്സോയും നിയമവശങ്ങളും

ബോഡി ആര്‍ട്ടിന്റെ വീഡിയോ പോസ്റ്റ്‌ ചെയ്ത വനിതയ്ക്കെതിരെ പോക്സോ ചുമത്തണമെന്ന നിരവധി ആക്രോശങ്ങളും സദാചാര പൊലീസിംഗും എല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ കാണാനിടയായി. എന്താണ് പോക്സോ നിയമം എന്ന് പോലും അറിയാത്ത ഈ ആക്രോശക്കാരോട് ഒരു കാര്യമേ പറയാനുള്ളൂ, ടി സംഭവത്തില്‍ പോക്സോ ചുമത്തിയാലും ഇല്ലേലും കുടുങ്ങാന്‍ പോകുന്നത് നിങ്ങളാണ്. അതിന്റെ കാരണങ്ങള്‍ ഇവയാണ്...

ഒന്നാമത്,  ഇത് പോക്സോ കേസ് ആണെങ്കില്‍ ആ കുട്ടി ഇരയാകും. പോക്സോ കേസില്‍ ഇരയെ തിരിച്ചറിയാന്‍ സാധിക്കുന്ന ഒരു വിവരവും പരസ്യപ്പെടുത്താന്‍ പാടില്ല എന്നാണു നിയമം. അതായത് വിവാദ വീഡിയോ,  കുട്ടിയുടെ ചിത്രം / സ്ക്രീന്‍ഷോട്ട്, കുട്ടിയെ തിരിച്ചറിയാന്‍ സഹായിക്കുന്ന മറ്റ് വിവരങ്ങള്‍ (അമ്മയുടെ പേര് ഉള്‍പ്പടെ) എന്നിവ സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ചവരും ആയത് ഷെയര്‍ ചെയ്തവരും എല്ലാം പോക്സോ  നിയമപ്രകാരം [ The Protection of Children from Sexual Offences Act (POCSO Act) 2012] കുറ്റം ചെയ്തവരാകും.  

2019-ല്‍ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് പോക്സോ നിയമത്തില്‍ പറയുന്ന കുട്ടികളുടെ അശ്ലീല സാഹിത്യത്തിന് (child pornography) പുതിയ നിര്‍വചനം കൊണ്ട് വന്നിരുന്നു. അതിങ്ങനെയാണ്.

“any visual depiction of sexually explicit conduct involving a child which includes photograph, video, digital or computer generated image indistinguishable from an actual child and an image created, adapted or modified but appear to depict a child”.

പോക്സോ നിയമം ബാധകമാക്കിയാല്‍ വിവാദ വീഡിയോ കുട്ടികളുടെ അശ്ലീല സാഹിത്യമായി കരുതേണ്ടി വരും (child pornography). നിയമത്തില്‍ നിഷ്കര്‍ച്ചിരിക്കുന്ന വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കുട്ടികളുടെ അശ്ലീല സാഹിത്യം കൈവശം വെയ്ക്കുന്നതും  പ്രദര്‍ശിപ്പിക്കുന്നതും മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യുന്നതും കുറ്റകരമാണ്. അപ്രകാരം കൈവശം വെച്ചാല്‍ 5000 മുതല്‍ 10000 രൂപ വരെ പിഴയും പ്രദര്‍ശിപ്പിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്‌താല്‍ മൂന്ന്‍ വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണ്.

ഇനി ഇത് പോക്സോ കേസ് അല്ല, എന്ന് കരുതുക, അപ്പോഴും നിങ്ങള്‍ കുറ്റം ചെയ്തിരിക്കുകയാണ്. ഒരാള്‍ പോക്സോ നിയമപ്രകാരം കുറ്റം ചെയ്തുവെന്ന് തെറ്റായ പരാതിയോ വിവരമോ നല്‍കുന്ന ഏതൊരാളും വകുപ്പ് 22 പ്രകാരം ആറു മാസം തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷിക്കപ്പെടുന്നതായിരിക്കും. ആക്രോശങ്ങള്‍ കേസായി മാറാന്‍ ഒരൊറ്റ പരാതിയേ ഇനി ആവശ്യമുള്ളൂ.

പോക്സോ, ജുവൈനല്‍ ജസ്റ്റിസ് (JJ Act) എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഏറ്റവും കരുതലോടെ വേണം പ്രതികരിക്കേണ്ടത് എന്ന് ഒരിക്കല്‍ കൂടി ഏവരേയും ഓര്‍മ്മിപ്പിക്കുന്നു.

Sunday, 21 June 2020

മലനിരകളെയും തീരദേശത്തെയും ഇല്ലാതാക്കുന്ന ഖനന നിയമ ഭേദഗതി

ഒരു ബില്‍ഡിംഗ് പെര്‍മിറ്റ് ഉണ്ടെങ്കില്‍ എത്ര ഏക്കര്‍ വേണമെങ്കിലും യഥേഷ്ടം മണ്ണെടുക്കുവാന്‍ ആര്‍ക്കും അനുവാദം നല്‍കുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കൊണ്ടുവന്ന ചട്ടഭേദഗതി. ഇത് ഇല്ലാതാക്കുക നമ്മുടെ മലനിരകളെ മാത്രമാവില്ല തീരദേശത്തെ കൂടിയാണ്. മണ്ണ് മാത്രമാവില്ല ഇനി ഖനനം ചെയ്യപ്പെടുക; ഒരു പ്ലാന്‍ പോലും ഇല്ലാതെ കളിമണ്ണും ചെങ്കല്ലുമെല്ലാം കെട്ടിട നിര്‍മ്മാണത്തിന്റെ മറവില്‍ യഥേഷ്ടം ഇനി ഖനനം ചെയ്യാനാകും. അതീവ് ഗുരുതരമായ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന ഈ ഭേദഗതി ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടം പൊതുഖജനാവിന് ഉണ്ടാക്കുന്ന അഴിമതി കൂടിയാണ്.

കേന്ദ്രസര്‍ക്കാര്‍ 2006-ല്‍ പുറത്തിറക്കിയ നോട്ടിഫിക്കേഷന്‍ പ്രകാരം ഇരുപതിനായിരം ചതുരശ്രമീറ്ററിന് മുകളില്‍ വലിപ്പമുള്ള കെട്ടിടങ്ങള്‍ നിര്മ്മി ക്കുന്നതിന് പാരിസ്ഥിതിക അനുമതി (എന്‍വയോണ്‍മെന്റല്‍ ക്ലിയറന്‍സ്) ആവശ്യമാണ്. കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ (KMMC) റൂള്‍സ് 2015-ല്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ ഭേദഗതികള്‍ പ്രകാരം പാരിസ്ഥിതിക അനുമതി ആവശ്യമില്ലാത്ത ഏതൊരു നിര്‍മ്മാണത്തിനും മണ്ണെടുക്കുവാന്‍ ഇനി മുതല്‍ ഖനനാനുമതി (ക്വാറിയിംഗ് പെര്‍മിറ്റ്) ആവശ്യമില്ല.

പാരിസ്ഥിതിക അനുമതി ആവശ്യമായി വരുന്ന കെട്ടിടങ്ങള്‍ കേരളത്തില്‍ വളരെ കുറവാണ് എന്ന് തന്നെ പറയാം. ഫലത്തില്‍ ഈ ഇളവ് സംസ്ഥാനത്തെ മിക്കവാറും എല്ലാ കെട്ടിടങ്ങള്ക്കും ലഭിക്കും. നേരത്തെ ഈ ഇളവ് 300 ചതുരശ്രമീറ്റര്‍ (3230 ചതുരശ്രഅടി) പ്ലിന്ത് ഏരിയയുള്ള (അടിത്തറ) കെട്ടിടങ്ങള്‍ക്ക് മാത്രമായിരുന്നു. ഇതുപോലും വ്യാപകമായി ദുരുപയോഗം ചെയ്ത് അനധികൃത മണ്ണെടുത്തിരുന്ന ഒരു സാഹചര്യത്തിലാണ് ഈ പരിധി 300-ല്‍ നിന്നും 20,000 ചതുരശ്രമീറ്ററായി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. മാത്രവുമല്ല, ഖനനാനുമതി ആവശ്യമുള്ള കേസുകളില്‍ പോലും അതു ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ വെള്ളം ചേര്‍ക്കുകയും ചെയ്തു. എത്ര വലിയ കെട്ടിടം ആണെങ്കിലും ഉദ്യോഗസ്ഥന്‍ സൈറ്റ് സന്ദര്‍ശി്ക്കാതെയും മൈനിംഗ് പ്ലാന്‍ ഇല്ലാതെയും ഖനനാനുമതി ലഭിക്കും. നേരത്തെ അപേക്ഷയോടൊപ്പം മൈനിംഗ് പ്ലാനും ഉദ്യോഗസ്ഥന്റൈ സ്ഥല പരിശോധന റിപ്പോര്‍ട്ടും നിര്‍ബന്ധമായിരുന്നു.

കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ (KMMC) റൂള്‍സ്് 2015-ലെ ചട്ടം 9, 14 എന്നിവയാണ് ഇപ്രകാരം ഭേദഗതി വരുത്തിയത്. ഇനി മുതല്‍ ഇരുപതിനായിരം ചതുരശ്രമീറ്റര്‍ (2,15,278 ചതുരശ്ര അടി, 4.94 ഏക്കര്‍) വരെ അടിത്തറയുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന ബില്‍ഡിംഗ് പെര്‍മിറ്റിന്റെ മാത്രം അടിസ്ഥാനത്തില്‍ ഖനനാനുമതി ഇല്ലാതെ മണ്ണെടുക്കുവാന്‍ സാധിക്കും. പാരിസ്ഥിതിക അനുമതി ബാധകമാക്കിയിരിക്കുന്നത് കെട്ടിടത്തിന്റെ ബില്‍റ്റ് അപ്പ് ഏരിയയുടെ അടിസ്ഥാനത്തിലാണ്. കെട്ടിടത്തിന്റെ എല്ലാ നിലയിലുമുള്ള വിസ്തീര്‍ണമാണ് ബില്‍റ്റ് അപ്പ് ഏരിയയില്‍ ഉള്‍പ്പെടുക. അതായത്, 20000 ചതുരശ്രമീറ്റര്‍ വലിപ്പമുള്ള ഒരു കെട്ടിടം സ്വാഭാവികമായും പല നിലകളിലാകും. പത്ത് നിലയുള്ള ഒരു കെട്ടിടം ആണെങ്കില്‍ രണ്ടായിരം ചതുരശ്രമീറ്റര്‍ സ്ഥലത്ത് മാത്രമേ ഖനനം ആവശ്യമായി വരികയുള്ളൂ. എന്നാല്‍, ഒറ്റനിലയുള്ള 19,900 ചതുരശ്രമീറ്റര്‍ കെട്ടിടമാണെങ്കില്‍ ഇത്രയും പ്രദേശം മുഴുവനും ഖനനം ചെയ്യാന്‍ സാധിക്കും. അതിന് ശേഷം കെട്ടിടം പണിതാലെന്ത് ഇല്ലെങ്കിലെന്ത്?

മണ്ണെടുപ്പിനെ സംബന്ധിച്ചിടത്തോളം കെട്ടിടത്തിന്റെ അടിത്തറ (പ്ലിന്ത്) യുടെ വലിപ്പമാണ് കണക്കാക്കേണ്ടത്. ഇതാണ് സര്‍ക്കാര്‍് എടുത്ത് കളഞ്ഞത്. അതായത് നേരത്തെ ഉണ്ടായിരുന്ന പ്ലിന്ത് ഏരിയ എന്ന യൂണിറ്റ് മാറ്റി അടിസ്ഥാനം ബില്‍റ്റ് അപ്പ് ഏരിയയാക്കി മാറ്റി. നേരത്തെ 300 Sq M എന്ന ഒരു കൃത്യമായ പരിധി ചട്ടത്തില്‍ ഉണ്ടായിരുന്നു എങ്കില്‍ ഇപ്പോള്‍ വ്യക്തമായ ഒരു പരിധി പറയുന്നുമില്ല. മണ്ണ് മാഫിയയെ സഹായിക്കാന്‍ വളരെ കൗശല ബുദ്ധിയോടെയാണ് ഈ മാറ്റം കൊണ്ട് വന്നിട്ടുള്ളത്.

KMMC റൂള്‍സ് ദുര്‍ബലപ്പെടുത്തിയതോടെ മണ്ണെടുക്കുന്നതില്‍ ജിയോളജി വകുപ്പിന് ഉണ്ടായിരുന്ന നിയന്ത്രണം പൂര്‍ണ്ണുമായും നഷ്ടപ്പെട്ടു എന്ന് പറയാം. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിലാകട്ടെ മണ്ണെടുപ്പ് സംബന്ധിച്ച കാര്യമായ വ്യവസ്ഥകള്‍ ഇല്ല താനും. മാത്രവുമല്ല, മണ്ണിന്റെ ഘടന, മണ്ണിടിച്ചില്‍, ഡീവാട്ടറിംഗ്, സോയില്‍ സെറ്റില്‍മെന്റ്,, മണ്ണെടുപ്പ് മൂലം ഉണ്ടാകുന്ന അപകടാവസ്ഥകള്‍, വരള്‍ച്ച മുതലായ മണ്ണുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കാര്യമായ അറിവ് ഇല്ലാത്തവരാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാര്‍.. ഈ സിവില്‍ എഞ്ചിനീയര്‍മാര്‍ ഒരിക്കലും ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പകരമാകില്ല. മണ്ണെടുപ്പുമായി ബന്ധപ്പെട്ട കെട്ടിട നിര്മ്മാണ ചട്ടങ്ങള്‍ പൂര്‍ണ്ണമായും തെറ്റായി വ്യാഖ്യാനിച്ച് തെറ്റായ രീതിയില്‍ ഡവലപ്പ്മെന്റ് പെര്‍മിറ്റ് നല്കുന്നത് തന്നെ ഇതിന് ഉത്തമോദാഹരണമാണ്. മാത്രവുമല്ല, നിയമം എന്ത് തന്നെയായാലും രാഷ്ട്രീയ താല്പര്യങ്ങള്‍ മാത്രമേ ഏറ്റവും അധികം അഴിമതി നടക്കുന്ന നമ്മുടെ ത.ദ്ദേശ ,്‌വയംഭരണ സ്ഥാപനങ്ങളില്‍ സംരക്ഷിക്കപ്പെടുകയുള്ളൂ എന്നാര്‍ക്കാണ് അറിഞ്ഞ് കൂടാത്തത്.

ചട്ടഭേദഗതി ഉപയോഗപ്പെടുത്തി കുന്ന് അല്ലാത്ത സ്ഥലത്ത് നിന്ന് പോലും എങ്ങനെ വ്യാപകമായി മണ്ണെടുക്കാം എന്ന് നോക്കാം. മൂന്നോ നാലോ മീറ്റര്‍ താഴ്ചയുള്ള ഒരു അണ്ടര്‍ഗ്രൗണ്ട് ഗോഡൌണ്‍ പണിയാന്‍ ഒരാള്‍ അപേക്ഷ സമര്‍പ്പിക്കുന്നു എന്ന് കരുതുക. കോസ്റ്റല്‍ റെഗുലേഷന്‍ സോണില്‍ (CRZ) ഉള്‍പ്പെടാത്തതും പാടം അല്ലാത്തതുമായ തീരപ്രദേശം ഉള്‍പ്പെടെ എവിടേയും ഇപ്രകാരം ഒരു അപേക്ഷ ലഭിച്ചാല്‍ 4.94 ഏക്കര്‍ വരെ അനുവാദം കൊടുക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്. അപ്രകാരം നിര്‍മ്മാ ണാനുമതി ലഭിക്കുന്ന സ്ഥലത്തുള്ളത് കരിമണല്‍, കളിമണ്ണ്, ചെങ്കല്ല് അങ്ങനെ പാറ ഒഴികെ എന്തുമാകട്ടെ അവയെല്ലാം നിയമവിരുദ്ധമായി ഖനനം ചെയ്യപ്പെടുകയും കടത്തുകയും ചെയ്യും.

മണ്ണെടുപ്പുമായി ബന്ധപ്പെട്ട് നിലവിലുള്ള എല്ലാം കേസുകളേയും വളരെ ദോഷകരമായി ബാധിക്കുന്നതാണ് ഭേദഗതി. നിര്മ്മാണാവശ്യത്തിനായി വന്‍തോതില്‍ മണ്ണെടുത്ത് പൈലിംഗ് നടത്തുമ്പോള്‍ പ്രദേശവാസികളുടെ വീടും പുരയിടവും അപകടത്തിലാകുന്ന സംഭവങ്ങള്‍ പതിവാണ്. ഇത് സംബന്ധിച്ച് എല്ലാ വര്‍ഷവും നിരവധി പരാതികളും കേസുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഹൈക്കോടതിയിലും ഫയല്‍ ചെയ്യപ്പെടുന്നു. KMMC റൂള്‍സാണ് ഇത്തരം കേസുകളില്‍ മിക്കപ്പോഴും പൊതുജനങ്ങള്‍ക്ക് തുണയായിരുന്നത്. ഭേദഗതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ നടന്നിട്ടുള്ള മണ്ണെടുപ്പ് നിയമലംഘനങ്ങള്‍ ക്രമവല്‍ക്കകരിക്കുകയാകും സര്‍ക്കാര്‍ സ്വീകരിക്കുന്ന അടുത്ത നടപടി. എങ്ങനെ നോക്കിയാലും പ്രദേശവാസികള്‍ക്ക് ഭാവിയില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക ഇനി മുതല്‍ എത്ര എളുപ്പമാവില്ല.

ബില്‍ഡിംഗ് പെര്‍മി്റ്റ് എടുത്ത് വന്‍തോതില്‍ മണ്ണെടുപ്പ് നടത്തുന്ന ബഹുഭൂരിപക്ഷവും കെട്ടിടം പണിയാറില്ല എന്നതാണ് സത്യം. ഒരു ചെറിയ കെട്ടിടത്തിന്റെ മറവില്‍ ഏക്കറുകള്‍ മണ്ണെടുക്കുന്നവരാണ് മറ്റൊരു കൂട്ടര്‍. ഈ മേഖലയില്‍ ആയിരക്കണക്കിന് കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ഏവര്‍ക്കും കെട്ടിട നിര്‍മ്മാണം മണ്ണെടുപ്പിനും അഴിമതിക്കും ഉള്ള ഒരു മറ മാത്രമാണ്. നിയമലംഘനങ്ങള്ക്ക് എതിരെ ഒരു ചെറുവിരല്‍ പോലും അനക്കാതെ സര്ക്കാാര്‍ അനധികൃത മണ്ണെടുപ്പിന് കുട പിടിക്കുകയാണ്. ചുരുക്കത്തില്‍ നമ്മുടെ മലകളുടെ, കുന്നുകളുടെ ചരമഗീതമാണ് സര്‍ക്കാര്‍ എഴുതി തുടങ്ങിയിരിക്കുന്നത്. മണ്ണ് , റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ അത് വൈകാതെ പൂര്ത്തിയാക്കും.

ദി ക്രിട്ടിക് -ല്‍ വന്ന ഞാനെഴുതിയ ലേഖനത്തിന്റെ ലിങ്ക്:
https://www.thecritic.in/mining-law-amendment-to-eliminate-mountains-and-coastal-areas