(ശ്രീ ബൈജു എന്‍ നായരുടെ കാര്‍ വാങ്ങുമ്പോള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
ഒരു
സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാന്‍ തീരുമാനിച്ച ശേഷം ടെസ്റ്റ് ഡ്രൈവും
തൃപ്തികരമായാല്‍ ഇനി ശ്രദ്ധിക്കേണ്ട കാര്യം കാറിന്റെ രേഖകളാണ്.
മോഷണമുതലുകളും കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച കാറുകളുമെല്ലാം യൂഡ്‌സ്
കാറായി വില്‍പനയ്‌ക്കെത്തിയിരിക്കാം. വാങ്ങി കുറേക്കാലം
കഴിയുമ്പോഴായിരിക്കും കാര്‍ മോഷണമുതലാണെന്നു പറഞ്ഞ് പോലീസ് വന്ന്
തൊണ്ടിമുതലാക്കി കൊണ്ടുപോകുന്നത്. അതുകൊണ്ട് എല്ലാ രേഖകളും കൃത്യവും
യഥാര്‍ഥവുമാണെന്ന് ഉറപ്പാക്കണം. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ബുക്ക്
(ആര്‍സി ബുക്ക്), ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, പൊല്യൂഷന്‍ അണ്ടര്‍
കണ്‍ട്രോള്‍ (പിയുസി) സര്‍ട്ടിഫിക്കറ്റ്, റോഡ് ടാക്‌സ് സര്‍ട്ടിഫിക്കറ്റ്,
സര്‍വീസ് ബുക്ക് എന്നിവ പരിശോധിക്കുക.
ആര്‍സി ബുക്ക്
വാഹനത്തിന്റെ ജാതകക്കുറിപ്പാണിത്, ഏറ്റവും സുപ്രധാനമായ രേഖ.
രജിസ്‌ട്രേഷന്‍ നടന്ന തീയതി, കാലാവധി, ഉടമയുടെ പേരും മേല്‍വിലാസവും,
ബോഡി-ചേസിസ് നമ്പര്‍, മോഡല്‍ വിവരങ്ങള്‍, കാറിന്റെ നിറം എന്നിവയെല്ലാം
ഇതില്‍ രേഖപ്പെടുത്തിയിരിക്കും. ആര്‍സി ബുക്കിലെ ബോഡി-ചേസിസ് നമ്പറുകള്‍,
വാഹനത്തിന്റെതുമായി ഒത്തുനോക്കി വ്യത്യാസമില്ലെന്ന് ഉറപ്പുവരുത്തുക.
അതുപോലെ കാറിന്റെ മോഡലിന്റെ വേരിയന്റ് (ഉദാഹരണം; എല്‍എക്‌സ്‌ഐ,
വിഎക്‌സ്‌ഐ, ഇസഡ് എക്‌സ്‌ഐ) ഏതെന്നും ആര്‍സി ബുക്കില്‍
രേഖപ്പെടുത്തിയിട്ടുണ്ടാകും. എന്‍ട്രിലെവല്‍ മോഡലിനെ ഒരു സ്റ്റിക്കര്‍
പതിച്ച് ടോപ് എന്‍ഡ് മോഡലാക്കാന്‍ എളുപ്പമാണ്. അതുകൊണ്ട് ആര്‍സി
ബുക്കില്‍നിന്നും യഥാര്‍ഥ വേരിയന്റും മനസ്സിലാക്കണം.
വാഹനം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ പുതിയ ഉടമയുടെ പേരും
വിലാസവുംകൂടി ആര്‍സി ബുക്കില്‍ ഉണ്ടാകും. വാഹനത്തിനുവേണ്ടി ഏതെങ്കിലും
ബാങ്ക്-ധനകാര്യസ്ഥാപനത്തിന്റെ വായ്പ എടുത്തിട്ടുണ്ടെങ്കില്‍ അതും, വായ്പ
അവസാനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതും ആര്‍സി ബുക്കില്‍
രേഖപ്പെടുത്തിയിട്ടുണ്ടാകും.
ആര്‍സി ബുക്ക് വ്യാജമാണെന്ന് സംശയം തോന്നിയാല്‍ കാര്‍ രജിസ്റ്റര്‍
ചെയ്യാതെ ആര്‍ടി ഓഫീസുമായി ബന്ധപ്പെട്ട് നിജസ്ഥിതി മനസ്സിലാക്കണം. പതിനഞ്ചു
വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് റീരജിസ്‌ട്രേഷന്‍ വേണ്ടിവരുമെന്നും
ഓര്‍ക്കുക.
ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്
എല്ലാ മോട്ടോര്‍വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണമെന്ന്
നിയമം അനുശാസിക്കുന്നു. തേര്‍ഡ് പാര്‍ട്ടി, കോംപ്രിഹെന്‍സീവ് എന്നിങ്ങനെ
രണ്ടു തരമുണ്ട് മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ്.
തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് - നിങ്ങളുടെ വാഹനംമൂലം
മറ്റാളുകള്‍ക്ക് അപകടമോ, വസ്തുവകകള്‍ക്ക് നാശമോ ഉണ്ടായാല്‍ തേര്‍ഡ്
പാര്‍ട്ടി ഇന്‍ഷുറന്‍സിന്റെ പരിരക്ഷ ലഭിക്കും. തീപിടുത്തം, അപകടം, മോഷണം
എന്നിവമൂലം കാറിനുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് മോട്ടോര്‍ പോളിസി-എ അഥവാ
തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം ലഭിക്കില്ല. വാഹനത്തിന്റെ
എന്‍ജിന്‍ ഡിസ്‌പ്ലേസ്‌മെന്റിനും വാഹനത്തിന്റെ പഴക്കത്തിമനുസരിച്ച് ഇതിന്റെ
പ്രീമിയം തുക നിശ്ചയിക്കും.
കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സ് - തേര്‍ഡ് പാര്‍ട്ടി
ഇന്‍ഷുറന്‍സിനെക്കാള്‍ പലമടങ്ങ് കൂടുതലാണ് ഇതിന്റെ പ്രീമിയം. തേര്‍ഡ്
പാര്‍ട്ടി ഇന്‍ഷുറന്‍സും ഇതിന്റെ ഭാഗമാണ്. അഥവാ, കോംപ്രിഹെന്‍സീവ്
ഇന്‍ഷുറന്‍സ് എടുത്താല്‍ അതില്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും
അടങ്ങിയിട്ടുണ്ടെന്നര്‍ഥം. മോഷണം, അപകടം, തീപിടുത്തം, പ്രകൃതിക്ഷോഭം, കലാപം
തുടങ്ങിയവമൂലം കാറിനുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് കോംപ്രിഹെന്‍സീവ്
ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നു. കാറിന്റെ വിപണി വില, മോഡല്‍, വര്‍ഷം,
ഇപ്പോള്‍ പ്രൊഡക്ഷനുള്ള കാറാണോ തുടങ്ങിയ പല കാര്യങ്ങള്‍ നോക്കിയാണ്
കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സ് പ്രീമിയം നിശ്ചയിക്കുന്നത്.
ഒരു വര്‍ഷത്തേക്കാണ് സാധാരണയായി ഇന്‍ഷുറന്‍സ് അടയ്ക്കുന്നത്.
വാങ്ങാന്‍ ഉദ്ദേശിക്കുന്ന കാറിന്റെ ഇന്‍ഷുറന്‍സ് കാലാവധി
തീരാറായിട്ടുണ്ടെങ്കില്‍ അതു പുതുക്കാനുള്ള ബാധ്യത ഉടനടി നിങ്ങളില്‍
വന്നുചേരും എന്നോര്‍ക്കുക.
അപകടങ്ങള്‍ സംഭവിച്ച്, നഷ്ടപരിഹാരമൊന്നും കഴിഞ്ഞ ഒരു
വര്‍ഷത്തിനുള്ളില്‍ ക്ലെയിം ചെയ്തിട്ടില്ലെങ്കില്‍ പ്രീമിയം തുകയുടെ 15
ശതമാനം അടുത്ത തവണ ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ കുറച്ചടച്ചാല്‍ മതി.
എന്നാല്‍, ഇപ്പോഴത്തെ ഉടമയ്ക്ക് വേണമെങ്കില്‍ ആ ബോണസ്സ്, താന്‍ അടുത്തതായി
വാങ്ങാന്‍ പോകുന്ന കാറിന്റെ ഇന്‍ഷുറന്‍സ് പ്രീമിയത്തിലേക്ക് ട്രാന്‍സ്ഫര്‍
ചെയ്യാം. അങ്ങനെ വരുമ്പോള്‍ നിങ്ങള്‍ക്ക് ആ 15 ശതമാനത്തിന്റെ ആനുകൂല്യം
ലഭിക്കില്ല. മുഴുവന്‍ പ്രീമിയം തുകയും അടച്ച് ഇന്‍ഷുറന്‍സ്
പുതുക്കേണ്ടിവരും.
റോഡ് ടാക്‌സ് സര്‍ട്ടിഫിക്കറ്റ്
1998 മുതല്‍ ഒറ്റത്തവണ റോഡ് ടാക്‌സാണ് സ്വകാര്യ വാഹനങ്ങള്‍ക്ക്
ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പതിനഞ്ചു വര്‍ഷത്തേക്കുള്ളതാണ്. ടാക്‌സ്
ടോക്കണ്‍ കൃത്യമായി പരിശോധിച്ച് അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
സര്‍വീസ് ബുക്ക്
ആധുനിക കാറുകളെല്ലാതന്നെ അതത് കമ്പനികളുടെ സര്‍വീസ് സെന്ററുകളിലാണ്
സര്‍വീസ് ചെയ്യിക്കാറ്. ഓരോ 5000 കിലോമീറ്റര്‍ ഓടിക്കുമ്പോഴും സര്‍വീസ്
ചെയ്യിക്കുകയാണ് പതിവ്. കാറിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന ഓണേഴ്‌സ്
മാനുവല്‍ അഥവാ സര്‍വീസ് ബുക്കില്‍ 50000 കിലോമീറ്റര്‍ വരെയെങ്കിലുമുള്ള
സര്‍വീസുകള്‍ രേഖപ്പെടുത്താറുണ്ട്. ഇത് പരിശോധിച്ചാല്‍ സര്‍വീസ്
കാലാവധികള്‍ വ്യക്തമായി മനസ്സിലാക്കാം.
കുടാതെ അംഗീകൃത സര്‍വീസ്
സെന്ററുകളിലെല്ലാം കമ്പ്യൂട്ടറുകളില്‍ കാറിന്റെ സര്‍വീസ് ഹിസ്റ്ററി
സൂക്ഷിച്ചിട്ടുണ്ടാകും. കാര്‍ ഏത് സര്‍വീസ് സെന്ററിലാണ് സ്ഥിരമായി സര്‍വീസ്
ചെയ്യുന്നതെന്നറിഞ്ഞാല്‍ അവിടവുമായി ബന്ധപ്പെട്ട് കാറിന്റെ രജിസ്‌ട്രേഷന്‍
നമ്പര്‍ പറഞ്ഞാല്‍ അവര്‍ സര്‍വീസ് ഹിസ്റ്ററി നോക്കി വിശദവിവരങ്ങള്‍
പറഞ്ഞുതരികയും ചെയ്യും. അങ്ങനെ കാറിന്റെ ഭുതകാലം അറിയാന്‍ കഴിയും.
Source: http://www.mathrubhumi.com/auto/tips/checklist-of-documents-for-buying-a-used-car-1.2622132