Sunday, 26 June 2016

ബില്‍ഡിംഗ് പെര്‍മിറ്റിനും അനുബന്ധ രേഖകള്‍ക്കുമായുള്ള വിവരാവകാശ അപേക്ഷ

ഗരസഭാ പരിധിയില്‍ നിര്‍മ്മിക്കുന്ന വ്യാപാര സമുച്ചയങ്ങളുടെ ബില്‍ഡിംഗ് പെര്‍മിറ്റിനും അനുബന്ധ രേഖകള്‍ക്കുമായുള്ള സാമ്പിള്‍ വിവരാവകാശ അപേക്ഷ. ചെറിയ മാറ്റത്തോടെ നഗരസഭാ/പഞ്ചായത്ത് പരിധിയിലുള്ള എല്ലാത്തരം കെട്ടിടങ്ങളുടേയും ബില്‍ഡിംഗ് പെര്‍മിറ്റിനായി ഇതേ അപേക്ഷ പ്രയോജനപ്പെടുത്താം.

അപേക്ഷകന്റെ പേരും വിലാസവും

സ്വീകര്‍ത്താവ്
           സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
            (നഗരസഭയുടെ വിലാസം)
സര്‍,

വിഷയം:-  ബില്‍ഡിംഗ് പെര്‍മിറ്റിനും അനുബന്ധ രേഖകള്‍ക്കുമായുള്ള വിവരാവകാശ അപേക്ഷ

    നഗരത്തിലെ  .............റോഡില്‍ ............സര്‍വ്വേ നമ്പരില്‍ .................ഉടമസ്ഥയിലുള്ള കെട്ടിടവുമായി ബന്ധപ്പെട്ട താഴെ പറയുന്ന രേഖകളുടേയും വിവരങ്ങളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ വിവരാവാകാശ നിയമപ്രകാരം നല്കണമെന്നപേക്ഷിക്കുന്നു.

1.  നഗരസഭാ പരിധിയില്‍ വ്യാപാര സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിന് അനുവാദം ലഭിക്കാന്‍ അപേക്ഷകന്‍ ഏതെല്ലാം രേഖകളാണ് സമര്‍പ്പിക്കേണ്ടതെന്നും എന്തെല്ലാം നടപടികളാണ് സ്വീകരിക്കേണ്ടതെന്നും നിഷ്കര്‍ഷിക്കുന്ന ബന്ധപ്പെട്ട നിയമത്തിന്‍റെ/ചട്ടത്തിന്റെ/സര്‍ക്കാര്‍ ഉത്തരവിന്‍റെ/മാര്‍ഗ നിര്‍ദ്ദേശത്തിന്റെ/കൗണ്‍സില്‍ തീരുമാനത്തിന്‍റെ പകര്‍പ്പ്.

2. ടി കെട്ടിട/വസ്തു ഉടമ ബില്‍ഡിംഗ് പെര്‍മിറ്റിനായി നഗരസഭയില്‍ സമര്‍പ്പിച്ച അപേക്ഷ കൈകാര്യം ചെയ്ത ഫയല്‍ നമ്പര്‍.
    a.  ടി അപേക്ഷയുടേയും മുഴുവന്‍  അനുബന്ധ രേഖകളുടേയും പകര്‍പ്പ്

3  ടി അപേക്ഷയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളുടേയും റിപ്പോര്‍ട്ടുകളുടെയും പകര്‍പ്പ് ഫയല്‍കുറിപ്പുകള്‍ സഹിതം.
     a.  ടി കെട്ടിടത്തിന് പെര്‍മിറ്റ്‌ നല്കുന്നതുമായി ബന്ധപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരുടേയും പേര്, പദവി,  ഔദ്യോഗിക മേല്‍വിലാസം
  
4. ടി അപേക്ഷയുടെ അടിസ്ഥാനത്തില്‍ നഗരസഭ നല്‍കിയ താല്ക്കാലിക/സ്ഥിര ബില്‍ഡിംഗ് പെര്‍മിറ്റിന്‍റെ പകര്‍പ്പ്

5. ടി അപേക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഫയലിന്റെയും  മുഴുവന്‍ പേജുകളുടേയും പകര്‍പ്പ് ,  കുറിപ്പ് ഫയലടക്കം.

6. കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ചാണ് ടി കെട്ടിടം നിര്‍മ്മിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ............തീയതിയില്‍ ..................നല്കിയ പരാതിയില്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്താണെന്ന് വ്യക്തമാക്കുന്ന രേഖകളുടേയും അന്വേഷണ റിപ്പോര്‍ട്ടുകളുടേയും  ഉത്തരവിന്റെയും പകര്‍പ്പുകള്‍ ഫയല്‍കുറിപ്പുകള്‍ സഹിതം.

          എല്ലാ രേഖകളും സാക്ഷ്യപ്പെടുത്തി നല്‍കേണ്ടതാണ്.

തീയതി:                                                                             ഒപ്പ്
                                                                                          അപേക്ഷകന്റെ പേര്

Note: 1. കെട്ടിടം തിരിച്ചറിയുന്നതിന് ആവശ്യമായ വിവരങ്ങള്‍ അപേക്ഷയില്‍ ബോധിപ്പിച്ചിരിക്കേണ്ടതാണ്
               2. ഫീസിനത്തില്‍ പത്ത് രൂപയുടെ കോര്‍ട്ട്ഫീ സ്റ്റാമ്പ് അപേക്ഷയില്‍ പതിച്ചിരിക്കണം.

വിവരാവകാശ അപേക്ഷ നല്കി ഖജനാവ് കൊള്ളയടിക്കുമോ എന്ന് ഭയപ്പെടുന്ന പി.ഐ.ഒ


'വിവരാവകാശ അപേക്ഷ നല്കി പട്ടാപ്പകല്‍ ഖജനാവ് കൊള്ളയടിക്കുമോ' എന്ന് ഭയപ്പെടുന്ന പാലാ ജില്ലാ ട്രെഷറിയിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ കുറിച്ചാണിത്. സംഗതി അടുത്തിടെ നടന്ന സംഭവമാണ്. പാലാ ജില്ലാ ട്രെഷറിയില്‍ ജീവനക്കാര്‍ വൈകി വരുന്നതും സമയത്ത് ഓഫീസില്‍ ഇല്ലാത്തതും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ വരുന്നതും പോകുന്നതുമായ പ്രവൃത്തികള്‍ നിരീക്ഷിക്കണമെന്നും ജീവനക്കാരുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകളും ആവശ്യപ്പെട്ട് ശ്രീ ഷഹാസ് ഫാസില്‍ വിവരാവകാശ അപേക്ഷ നല്കിയത്. 

       ഈ അപേക്ഷയ്ക്കുള്ള മറുപടിയിലാണ്, സര്‍ക്കാര്‍ ഖജനാവ്, സര്‍ക്കാരിന്‍റെ സ്വത്തും രേഖകളും സൂക്ഷിക്കുന്ന ഇടമായതിനാല്‍ വിവരം ലഭിക്കുന്നതിനായി കൃത്യമായ ഉദ്ദേശം വ്യക്തമാക്കി സര്‍ക്കാരിന് അപേക്ഷ നല്‍കണമെന്ന് കാണിച്ച് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മറുപടി നല്കിയിട്ടുള്ളത്. അതായത്, നിയമപ്രകാരം വിവരാവകാശ അപേക്ഷ നല്കി അപേക്ഷകന്‍ ട്രെഷറി കൊള്ളയടിക്കുമോ എന്ന് അദ്ദേഹം ഭയപ്പെടുന്നു എന്നര്‍ത്ഥം. ദോഷം പറയരുതല്ലോ, അപേക്ഷകന്‍ കഴിഞ്ഞ മന്ത്രിസഭയിലെ ഏതെങ്കിലും അംഗമാണെന്ന് PIO തെറ്റിദ്ധരിച്ചതാകാനും വഴിയുണ്ട്. അല്ലെങ്കില്‍ പിന്നെ പാലായില്‍ തന്നെ ഇത്തരമൊരു അപേക്ഷ നല്കാന്‍, പാലാ ഖജനാവില്‍ പണമുണ്ടെന്ന് അറിയാവുന്ന ഒരാള്‍ ആയിരിക്കണമല്ലോ അപേക്ഷകന്‍. വിവരാവകാശ അപേക്ഷ നല്‍കി സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കാന്‍ ശ്രമമെന്ന് പറഞ്ഞ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പരാതി നല്കാതിരുന്നത് അപേക്ഷകന്‍റെ ഭാഗ്യം. ബഹു: ധനമന്ത്രി തോമസ്‌ ഐസക്കിന്റെ ശ്രദ്ധയ്ക്ക്. ഖജനാവില്‍ പണമില്ല എന്ന് താങ്കള്‍ വെറുതെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഉള്ള പണമെല്ലാം മുന്‍ധനമന്ത്രിയുടെ സ്വന്തം പാലാ ട്രെഷറിയിലാണ്.

ഇനിയുമുണ്ട് മറുപടിയിലെ വിശേഷങ്ങള്‍. ജീവനക്കാരുമായി ബന്ധപ്പെട്ട രജിസ്റ്ററുകളുടെ പകര്‍പ്പ്, ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍, കുടുംബ വിവരങ്ങള്‍ എന്നിവ കൂടി ഉള്‍പ്പെടുന്നതിനാല്‍ നല്‍കാനാവില്ല എന്നും PIO അറിയിക്കുന്നു. ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ എഴുതി ചേര്‍ക്കാന്‍, പാലാ ട്രെഷറി അവരുടെ കുടുംബ സ്വത്താണോ എന്നൊന്നും ആരും ചോദിക്കരുത്. വിവരാവകാശ നിയമത്തിന്‍റെ സെക്ഷന്‍ 4 പ്രകാരം എല്ലാ സര്‍ക്കാര്‍ ഓഫീസുകളും സ്വമേധയാ ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തേണ്ട വിവരങ്ങളാണ് ഒരു ഓഫീസിലെ ഉദ്യോഗസ്ഥന്മാരുടേയും ജീവനക്കാരുടേയും അധികാരങ്ങളും കര്‍ത്തവ്യങ്ങളും. ഇത് സംബന്ധിച്ച രേഖകളുടെ പകര്‍പ്പിന് 600/- രൂപ -അറുനൂറ് മാത്രം- അടയ്ക്കണമെന്നാണ് PIO-യുടെ മറ്റൊരു ആവശ്യം.
       വിവരം നിഷേധിക്കുമ്പോള്‍ അതിന്‍റെ കാരണവും ബന്ധപ്പെട്ട സെക്ഷനും നിര്‍ബന്ധമായും വ്യക്തമാക്കണമെന്ന് നിയമം അനുശാസിക്കുന്നു. എന്നാലിതൊന്നും പാലാ ട്രെഷറിക്ക് ബാധകമല്ല, എന്നാണ് അറിയുന്നത്. എന്തായാലും, പാലാ ജില്ലാ ട്രെഷറിയിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ പേരും സ്ഥാനപ്പേരും അറിയാവുന്നവര്‍ പറഞ്ഞ് തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു; അദ്ദേഹത്തിന് ഒരു അവാര്‍ഡ് നല്‍കുന്നതിനാണ്.

       പല ദിവസങ്ങള്‍ കയറിയിറങ്ങി നടന്നിട്ടും കുറഞ്ഞ തുകയുടെ മുദ്രപത്രങ്ങള്‍ ഒരൊറ്റ വെണ്ടറുടെ അടുത്ത് നിന്ന് പോലും ലഭിക്കാതെ വരികയും തുടര്‍ന്ന്‍ 100 രൂപയുടെ പത്രത്തിനു പകരം 500 രൂപയുടെ പത്രം മേടിക്കേണ്ടി വന്നതിനെ കുറിച്ച് പരാതിപ്പെടാനാണ് ഒരു ദിവസം രാവിലെ 10:30-യ്ക്ക് ശേഷം ശ്രീ ഷഹാസ് പാലാ ട്രെഷറിയില്‍ എത്തിയത് എന്നും അവിടെ അപ്പോള്‍ ഒഴിഞ്ഞ കസേരകള്‍ മാത്രമേ കണ്ടുള്ളൂ. അതാണു ഈ വിവരാവകാശ അപേക്ഷ നല്കാനുണ്ടായ സാഹചര്യം എന്ന് ഷഹാസ് പറഞ്ഞു. കുറഞ്ഞ വിലയ്ക്കുള്ള മുദ്രപത്രങ്ങള്‍ പലയിടത്തും ലഭിക്കുന്നില്ല എന്ന് പരാതിയും വ്യാപകമാണ്.

വാല്‍ക്കഷണം: മറുപടി വായിച്ച് ഞെട്ടിയ  വിവരാവകാശ അപേക്ഷകന്‍ പനി പിടിച്ച് കിടപ്പിലാണെന്ന് കേള്‍ക്കുന്നു.

ശ്രീ ഷഹാസ് നല്കിയ വിവരാവകാശ അപേക്ഷയിലെ ചോദ്യങ്ങളും ലഭിച്ച മറുപടിയും ചുവടെ ചേര്‍ക്കുന്നു.

From
    Shahaas Fazil
    Valiyakunnath House
    Palampra PO
    26th Mile, Koovappally (via)
    Kottayam - 686518
To
    State Public Information Officer
    District Treasury,
    Mini Civil Station, Pala,
    Kerala - 686575
   
Sir,
         വിഷയം: ജീവനക്കാരുമായി ബന്ധപ്പെട്ട വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ.

          താങ്കളുടെ ഓഫീസിലെ ജീവനക്കാരുമായി ബന്ധപ്പെട്ട, സെക്ഷന്‍ 2(f) അനുസരിച്ചുള്ള
താഴെ പറയുന്ന വിവരം വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കുക.

1. ഉദ്യോഗസ്ഥന്മാരുടേയും ജീവനക്കാരുടേയും അധികാരങ്ങളും കര്‍ത്തവ്യങ്ങളും വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പ്.

2. ആഫീസര്‍മാരുടേയും ജീവനക്കാരുടേയും ഡയറക്റ്ററി.

3. ആഫീസര്‍മാരുടേയും ജീവനക്കാരുടേയും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും ഓരോരുത്തരും വാങ്ങുന്ന പ്രതിമാസ വേതനവും.

4. ജീവനക്കാരുമായി ബന്ധപ്പെട്ട് മെയിന്റെയിന്‍ ചെയ്യേണ്ട എല്ലാവിധ രജിസ്റ്ററുകളുടേയും പേര് വിവരങ്ങള്‍.
    a. ടി എല്ലാ രജിസ്റ്ററുകളും നേരില്‍ പരിശോധിക്കുന്നതിനും ആവശ്യമായവയുടെ പകര്‍പ്പ് എടുക്കുന്നതിനും അവസരം തരേണ്ടതാണ്.

5. താങ്കളുടെ ഓഫീസില്‍ രാവിലെ ജീവനക്കാര്‍ ഹാജരാകുന്നത് മുതല്‍ ഓഫീസ് പിരിയുന്നത് വരെയുള്ള പ്രവൃത്തികള്‍ നിരീക്ഷിക്കുന്നതിന് അവസരം തരേണ്ടതാണ്.

6. താങ്കളുടെ ഓഫീസില്‍ രാവിലെ ജീവനക്കാര്‍ ഹാജരാകുന്നത് മുതല്‍ ഓഫീസ് പിരിയുന്നത് വരെയുള്ള പ്രവൃത്തികള്‍ സ്വന്തം ചിലവില്‍ വീഡിയോ/ഫോട്ടോ എടുക്കുന്നതിനുള്ള അവസരം തരേണ്ടതാണ്.

7. ജീവനക്കാര്‍ക്കെതിരെ 2015 ജനുവരി ഒന്നിന് ശേഷം പൊതുജനങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ള പരാതികളുടെ എണ്ണം.
    a. ടി പരാതികളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
    b. ടി പരാതി കൈകാര്യം ചെയ്ത എല്ലാ ഫയലുകളും നേരില്‍ പരിശോധിക്കുന്നതിനും ആവശ്യമായവയുടെ പകര്‍പ്പ് എടുക്കുന്നതിനും അവസരം തരേണ്ടതാണ്.

8. ജീവനക്കാരുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ രൂപത്തിലുള്ളത് ഉള്‍പ്പടെയുള്ള എല്ലാ വിവരവും നേരില്‍ പരിശോധിക്കുന്നതിനും ആവശ്യമായവയുടെ പകര്‍പ്പ് എടുക്കുന്നതിനും അവസരം തരേണ്ടതാണ്.                        

9. 2015 ജനുവരി ഒന്നിന് ശേഷം ഏതൊക്കെ ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നതിന്റെ വിശദാംശങ്ങള്‍.

10. ഈ അപേക്ഷയ്ക്കുള്ള മറുപടിയുമായി ബന്ധപ്പെട്ട ഒന്നാം അപ്പീല്‍ അധികാരിയുടെ പേര്, വിലാസം, ഒഫിഷ്യല്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം         
                                                                                                               
                            
                                             

Friday, 24 June 2016

പരാതിയുടെ പകര്‍പ്പ് പോലീസ് എതിര്‍കക്ഷിക്ക് നല്‍കണം - മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

      രാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി പോലീസ് വിളിപ്പിക്കുമ്പോള്‍ പരാതിയുടെ പകര്‍പ്പ് /സംഗ്രഹം നിര്‍ബന്ധമായും എതിര്‍കക്ഷിക്ക് നല്‍കണമെന്ന മനുഷ്യവകാശ കമ്മീഷന്റെ 2014-ലെ ഉത്തരവ്. (Order No:5999/2014) ഭൂരിഭാഗം പേര്‍ക്കും ഇതേക്കുറിച്ച് അറിവില്ലാത്തിനാല്‍ ഉത്തരവിന്റെ പ്രയോജനം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നില്ല.. പരാതിയുടെ പകര്‍പ്പ് എതിര്‍കക്ഷിക്ക് നല്‍കിയാല്‍ മാത്രമേ സ്വാഭാവിക നീതി ഉറപ്പാക്കാനാകൂ. വ്യക്തിവൈരാഗ്യത്തിന്റെ പേരിലും മറ്റും നല്കുന്ന കള്ളക്കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ ഉത്തരവ് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ ശ്രീ ജോസ് പ്രകാശ് നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് ജെ.ബി കോശി സുപ്രധാനമായ ഈ ഉത്തരവിട്ടത്. അത് പോലെ തന്നെ, പോലീസില്‍ പരാതി നല്കുമ്പോള്‍ നിര്‍ബന്ധമായും രസീത് വാങ്ങാന്‍ പരാതിക്കാരും ശ്രദ്ധിക്കുക.


ശ്രീ ജോസ് പ്രകാശ് നല്‍കിയ പരാതിയുടെ പകര്‍പ്പ് ചുവടെ.



Thursday, 23 June 2016

വിവരാവകാശ മറുപടിയുടെ ഫോര്‍മാറ്റ്

              വിവരാവകാശ അപേക്ഷകള്‍ക്ക് നല്കുന്ന മറുപടിയില്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളെ കുറിച്ച് 30.03.2016-ല്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് എല്ലാ വിവരാവകാശ മറുപടിയിലും  നിര്‍ബന്ധമായും താഴെ പറയുന്ന വിവരങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണ്.

1. അപേക്ഷയുടെ നമ്പര്‍,  പൊതുഅധികാരിയുടെ ഓഫീസില്‍ അപേക്ഷ ലഭിച്ച തീയതി.
2. ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ (SPIO) പേര്, സ്ഥാനപ്പേര്, ഔദ്യോഗിക ഫോണ്‍നമ്പര്‍, ഇമെയില്‍ അഡ്രസ്സ്.
3. വിവരം നിഷേധിക്കുന്നപക്ഷം  നിഷേധിക്കാനുള്ള കാരണവും വിവരാവകാശ നിയമത്തിലെ ബന്ധപ്പെട്ട സെക്ഷനും നിര്‍ബന്ധമായും വ്യക്തമാക്കേണ്ടതാണ്.
4. ആവശ്യപ്പെട്ട വിവരം മറ്റേതെങ്കിലും പൊതുഅധികാരിയോട് ബന്ധപ്പെട്ടതാണെങ്കില്‍  സെക്ഷന്‍ 6(3) അനുസരിച്ച് അപേക്ഷ കൈമാറി, കൈമാറിയ പൊതുഅധികാരിയുടെ വിശദാംശങ്ങള്‍ അപേക്ഷകനെ അറിയിക്കേണ്ടതാണ്.

അവസാന പാരഗ്രാഫില്‍ താഴെ പറയുന്ന വിവരം വ്യക്തമായും നിര്‍ബന്ധമായും ഉണ്ടായിരിക്കണം:-
5. മറുപടി തൃപ്തികരമല്ലെങ്കില്‍ മറുപടി ലഭിച്ച് മുപ്പത് ദിവസത്തിനകം ഒന്നാം അപ്പീല്‍ ഫയല്‍ ചെയ്യേണ്ടതാണ്.
6. ഒന്നാം അപ്പീല്‍ അധികാരിയുടെ പേര്, സ്ഥാനപ്പേര്, വിലാസം, ഔദ്യോഗിക ഫോണ്‍നമ്പര്‍, ഇമെയില്‍ അഡ്രസ്സ്.

     അപേക്ഷകന്‍ ആവശ്യപ്പെട്ട പ്രകാരം രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്  നല്കുമ്പോള്‍ 'True Copy of the document' എന്നോ 'വിവരാവകാശ നിയമപ്രകാരം നല്‍കുന്നത്' എന്നോ സാക്ഷ്യപ്പെടുത്തി ഒപ്പിട്ട്,  തീയതി രേഖപ്പെടുത്തി PIO-യുടേയും ഓഫീസിന്‍റെ പേരുള്ള സീല്‍ സഹിതം നല്‍കേണ്ടതാണ്. നിരവധി രേഖകള്‍ സാക്ഷ്യപ്പെടുത്തി നല്‍കേണ്ടതുണ്ടെങ്കില്‍ സാക്ഷ്യപ്പെടുത്തുന്നതിനായി ജൂനിയറായ മറ്റ് ഗസറ്റഡ് ഓഫീസറുടെ സഹായം തേടാവുന്നതാണ്.

ഉത്തരവ് നമ്പര്‍: No.69503/Cdn.5/2015/GAD
പൂര്‍ണമായ ഉത്തരവിന്  ഇമേജില്‍ ക്ലിക്ക് ചെയ്യുക.

Saturday, 18 June 2016