Monday, 4 February 2019

വിവരാവകാശ അപേക്ഷ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

സര്‍ക്കാരിന്റെ കൈവശമുള്ളതോ നിയന്ത്രണത്തില്‍ ഉള്ളതോ ആയ ഒരു സ്ഥാപനത്തില്‍ നിന്നും ഏതെങ്കിലും ഒരു വിവരമോ രേഖയോ മാതൃകയോ സാമ്പിളോ ഒക്കെ ആണ് നാം വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെടേണ്ടത്. അപേക്ഷയ്ക്ക് നിശ്ചിത മാതൃകയില്ല. പ്രവൃത്തികള്‍ നിരീക്ഷിക്കാനും ആവശ്യപ്പെടാം. വേണ്ട വിവരം പാരഗ്രാഫ് തിരിച്ച് നംബറിട്ട് ആവശ്യപ്പെടാവുന്നതാണ്. എന്നാല്‍, ഒരു നിശ്ചിത ഫോര്‍മാറ്റില്‍ വിവരം തരണമെന്ന് ആവശ്യപ്പെടാന്‍ പാടില്ല.

1. ബൃഹത്തായ ചോദ്യാവലിക്ക് മറുപടി നല്‍കേണ്ടതില്ല എന്ന ചില ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി പല ഉദ്യോഗസ്ഥരും ചോദ്യ ചിഹ്നം കണ്ടാലുടനെ വിവരം നിഷേധിക്കുന്ന തെറ്റായ  പ്രവണത കണ്ടു വരുന്നുണ്ട്. അപേക്ഷകര്‍ അല്പം ശ്രദ്ധിച്ചാല്‍ ഈ അനാവശ്യ നിരസിക്കലുകള്‍ ഇതൊഴിവാക്കാവുന്നതാണ്.  അതിന് കഴിവതും ഒടുവില്‍ ചോദ്യ ചിഹ്നം (?) ഉണ്ടാകാത്ത വിധം എങ്ങനെ അപേക്ഷ തയ്യാറാക്കാം എന്ന് നോക്കാം.

 ഉദാ: "2018 ലെ ...... തസ്തികയിലേക്ക് നടത്തിയ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ നിയമനം നടത്തിയിട്ടുണ്ടോ ?" എന്നാണ് ചോദിക്കേണ്ടത് എന്ന് കരുതുക. ഇത്,
"2018 ലെ ...... തസ്തികയിലേക്ക് നടത്തിയ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ നിയമനം നടത്തിയിട്ടുണ്ടോ എന്ന വിവരം." എന്നാക്കി മാറ്റി ചോദ്യ ചിഹ്നം ഒഴിവാക്കാം.

2. അതുപോലെ, താങ്കളുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ ആകെ എണ്ണം എത്ര? ഇങ്ങനെ ചോദിക്കുന്നതിനു പകരം 'താങ്കളുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ ആകെ എണ്ണം ലഭ്യമാക്കുക.' എന്നാക്കി മാറ്റുക. അല്ലെങ്കില്‍ ഇങ്ങനേയും ആവശ്യപ്പെടാം.
താങ്കളുടെ സ്കൂളിലെ അവസാനം നടന്ന SSLC പരീക്ഷയുമായി ബന്ധപ്പെട്ട താഴെ പറയുന്ന വിവരം ലഭ്യമാക്കുക:
          a. പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം
          b. ജയിച്ച കുട്ടികളുടെ എണ്ണം
         c. പരീക്ഷഫലത്തിന്റെ പകര്‍പ്പ്

3. മറ്റൊരു കാര്യം ശ്രദ്ധിക്കുവാന്‍ ഉള്ളത് , ഏതെങ്കിലും ഒരു വിവരം ഉണ്ടാക്കി തരേണ്ടതില്ല. ഉദാഹരണത്തിന് ചോദ്യം ശ്രദ്ധിക്കുക.

എത്ര ശതമാനം ആണ്‍കുട്ടികള്‍ SSLC പരീക്ഷയില്‍ തോറ്റു എന്ന് വ്യക്തമാക്കുക.
         ഇവിടെ ഏതെങ്കിലും ഒരു രേഖയില്‍ തോറ്റ ആണ്‍കുട്ടികളുടെ ശതമാനം ഉണ്ടെങ്കില്‍ ലഭ്യമാക്കിയാല്‍ മതി. അല്ലാതെ, ഈ വിവരം കണക്ക് കൂട്ടി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്‍കേണ്ടതില്ല. 

4. പിന്നെ, ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്ത് വിവരം ആവശ്യപ്പെടുമ്പോഴും ഏത് കാലയളവിലെ വിവരം ആണ് വേണ്ടത് എന്ന് പറയണം എന്നുള്ളതാണ്.

ഉദാ: SSLC പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥികളുടെ എണ്ണം ലഭ്യമാക്കുക.
കാലയളവ് പറയാതെ ഈ രീതിയില്‍ അപേക്ഷിച്ചാല്‍ വിവരം നിഷേധിക്കാവുന്നതാണ്‌..
ശരി: കഴിഞ്ഞ മൂന്ന്‍ SSLC പരീക്ഷയില്‍ ഓരോ വര്‍ഷവും തോറ്റ വിദ്യാര്‍ഥികളുടെ എണ്ണം ലഭ്യമാക്കുക.

Friday, 1 February 2019

വോള്‍ട്ടേജ് ക്ഷാമം ഉണ്ടായാല്‍ ഉപഭോക്താക്കള്‍ ചെയ്യേണ്ട കാര്യങ്ങള്‍



വോ
ള്‍ട്ടേജ് ക്ഷാമം സംബന്ധിച്ച ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാന്‍ ലൈസന്‍സി സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ 15-12-2015 തീയതിയിലെ ഉത്തരവ് നം No.1/1/KSERC-2015/ -ല്‍ വ്യക്തമായി പറയുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന ലോ ടെന്‍ഷന്‍ സപ്ലൈയില്‍, വോള്‍ട്ടേജ് ക്ഷാമം  ഉണ്ടായാല്‍ ഉപഭോക്താക്കള്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇവിടെ  പ്രതിപാദിക്കുന്നത്. 11KV ഉള്‍പ്പടെയുള്ള HT, EHT-യുമായി ബന്ധപ്പെട്ട വോള്‍ട്ടേജ് ക്ഷാമം  പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുന്നതിന് അനുബന്ധമായി കൊടുത്തിരിക്കുന്ന ഉത്തരവ് പൂര്‍ണമായി വായിച്ച് നോക്കേണ്ടതാണ്.

വോള്‍ട്ടേജ് ലെവല്‍
വിതരണ ശൃംഖലയില്‍ ഏതൊരു പോയിന്റിലും റെഗുലേറ്ററി കമ്മീഷന്‍  നിഷ്കര്‍ഷിച്ചിരിക്കുന്ന  താഴെ പറയുന്ന വോള്‍ട്ടേജ് ലെവല്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് ലൈസന്‍സിയുടെ (കെ.എസ്.ഇ.ബി) കടമയാണ്. എന്നാലിതില്‍ നിന്നും പരമാവധി 6 % കൂടുകയോ കുറയുകയോ ചെയ്യാവുന്നതാണ്.

(i) Single phase - 240 Volts between phase and neutral;
(ii) Three phase - 415 Volts between phases

പരാതി നല്‍കാം
വോള്‍ട്ടേജ് ക്ഷാമം സമബന്ധിച്ച് പരാതി നല്‍കാനുള്ള ഏറ്റവും എളുപ്പമാര്‍ഗം കെ.എസ്.ഇ.ബി.-യുടെ 24 x 7 കോള്‍ സെന്റര്‍ നമ്പറായ 1912 / 0471 - 2555544 എന്ന നമ്പരില്‍ വിളിച്ചറിയിക്കുക എന്നതാണ്. കോള്‍ സെന്റര്‍ മുഖേന പരാതി നല്കിയിട്ട് ഫലമില്ലാതെ വന്നാല്‍ ബന്ധപ്പെട്ട കെ.എസ്.ഇ.ബി. സബ് ഡിവിഷന്‍ അസിസ്റ്റന്റ്റ് എഞ്ചിനീയര്‍ക്ക് രേഖാമൂലം പരാതി നല്കുക. ഒന്നിലധികം ഉപഭോക്താക്കളെ ബാധിക്കുന്ന കേസുകളില്‍ പരമാവധി പേര്‍ ഒപ്പിട്ട മാസ് പരാതി, കണ്‍സ്യൂമര്‍ നമ്പര്‍ സഹിതം നല്കാന്‍ ശ്രമിക്കുക. മാസ് പരാതികളില്‍ കത്തിടപാടിനുള്ള വിലാസവും ബന്ധപ്പെടേണ്ട വ്യക്തികളുടെ ഫോണ്‍ നമ്പരും എടുത്ത് പറയേണ്ടതാണ്. പരാതിക്ക് നിര്‍ബന്ധമായും രസീത് വാങ്ങുകയോ അല്ലെങ്കില്‍ പരാതി സ്വീകരിച്ചതായി പകര്‍പ്പില്‍ രേഖപ്പെടുത്തി സീല്‍ ചെയ്ത് വാങ്ങുകയോ ചെയ്യണം. പരാതി ലഭിച്ചാല്‍, വിതരണ ശൃംഖലയില്‍ മാറ്റം വേണ്ടാത്ത സംഗതികളില്‍ ആയത് ഏഴ് ദിവസങ്ങള്‍ക്കകം പരിഹരിക്കേണ്ടതാണ്. പുതിയ ട്രാന്‍സ്ഫോര്‍ സ്ഥാപിച്ചോ നിലവിലെ ട്രാന്‍സ്ഫോര്‍ അപ്ഗ്രേഡ് ചെയ്തോ വിതരണ ശൃംഖല ശക്തിപ്പെടുത്തേണ്ട സാഹചര്യത്തില്‍ 120 ദിവസങ്ങള്‍ക്കകം പരാതി പരിഹരിക്കേണ്ടതാണ്.

പരാതി നല്കിയിട്ടും ഫലമുണ്ടായില്ലെങ്കില്‍
അസിസ്റ്റന്റ്റ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കി നിശ്ചിത കാലാവധിക്ക് ശേഷവും  പരാതി പരിഹരിച്ചില്ലെങ്കില്‍, എക്സിക്യുട്ടീവ്‌ എഞ്ചിനീയര്‍ക്ക്  രേഖാമൂലം പരാതി നല്കുക. ഈ പരാതി മാസ് പരാതി ആകണമെന്നില്ല. നേരത്തേ നല്‍കിയ പരാതിയില്‍ ഒപ്പിട്ട ഏതൊരാള്‍ക്കും പരാതി നല്കാം. എക്സിക്യുട്ടീവ്‌ എഞ്ചിനീയറെ നേരില്‍ കണ്ടോ തപാലില്‍ രജിസ്റ്റേര്‍ഡ് പോസ്റ്റായോ രേഖകള്‍ സഹിതം പരാതി നല്‍കാം. അതോടൊപ്പം, അസിസ്റ്റന്റ്റ് എഞ്ചിനീയര്‍ക്ക് നല്‍കിയ പരാതിയിലെടുത്ത നടപടികള്‍ അറിയുന്നതിനായി പത്ത് രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് വിവരാവകാശ അപേക്ഷ ടി ഓഫീസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നല്‍കുക. സാമ്പിള്‍ അപേക്ഷ അനുബന്ധമായി കൊടുത്തിരിക്കുന്നു.

കണ്‍സ്യൂമര്‍ ഗ്രീവന്‍സ് റിഡ്രസല്‍ ഫോറം (CGRF)
എക്സിക്യുട്ടീവ്‌ എഞ്ചിനീയര്‍ക്ക് പരാതി നല്‍കി ഒരു മാസം കഴിഞ്ഞിട്ടും മേല്‍നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ ബന്ധപ്പെട്ട കണ്‍സ്യൂമര്‍ ഗ്രീവന്‍സ് റിഡ്രസല്‍ ഫോറം മുമ്പാകെ നിര്‍ദ്ദിഷ്ട ഫോറത്തില്‍ പരാതി നല്കാവുന്നതാണ്. ആദ്യം ബന്ധപ്പെട്ട സബ് ഡിവിഷന്‍ ഓഫീസിലും പിന്നീട് എക്സിക്യുട്ടീവ്‌ എഞ്ചിനീയര്‍ക്കും പരാതി നല്‍കിയ ശേഷം മാത്രമേ ഫോറം മുമ്പാകെ പരാതി നല്‍കാന്‍ സാധിക്കുകയുള്ളൂ എന്നോര്‍മ്മിക്കുക. കെ.എസ്.ഇ.ബി-യുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി ഫോറത്തിന് മൂന്ന്‍ മേഖലാ ഓഫീസുകള്‍ ആണുള്ളത്.  പരാതികള്‍ രേഖകള്‍ സഹിതം അതാത് മേഖലാ ഓഫീസിലെ ചെയര്‍പേഴ്സണ് തപാലില്‍ രജിസ്റ്റേര്‍ഡ് ആയി അയക്കുക. വിലാസം ചുവടെ.

KSEB (Central Region)
Chairperson
Consumer Grievance Redressal Forum
KSEB, Power House Building
Kochi -682018 Ph: 0484-2394288

KSEB (Northern Region)
Chairperson
Consumer Grievance Redressal Forum
KSEB, Vydhyuthi Bhavanam,
Gandhi Road, Kozhikode -673011
Ph: 0495-2367820

KSEB (Southern Region)

Chairperson
Consumer Grievance Redressal Forum
KSEB, Vydhyuthi Bhavanam
Kottarakkara -691506
Ph: 0474-2451300

CGRF-ന് പരാതി നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ക്കും ഫോമിനും ചുവടെയുള്ള ലിങ്ക് സന്ദര്‍ശിക്കുക.
https://www.keralaeo.org/procedures/52-submitting-complaints-to-cgrf

------------------------------------------------------------------------------------------------------------


അനുബന്ധം A

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ 15-12-2015 തീയതിയിലെ ഉത്തരവ് നം No.1/1/KSERC -2015 ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





അനുബന്ധം B
ഞാനിടപെട്ട ഒരു വിഷയത്തില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ അപേക്ഷയാണിത്‌. സമാനമായ രീതിയില്‍ അപേക്ഷ തയ്യാറാക്കി പത്ത് രൂപയുടെ കോര്‍ട്ട്ഫീ സ്റ്റാമ്പ് ഒട്ടിച്ച് നല്കാവുന്നതാണ്.

   From
                Mahesh Vijayan
                Attuvayil House
                SH Mount PO, Kottayam – 686006
                Mo: +91 93425 02698
                e-mail: i.mahesh.vijayan@gmail.com

     To
                Public Information Officer
                O/o Assistant Engineer
                Electrical Section
                Aymanam, Kottayam

Sir,

     വിഷയം: വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷ.
    സൂചന:(1) കരിപ്പൂത്തട്ട് - മാടശ്ശേരി പാലം ജംക്ഷന്‍ വടക്ക് ഭാഗം നിവാസികള്‍ ഗാന്ധിനഗര്‍, അസിസ്സന്റ്  എക്സിക്യുട്ടീവ്‌ എഞ്ചിനീയര്‍ക്ക് അഡ്രസ്സ് ചെയ്ത് 03.05.18 തീയതി രേഖപ്പെടുത്തി  താങ്കളുടെ ഓഫീസില്‍ നല്‍കിയ 44  ഉപഭോക്താക്കള്‍ ഒപ്പിട്ട പരാതി.
              (2) കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് നം 1/1 KSERC dtd 15-12-2015.

        സൂചനയിലെ പരാമര്‍ശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. വോള്‍ട്ടേജ് ക്ഷാമം സംബന്ധിച്ച് സൂചന ഒന്ന് പ്രകാരം പരാതി നല്‍കി  8 മാസം കഴിഞ്ഞിട്ടും ആയത് പരിഹരിക്കാന്‍ യാതൊരുവിധ നടപടികളും കെ.എസ്.ഇ.ബി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. പ്രദേശത്ത് വോള്‍ട്ടേജ് ക്ഷാമം അതിരൂക്ഷമായി ഇപ്പോഴും തുടരുന്നു. ആയതിനാല്‍, ടി പരാതിയിന്മേല്‍ കെ.എസ്.ഇ.ബി അധികൃതര്‍ നാളിതുവരെ സ്വീകരിച്ച എല്ലാവിധ മേല്‍നടപടികളുമായും ബന്ധപ്പെട്ട താഴെ പറയുന്ന വിവരം അഥവാ ടി വിവരം അടങ്ങിയ രേഖകളുടെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

1.  ടി പരാതിയുടെ ദിവസേനയുള്ള പുരോഗതി വ്യക്തമാക്കുന്ന രേഖകള്‍.

2.  ടി പരാതിയിന്മേല്‍ നാളിതുവരെ സ്വീകരിച്ച മേല്‍നടപടികള്‍ വ്യക്തമാക്കുന്ന രേഖകള്‍.
            a. ടി പ്രദേശത്ത ഉപഭോക്താക്കളുടെ വോള്‍ട്ടേജ് മെഷര്‍ ചെയ്തതിന്‍റെ രേഖകള്‍.
            b. ടി പരാതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്.

3. ടി പരാതി കൈകാര്യം ചെയ്ത ഫയലിന്റെ നമ്പര്‍
            a.  ഫയല്‍ കുറിപ്പുകള്‍ അടക്കം ടി ഫയലിലെ മുഴുവന്‍ പേജുകളുടേയും പകര്‍പ്പ്

4. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പ്രകാരം ടി പ്രദേശത്തെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി കെ.എസ്.ഇ.ബി നാളിതുവരെ സ്വീകരിച്ച മേല്‍നടപടികള്‍ വ്യക്തമാക്കുന്ന രേഖകള്‍.
      
5. ടി പ്രദേശത്തേക്ക് നിലവില്‍ വൈദ്യുതി നല്‍കാനുപയോഗിക്കുന്ന കെ.എസ്.ഇ.ബി വിതരണ ശൃംഖലയിലെ ഏറ്റവും അടുത്ത ട്രാന്‍സ്ഫോര്‍മറുമായി ബന്ധപ്പെട്ട താഴെ പറയുന്ന വിവരം ലഭ്യമാക്കുക.
            a. ടി ട്രാന്‍സ്ഫോര്‍മറിന്റെ കപ്പാസിറ്റി
            b. ടി ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച തീയതി, വര്‍ഷം
      c. ടി ട്രാന്‍സ്ഫോര്‍മറില്‍ നിന്നും നിലവില്‍ കണക്ഷന്‍ നല്കിയിരിക്കുന്ന മുഴുവന്‍ ഉപഭോക്താക്കളുടെയും പേരും കണ്‍സ്യൂമര്‍ നമ്പറും ഓരോ ഉപഭോക്താവിന്റേയും കണക്ടഡ് ലോഡും കണക്ഷന്‍ നല്‍കിയ തീയതിയും വ്യക്തമാക്കുക.
            d. ടി ട്രാന്‍സ്ഫോര്‍മറിലേക്ക് കണക്റ്റ് ചെയ്തിരിക്കുന്ന ആകെ ലോഡ്
            e. പരാതിക്കാരുടെ പ്രദേശത്ത് നിന്നും ടി ട്രാന്‍സ്ഫോര്‍മറിലേക്കുള്ള ദൂരം.

⦁    ഈ അപേക്ഷയ്ക്ക് മറുപടി നല്‍കുമ്പോള്‍, 30.03.2016-ല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് No.69503/Cdn.5/2015/GAD-ല്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ടതാണ്.

                                        എന്ന് വിശ്വസ്തതയോടെ                                       

                                                                                                        sd/-
കോട്ടയം                                                                           Mahesh Vijayan
27-12-2018                                                                       RTI & Legal Consultant
                                                                                          Aam Aadmi Party   


Enclosure(s):
1. ഉപഭോക്താക്കള്‍ നല്‍കിയ മാസ്സ് പരാതിയുടെ പകര്‍പ്പ്